Latest NewsNewsWomenLife Style

പ്രശ്നം എന്താണെന്ന് പറയാതെ അവൾ എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു, സങ്കീർണ്ണമായ അവസ്ഥയെക്കുറിച്ചു കുറിപ്പ്

പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസിലായി എന്തോ പ്രശ്നം ഉണ്ട്.

lപ്രസവാനന്തരം ഒരു സ്ത്രീകളും കടന്നു പോകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചു തുറന്നെഴുകയാണ് ജോസ്‌മോന്‍ വാഴയില്‍. തന്റെ കുഞ്ഞിന് ജൻമം നൽകിയ സമയം തന്റെ ഭാര്യകടന്നു പോയ സങ്കീര്‍ണമായ വിഷാദാവസ്ഥയെക്കുറിച്ചു ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചത്.

കുറിപ്പ്

ആദ്യത്തെ കുട്ടി ഉണ്ടായതിൻ്റെ ആ ഒരു സന്തോഷത്തിലും ഗമയിലും നടക്കുന്ന ദിവസങ്ങളിൽ ഒരു ദിവസം ഞാൻ ഓഫീസിൽ ആയിരിക്കുമ്പോൾ പതിവുപോലെ ഭാര്യയുടെ ഫോൺ വരുന്നു…! വീട്ടിലെ പുതിയ മെമ്പറെക്കുറിച്ച് കേൾക്കാൻ രസമുള്ളതായ കാര്യങ്ങൾ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഇത്തിരി പതിഞ്ഞതും, കരഞ്ഞ് കലങ്ങിയ ശബ്ദത്തിലുമുള്ള വാക്കുകൾ ആയിരുന്നു.
“ഹലോ, എന്ത് പറ്റിയെടീ…!!?‘
“നിങ്ങൾ എവിടെയാ…?!“

read also:6 വിഭാഗക്കാർക്ക് പൗരത്വം നൽകും; സുപ്രധാന പ്രഖ്യാപനവുമായി യു.എ.ഇ

“ഞാൻ ഓഫീസിൽ, അല്ലാതെവിടെ പോകാൻ…?“
“എങ്കിൽ ഇപ്പോ വീട്ടിൽ വരണം….!“
“ഇപ്പഴോ…? എന്ത് പറ്റി…? കാര്യം പറ..!!“
“നിങ്ങൾക്ക് വരാൻ പറ്റുവോ ഇല്ലയോ…!?
“എടീ മോളേ, നീയെന്താ പ്രശ്നം എന്ന് പറ…!!“
“എനിക്ക് വയ്യ ഇവിടെ…!! എനിക്ക് ഭ്രാന്ത് പിടിക്കുന്നു..!“
“എടീ, എന്താ പ്രശ്നം എന്ന് പറ…!“
എൻ്റെ സ്വരവും കനത്തു ഇത്തിരി, കാരണം പറയാത്തത്കൊണ്ട് തന്നെ…
“നിങ്ങൾക്ക് വരാൻ പറ്റില്ലെങ്കിൽ അത് പറ…!! ഇനി നിങ്ങൾ ഇങ്ങോട്ട് വരണ്ടാ…!!“
ഫോൺ കട്ട്… പിന്നെ ഞാൻ വിളിച്ചിട്ട് എടുക്കുന്നുമില്ല…!! അവസാനം ഞാൻ ടാക്സി പിടിച്ച് വീട്ടിൽ പോയി…!!

ബെൽ അടിച്ച്, വാതിൽ തുറന്നപ്പോ… അവൾ എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു…!! എന്താണ് പ്രശ്നം എന്ന് അപ്പോഴും പറയുന്നില്ലാ…!! കുറെ ചോദിച്ചപ്പോൾ പറഞ്ഞത്, അവൾക്ക് കുഞ്ഞിനെ ശെരിക്ക് നോക്കാൻ സാധിക്കുന്നില്ല എന്ന തോന്നലാണെന്നാണ്…!! അത് സാരമില്ല… നീ നന്നായിട്ട് തന്നെ ആണ് നോക്കുന്നത് എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു ശാന്തമാക്കി… അത് കഴിഞ്ഞു…!!

എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസിലായി എന്തോ പ്രശ്നം ഉണ്ട്. തികച്ചും ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടന്ന് റിയാക്റ്റ് ചെയ്യുകയും വല്ലാണ്ട് ദേഷ്യപ്പെടുകയും ചെയ്യുന്നു…! എനിക്ക് ഒന്നും മനസിലാവുന്നില്ല. എന്താണിവളുടെ പ്രശ്നം…? കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ കുഞ്ഞ് എന്നാവും എന്ന് ചിന്തിച്ച് ടെൻഷൻ അടിച്ചിരുന്ന ആൾ ഇപ്പോൾ സന്തോഷിക്കേണ്ട സമയമല്ലേ…?

കാര്യമറിയാതെ ഞങ്ങൾ ആ നാളുകളിൽ പല തവണ പല രീതിയിൽ തല്ല് കൂടി. ഈ ബന്ധം ഇങ്ങനെ മുന്നോട്ട് പോകുമോ? പോയിട്ടെന്ത് കിട്ടാൻ എന്നൊക്കെ രണ്ട് പേരുടേയും മനസിൽ ഒരുപാട് തവണ ചിന്തിച്ച സമയം..!! എനിക്കാവും വിധം എൻ്റെ എല്ലാ ക്ഷമയുടെ പാഠങ്ങളും ഉപയോഗിച്ചാണ് ആ നാളുകൾ കടന്ന് പോയത്….!!

എന്ത് ചെയ്യാൻ, അറിവില്ലായ്മയുടെ ആൺരൂപമായി ഞാനും, തൻ്റെ പ്രശ്നമെന്തെന്ന് മനസിലാക്കാൻ ആവാത്തതിൻ്റെ കൂടി വേവലാതിയും പേറി നടന്ന ഭാര്യയും….! ഒരു രക്ഷയുമില്ലാ എന്ന് തോന്നിയ നേരത്ത് അവസാനം ഞാൻ അവളുടെ മമ്മിയെ വിളിച്ച് കാര്യങ്ങളുടെ ഒരു കിടപ്പ് വശം പറഞ്ഞു…!! ഇത് നോർമ്മൽ ആണെടാ എന്ന് തുടങ്ങി, മമ്മിയാണ് അതിലെ കാര്യങ്ങൾ പറഞ്ഞ് തരുന്നത് അന്ന്…!!
പ്രസവാനന്തരവിഷാദം അഥവാ Postpartum Depression:

സത്യം പറഞ്ഞാൽ തികച്ചും വിശ്വാസയോഗ്യമല്ലാത്ത കെട്ടുകഥ പോലെയാണ് മമ്മി അന്നെനിക്ക് പറഞ്ഞ് തന്ന കാര്യങ്ങൾ ഞാൻ കേട്ടത്…!! എന്നാൽ പതിയെ പതിയെ പല വായനകളിൽ നിന്നും സംസാരങ്ങളിൽ നിന്നും സംഭവം ഉള്ളതാണെന്ന് മനസിലായി…!!
പ്രസവത്തിന് ശേഷം ഉണ്ടാവുന്ന ഹോർമോണൽ മാറ്റങ്ങളാണ് പുതു-അമ്മയിൽ ഈ അവസ്ഥ ഉണ്ടാക്കുന്നത്. ഒരു കുഞ്ഞിനു ജന്മം കൊടുത്തതിൻ്റെ പശ്ചാത്തലത്തിൽ അവളിൽ ശാരീരികമായ മാറ്റങ്ങൾ ഉണ്ടാവുന്നതിനൊപ്പം, മാനസികമായ ഒരുപാട് മാറ്റങ്ങളും ഈ ഹോർമോണൽ ചേഞ്ചസിൻ്റെ ഭാഗമായി ഉണ്ടാവുന്നു. ഈ ഒരു അവസ്ഥ പലർക്കും പല രീതിയിൽ ആണ് കാണപ്പെടുന്നത്. ചിലരിൽ പ്രസവാനന്തര-ആദ്യദിനങ്ങളിൽ ഉണ്ടാവുകയും, രണ്ട് മൂന്ന് ആഴ്ച്ചകളിൽ അത് ശെരിയാവുകയും ചെയ്യുന്നു. ചിലരിൽ അത് രണ്ട് മൂന്ന് ആഴ്ച്ചകൾക്ക് ശേഷം ഈ മാറ്റം തുടങ്ങുകയും കുറച്ച് നാൾ തുടരുകയും ചെയ്യുന്നു. എൻ്റെ നല്ലപാതിയും ഈ അവസ്ഥയിലൂടെ ആയിരുന്നു കടന്ന് പോയിക്കൊണ്ടിരുന്നത്. എന്ത് ചെയ്യാൻ, എനിക്കോ അവൾക്കോ അത് മനസിലാവുന്നില്ലായിരുന്നു എന്നതായിരുന്നു പ്രധാന പ്രശ്നം…!! ക്ലിയർ അറിവില്ലായ്മ.

