KeralaLatest NewsNews

രക്ഷപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ചോദിച്ചത് ഭക്ഷണം ; ശരീരത്തില്‍ അടിയേറ്റ പാടുകള്‍

അവശ നിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിലമ്പൂര്‍ : ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിയ്ക്കുന്ന വാടക മുറിയില്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പൂട്ടിയിട്ട കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം പറഞ്ഞത് ഭക്ഷണം വേണമെന്നായിരുന്നു. ദമ്പതികള്‍ക്കൊപ്പം മൂന്ന് മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയില്‍ താമസിയ്ക്കുകയായിരുന്നു 5 വയസ്സുള്ള പെണ്‍കുട്ടിയും 3 വയസ്സുള്ള ആണ്‍കുട്ടിയും.

കൂലിപ്പണിക്കാരായ ദമ്പതികള്‍ ജോലിക്കു പോയി തിരിച്ചെത്തുന്നതു വരെ ഭക്ഷണം നല്‍കാതെ കുട്ടികളെ പൂട്ടിയിടുകയായിരുന്നെന്ന് സമീപത്ത് താമസിച്ചിരുന്ന അതിഥിത്തൊഴിലാളികള്‍ പറഞ്ഞു. അവശ നിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയ ശേഷം അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. കുട്ടികളെ ഇന്നലെ രാവിലെ 11ന് പ്രദേശവാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. വിവരമറിഞ്ഞെത്തിയ ദമ്പതികളെ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് കടലൂര്‍ വിരുത്താചലം സ്വദേശിയെ(35)യും ഭാര്യയെ(28)യും പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കൂടാതെ കവിള്‍ നീര് വന്ന് വീര്‍ത്ത നിലയിലാണ്. കുട്ടികളുടെ മാതാവിന്റെ സഹോദരി കൂടിയാണ് അറസ്റ്റിലായ രണ്ടാനമ്മ. ഒന്നര വര്‍ഷം മുന്‍പ് കുട്ടികളുടെ മാതാവ് മരിച്ചെന്ന് പിതാവ് മൊഴി നല്‍കി. കുട്ടികളുടെ ശരീരത്തില്‍ മുറിവും മര്‍ദനമേറ്റ പാടുകളും പെണ്‍കുട്ടിയുടെ മുഖത്ത് നീര്‍ക്കെട്ടും ഉണ്ട്. ഇരുവര്‍ക്കും പോഷകാഹാരക്കുറവുള്ളതായി ഡോക്ടര്‍ പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button