YouthLatest NewsKeralaNewsLife Style

ചെറിയ ഒരു പ്രശ്നത്തിന് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നവർക്ക് നന്ദു ഒരു പാഠമാണ്, പ്രചോദനമാണ്!

‘എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു’; നന്ദു മഹാദേവയുടെ കുറിപ്പ്

നന്ദു മഹാദേവ – മനക്കരുത്തിൻ്റെ നേർമുഖം. അർബുദത്തെ ഇത്രയധികം ധൈര്യത്തോട് കൂടി നേരിട്ട മറ്റൊരു വ്യക്തി ഉണ്ടാകില്ല. ഇപ്പോഴിതാ, തൻ്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നന്ദു. നന്ദുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു..!!
വലത് കൈയുടെയും ഇടത് കൈയുടെയും മസിലുകളിൽ അത് ചിത്രം വര ആരംഭിച്ചു കഴിഞ്ഞു..! പക്ഷെ ഞാനിപ്പോഴും ശാന്തമാണ്.. ജീവിതത്തിന്റെ പരമമായ ആനന്ദം അനുഭവിക്കാൻ തക്ക സന്തോഷവാനാണ്.. ശുഭാപ്തി വിശ്വാസത്തിന്റെ നെറുകയിലാണ്‌…
എന്റെ എഴുത്തുകൾ സ്ഥിരമായി വായിക്കുന്നവരും എന്നോട് സംസാരിക്കുന്നവരും എന്നെ അറിഞ്ഞവരും ഒക്കെ മിക്കപ്പോഴും പറയാറുള്ള ഒരു കാര്യമാണ് എനിക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ആണെന്ന്.. എന്നെക്കാളും വളരെ മുതിർന്നവർ പോലും പറഞ്ഞിട്ടുണ്ട് മോനോട് സംസാരിക്കുമ്പോഴും മോന്റെ മറുപടികൾ കേൾക്കുമ്പോഴും ഒത്തിരി ഇരുത്തം വന്ന മുതിർന്നവരോട് സംസാരിക്കുന്നത് പോലെയൊരു അനുഭവം ആണെന്നും വല്ലാത്ത സമാധാനം കിട്ടാറുണ്ടെന്നും.

Also Read:ലോകരാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ; ഇതുവരെ നൽകിയത് 361 ലക്ഷത്തിലേറെ വാക്‌സിൻ

അത് വളരെ ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.. ഒരു പക്ഷേ തീഷ്ണമായ ജീവിതാനുഭവങ്ങൾ എന്നെ അങ്ങനെ വാർത്തെടുത്തതാകാം… ഞാനിത്രയും മുഖവുര പറഞ്ഞത് വളരെ പക്വതയോടെ ഒരു വിഷയം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാൻ വേണ്ടിയാണ്… വളരെ പോസിറ്റിവ് ആയി മാത്രം എന്റെ ഹൃദയങ്ങൾ ഇതു വായിക്കണമെന്നാണ് ഈയുള്ളവന്റെ അപേക്ഷ.. ഈ മലയാള സമൂഹത്തിൽ ഞാനുണ്ടാക്കിയിട്ടുള്ള ഓളം എത്രത്തോളം ഉണ്ടെന്ന് നന്നായി മനസ്സിലാക്കിയത് കൊണ്ടു മാത്രമാണ് ഇത്തരം ഒരു കുറിപ്പ് ഞാനെഴുതുന്നത്… ഇനിയൊരിക്കലും എഴുന്നേൽക്കാൻ പറ്റാത്ത തരത്തിൽ ഞാൻ വീണുപോയാലും എന്നെ നോക്കി നടക്കാൻ പഠിച്ചവർ ഒരു കാരണവശാലും വീഴാൻ പാടില്ല എന്ന ധാർഷ്ട്യം എനിക്കുണ്ട്..! എനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ പ്രിയപ്പെട്ടവരാരും തളർന്നു പോകരുത്…. ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോൽപിക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ളതല്ല എന്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കേണ്ട പാഠം..

ഇത്രയും ഗുരുതരമായ വേദനാജനകമായ ഒരു രോഗം നിരന്തരം വേട്ടയാടിയിട്ടും ഞാനെന്ന വ്യക്തി അതിനെയൊക്കെ തൃണവൽക്കരിച്ചുകൊണ്ട് എത്ര സുന്ദരവും സന്തോഷപരവും ആയിട്ടാണ് ജീവിതം ജീവിച്ചത് എന്നുള്ള വലിയ സന്ദേശമാണ് ഈ സമൂഹം ഉൾക്കൊള്ളേണ്ടത് എന്നാണ് ആഗ്രഹം..! എന്റെ ജീവിത പോരാട്ടങ്ങളിലൂടെ ഞാൻ നിരന്തരം ശ്രമിച്ചതും അങ്ങനെയൊരു സന്ദേശം നൽകാനാണ്..!! അറിഞ്ഞോ അറിയാതെയോ ഒരുപാട് മനുഷ്യർക്ക് മുന്നോട്ട് ജീവിക്കാനുള്ള ഊർജ്ജം നൽകാൻ ഞാനൊരു കാരണമായിട്ടുണ്ട്.. ഒത്തിരി മനസ്സുകളെ സ്വാധീനിച്ചിട്ടുമുണ്ട്.. അവരാരും ഇനിയൊരിക്കലും ജീവിതത്തിന് മുന്നിൽ തളരുവാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ട്..!! അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു തുറന്നു പറച്ചിൽ…