ഈ പ്രസവാനന്തരവിഷാദം ചിലപ്പോൾ വലിയ മാനസിക ബുദ്ധിമുട്ടുകളിലേക്ക് ഒക്കെ നവ-അമ്മയെ കൊണ്ടുചെന്നെത്തിക്കുകയും, ഒരുപാട് ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്ത കഥകൾ ഉണ്ട്.

എന്തായാലും എൻ്റെ ജീവിതത്തിൽ തുടർന്നുള്ള ദിനങ്ങളിൽ ഞാൻ ഭാര്യ Rittyയോട് ഈ കാര്യങ്ങൾ ചർച്ച ചെയ്യുകയും, കൂടുതൽ സ്നേഹത്തോടെയും ക്ഷമയോടെയും അവളെ മനസിലാക്കാൻ ശ്രമിക്കുകയും, പതിയെ പതിയെ ആ പ്രശ്നനത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു.

ഞാൻ പറഞ്ഞു വന്നത്, ഒരു സ്ത്രീയുടെ വിവിധ ജീവിത കാലഘട്ടത്തിൽ അവളിൽ നടക്കുന്ന പല തരത്തിലുള്ള മാറ്റങ്ങൾ, ഹോർമോണൽ ചേഞ്ചസ്, ഇവയെല്ലാം ഞാനടക്കമുള്ള ആണുങ്ങൾക്ക് അത് അറിയാൻ ശ്രമിക്കും വരെ വെറും മിഥ്യാധാരണകളോ അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു എന്ന ഭാവത്തിലുള്ള തള്ളിക്കളയലുകളോ മാത്രമാണ്. മുകളിൽ പറഞ്ഞത് അവൾ കടന്നുപോകുന്ന ഒരു കാലഘട്ട അവസ്ഥ മാത്രമാണ്.
ആദ്യാർത്തവം… പിന്നെ മാസാമാസം ആർത്തവം… ഗർഭധാരണം… പിന്നെ പ്രസവം…. മുലയൂട്ടൽ… ശാരീരിക മാറ്റങ്ങൾ… പ്രസവാനന്തരവിഷാദം… നാളുകൾക്ക് ശേഷം ആർത്തവവിരാമം അഥവാ മെനപോസ്… അതിനോടനുബന്ധിച്ച് വീണ്ടും ഹോർമോൺ മാറ്റങ്ങളും മാനസികബുദ്ധിമുട്ടുകളും…! 45-55 വയസൊക്കെ ആയ മിക്ക അമ്മമാർക്കും മെനപോസ് ഒക്കെ മാനസികമായി എത്ര വേദനാജനകമായ കാര്യമാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇതിനെല്ലാം ഇടയിൽ മകൾ, ഭാര്യ, അമ്മ, വല്ല്യമ്മ, എന്നിങ്ങനെയുള്ള റോളുകൾ മനോഹരമാക്കാൻ കഠിനശ്രമവും…!!! ജോലിക്ക് പോകുന്നത് വേറേയും…!!

