Latest NewsNewsIndia

മദ്യ മാഫിയയുടെ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു ; എസ്ഐ ഗുരുതരാവസ്ഥയില്‍

മോട്ടിയുടെ അനുയായികള്‍ പൊലീസുകാരെ വളയുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി ക്രൂരമായി മര്‍ദ്ദിയ്ക്കുകയുമായിരുന്നു

ലക്‌നൗ : യുപിയില്‍ മദ്യ മാഫിയയുടെ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയാണ് കൊല്ലപ്പെട്ടത്. എസ്ഐ അശോക് കുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്ഗഞ്ചിലാണ് സംഭവം നടന്നത്. മദ്യക്കടത്ത് കേസുകളിലെ സ്ഥിരം പ്രതിയായ മോട്ടി എന്നയാളുടെ വസ്തുവകകള്‍ കണ്ടു കെട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കുന്നതിനായാണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോട്ടിയുടെ അനുയായികള്‍ പൊലീസുകാരെ വളയുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി ക്രൂരമായി മര്‍ദ്ദിയ്ക്കുകയുമായിരുന്നു.

ആയുധങ്ങളും കമ്പികളും ഉപയോഗിച്ചാണ് പൊലീസുകാരെ ഇവര്‍ ആക്രമിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട പൊലീസുകാര്‍ സംഭവം മറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ഗുരുതര പരിക്കേറ്റ നിലയില്‍ പൊലീസുകാരെ കണ്ടെത്തുന്നത്. സിദ്ധ്പുര സ്റ്റേഷന്‍ പരിധിയിലെ ധിമാര്‍ ഗ്രാമത്തിലെ ഒരു പ്രദേശത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ദേവേന്ദ്ര മരണത്തിന് കീഴടങ്ങി.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. ദേശസുരക്ഷാ നിയമപ്രകാരം ആകും ഇവര്‍ക്കെതിരെ കേസെന്നും അറിയിച്ചിട്ടുണ്ട്. ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 50000 രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button