Also Read: പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപെടൽ അസാധ്യം; പുതിയ കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ?

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ പൊരുതിക്കൊണ്ടിരിക്കും..
ക്യാൻസറിന്റെ ഈ ചങ്ങല പൊട്ടിച്ച് പുറത്തുവരാൻ എന്റെ ശരീരത്തോട് തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കും.. ആ ആത്മവിശ്വാസത്തിൽ നിന്ന് ഒരു തരി പോലും പിന്നോട്ട് മാറില്ല..
ഒന്നും ഒന്നിന്റെയും അവസാനമല്ല.. എല്ലാം പുതിയ തുടക്കങ്ങളാണ്..!! എന്നെപ്പോലെ ചിന്തിക്കുന്ന നൂറുകണക്കിന് നന്ദു മഹാദേവമാർ ഈ സമൂഹത്തിൽ ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. ക്യാൻസർ എന്നു മാത്രമല്ല ഒരു പ്രതിസന്ധികൾക്ക് മുന്നിലും തലകുനിക്കാതെ ഒരു ചെറുപുഞ്ചിരിയോടെ സമൂഹത്തിൽ സ്നേഹം വാരി വിതറിക്കൊണ്ട് കൂടെയുള്ളവരെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകുന്ന ഒരു തലമുറ ഇവിടെ ഉദയം കൊള്ളട്ടെ.. ഇപ്പോൾ കഴിക്കുന്ന മരുന്ന് കുറച്ചു ശക്തി കൂടിയതാണ്..
അതുകൊണ്ട് തന്നെ ഇൻഫെക്ഷൻ വരാതെ സൂക്ഷിക്കണം… സന്ദർശകർ പാടില്ല..
ഈ ഒരു സാഹചര്യം മാറുമ്പോൾ എന്റെ പ്രിയപ്പെട്ടവരെയൊക്കെ എനിക്ക് കാണണം..!
പതിവ് പോലെ സന്തോഷം നിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി എന്റെ വീടിന്റെ ഉമ്മറത്ത് ഞാനുണ്ടാകും.. കരഞ്ഞുകൊണ്ടോ വിഷമിച്ചു കൊണ്ടോ ആരും എന്നെ കാണാൻ വരരുത്..
ഒരു പോരാളിയെ കാണാൻ വരുമ്പോൾ പോരാളിയായി തന്നെ വരണം..!! അങ്ങനെ വരുന്നവർക്ക് ഒരു കട്ടൻ ചായയും കുടിച്ചു കുറച്ചു നാട്ടുവർത്തമനങ്ങളും പറഞ്ഞ് ചങ്കിനുള്ളിലെ നിഷ്കളങ്കമായ സ്നേഹം പരസ്പരം പങ്കുവച്ച് ആ ഹൃദയത്തിൽ എന്നെയും കൊണ്ടു മടങ്ങാം..! ഇനിയെല്ലാം ഈശ്വരന്റെ കരങ്ങളിലാണ്..!! ഞാൻ തിരിച്ചു വരിക തന്നെ ചെയ്യും..

കഴിയുന്ന സമയം വരെ ഇത്തരം കുത്തിക്കുറിക്കലുകളും സ്നേഹാന്വേഷണങ്ങളും പാട്ടും ഒക്കെയായി എന്റെ ചങ്കുകൾക്കൊപ്പം ഞാനിവിടെത്തന്നെ ഉണ്ടാകും.. സ്നേഹപൂർവ്വം
നന്ദു മഹാദേവ ❤️ NB : ഒത്തിരി സ്നേഹസമ്മാനങ്ങൾ എനിക്ക് കിട്ടാറുണ്ട്..അവയൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്.. ഈ ഷർട്ട് പ്രിയപ്പെട്ട നീതു ചേച്ചിയുടെ സമ്മാനമാണ്..
ഒത്തിരി സെലിബ്രിറ്റികൾക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യുന്ന ചേച്ചിയിൽ നിന്ന് കിട്ടിയ ഈ സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുന്നു.

https://www.facebook.com/nandussmahadeva/posts/3787010021381447

 

shortlink

Related Articles

Post Your Comments

Related Articles


Back to top button