ഡോ. Jasmin Johnson എഴുതിയ, ഒരു പെണ്ണിൻ്റെ മുകളിൽ പറഞ്ഞ കാലഘട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന “her passover” എന്ന പുസ്തകത്തിന്, കവർ ഡിസൈൻ ചെയ്യാൻ ഒരവസരം കിട്ടി. അതിൻ്റെ ഡിസ്കഷനിൽ ഡോ. ജാസ്മിൻ പറഞ്ഞത്, ഇങ്ങനെയുള്ള ഈ കാര്യങ്ങളെക്കുറിച്ചൊന്നും ഭൂരിഭാഗം ഭർത്താക്കന്മാർക്കും ഒട്ടും തന്നെ ധാരണയില്ല എന്നാണ്. ആർത്തവവിരാമ വിഷാദമോ…? എന്തിന്? പീരിയഡ്സ് വരുന്നത് നിന്നു… അതിനിപ്പോ എന്തിനാ വിഷാദം…?? നല്ലതല്ലെ…, മാസാമാസം ബുദ്ധിമുട്ടേണ്ടാല്ലോ…!! ഇങ്ങനെയുള്ള ചിന്തകളും ചോദ്യങ്ങളും ആണ് പുരുഷന്മാർ സ്വതവേ ചോദിക്കാറുള്ളത്…!! പലയിടങ്ങളിലും സ്ത്രീകൾക്ക് ക്ലാസ് എടുക്കാൻ പോകുമ്പോൾ അവർ പറയാറുണ്ട് “ഞങ്ങളുടെ ഭർത്താക്കന്മാർക്കും ഇതേ ക്ലാസ്സ് ഒന്നെടുക്കാമോ എന്ന്…!“ എന്നാണ് ഡോ. ജാസ്മിൻ അന്ന് പറഞ്ഞത്…! ഈ അവസ്ഥകളിൽ ഒക്കെ അവൾക്ക് വേണ്ടത്, സ്നേഹത്തിൻ്റേയും സാന്ത്വനത്തിൻ്റേയും, മനസിലാക്കലിൻ്റേയും ഒക്കെ ചെറിയ ചെറിയ വാക്കുകളാണ്.
ഇതൊന്നും അറിയാത്ത ഒരു അവസ്ഥയിൽ നിലനിന്നു കൊണ്ടാണ്, കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആയി മഹത്തായ ഭാരതീയ അടുക്കളയിലെ, പെണ്ണിൻ്റെ ബുദ്ധിമുട്ടുകളുടെ തുറന്നുകാട്ടലുകൾക്ക് നേരെ ‘ഇതൊക്കെയെന്ത്’ എന്ന് ചോദിച്ച്, പോസിറ്റീവ് റീവ്യൂ ഇട്ട ചില സ്ത്രീകൾക്കും നേരെ ചില മറുചോദ്യങ്ങൾ കൂടി ചോദിക്കുന്നത്…. അവയിൽ ചിലത് ഇങ്ങനെ ആയിരുന്നു…

“ചേച്ചി സെപ്റ്റിക് ടാങ്ക് ക്ളീൻ ചെയ്യാൻ ഇറങ്ങിയിട്ടുണ്ടോ…?”
“എടീ, നീ കിണർ വൃത്തിയാക്കാൻ ഇറങ്ങിയിട്ടുണ്ടോ…?”
“മോള് ലോറിയിൽ മരം കയറ്റാൻ പോയിട്ടുണ്ടോ..??”
കുറച്ചു കാലം പുറകിൽ ആയിരുന്നു എങ്കിൽ ഈ ചോദ്യങ്ങളുടെ ലിസ്റ്റിൽ ഒരുപാടു കാര്യങ്ങൾ വന്നേനെ. തേങ്ങാ ഇടാൻ കയറിയിട്ടുണ്ടോ?, ട്രക് ഓടിക്കുമോ?, റബർ വെട്ടുമോ? എന്ന് തുടങ്ങി, ചെണ്ട കൊട്ടാൻ പറ്റുമോ? ലോഡ് ഇറക്കാൻ പറ്റുമോ? ഇങ്ങനെയെല്ലാം. കാലത്തിന്റെ മാറ്റത്തിൽ ഇതെല്ലാം പെണ്ണ് ചെയുന്ന അവസ്ഥയിലേക്ക് വന്നു. അതുകൊണ്ട് തന്നെ മറുചോദ്യങ്ങളുടെ ലിസ്റ്റ് കുറഞ്ഞുകൊണ്ടേ ഇരിക്കുന്നത് അറിയാതെയാണ് ആണധികാരത്തിന്റെ ആൾരൂപമാണെന്ന് സ്വയം സ്ഥാനാരോഹിതരായി ചിലർ പെണ്ണിനെ ഇന്നും ‘വെറും’ പെണ്ണായി കാണാൻ മാത്രം ആഗ്രഹിക്കുന്നത്.
മഹത്തായ ഭാരതീയ അടുക്കള പറയുന്നത് പെണ്ണിന്റെ അനേകം അവസ്ഥകളിൽ ഒരു അവസ്ഥ മാത്രമാണ് എന്നതാണ് സത്യം. മുകളിൽ സൂചിപ്പിച്ചത് പോലെ ഓരോ കാലഘട്ടത്തിലും ശാരീരികവും അതിലേറെ മാനസികവുമായി വരുന്ന വ്യതിയാനങ്ങളോട് പടപൊരുതി ജീവിതം മനോഹരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന പെണ്ണിന്റെ കഥകൾ എത്ര പറഞ്ഞാലും കൂടുതൽ ആവുന്നില്ല. പെണ്ണിന്റെ ചില കഥകൾ കേൾക്കുമ്പോൾ, ഇതൊക്കെ എവിടെ നടക്കുന്നതാണെന്ന് സംശയം ഉന്നയിക്കുന്നവർ സ്വന്തം വീട്ടിലെ ഭാര്യ, അമ്മ, ചേച്ചി, അനിയത്തി, ആരെയും അടുത്തറിഞ്ഞിട്ടില്ല എന്ന് വേണം കൂട്ടിവായിക്കാൻ.
പുതുതലമുറയിലെ ആൺകുട്ടികൾ വിവാഹജീവിതം സ്വപ്നം കണ്ട് തുടങ്ങും മുൻപ് പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ബേസിക് അറിവിൽ ഉണ്ടായിരിക്കേണ്ടതാണ് മുകളിൽ പറഞ്ഞ ആർത്തവം മുതൽ ആർത്തവവിരാമം വരെയുള്ള കാര്യങ്ങളും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന മാനസികസമ്മർദ്ദങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും… അത്രയെങ്കിലും പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അതിൽ നാണിക്കേണ്ടതായി, ബുദ്ധിമുട്ട് തോന്നേണ്ടതായി ഒന്നുമില്ലാ എന്ന തിരിച്ചറിവ് മാതാപിതാക്കൾക്ക് ആദ്യം ഉണ്ടാവനം…!!! ഒപ്പം പഠിപ്പിച്ചു കൊടുക്കാൻ വളരെ കൃത്യതയുള്ള സെക്സ് എഡ്യൂകേഷനും വേണമിവിടെ.

ഗർഭപാത്രത്തിൽ നിന്നൊഴുകിയ
ചോരക്ക് പേരാർത്തവം…
അതേ ഗർഭപാത്രത്തിൽ നിന്നിറങ്ങിയ
മാംസത്തിന് നിന്റെ പേർ…
നിനക്കാർത്തവമശുദ്ധമെങ്കിൽ
നീയുമശുദ്ധമതിലുമെത്രയേറെ…!!
ഇതിൽ പറയാത്ത, എനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഇനിയുമുണ്ടാവുമെന്ന തികഞ്ഞ ബോധ്യത്തോടെ, എല്ലാ സ്ത്രീജനങ്ങളോടും തികഞ്ഞ ആദരവോടെ നിറുത്തുന്നു…! തെറ്റുകൾ ക്ഷമിക്കുക.
Josemon Vazhayil

shortlink

Related Articles

Post Your Comments


Back to top button