Latest NewsKeralaIndia

ഒറ്റദിവസം ലഭിച്ച വരുമാനം പോലും ഇപ്പോള്‍ അഞ്ച് ദിവസം കൊണ്ട് കിട്ടുന്നില്ല ; ശബരിമലയില്‍ പുതിയ തീരുമാനം

കൊവിഡ‌് കാലത്തിന് മുന്‍പ് മാസപൂജകള്‍ക്കായി നടതുറക്കുമ്പോള്‍ പ്രതിദിനം ഒന്നരക്കോടി രൂപ വരെ വരുമാനം ലഭിച്ചിരുന്നു

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഏര്‍‌പ്പെടുത്തിയിരിക്കുന്ന വെര്‍ച്വല്‍ക്യൂ സംവിധാനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച്‌ ഒട്ടുംവൈകാതെ മുഴുവന്‍ ബുക്കിംഗും പൂര്‍ത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്‌തവരില്‍ പകുതിപേര്‍ മാത്രമേ ദര്‍ശനത്തിനെത്തുന്നുള‌ളൂവെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. ഇതുമൂലം വലിയ വരുമാന നഷ്‌ടമാണ് ബോര്‍ഡിന് സംഭവിച്ചിരിക്കുന്നത്.

കൊവിഡ‌് കാലത്തിന് മുന്‍പ് മാസപൂജകള്‍ക്കായി നടതുറക്കുമ്പോള്‍ പ്രതിദിനം ഒന്നരക്കോടി രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ച് ദിവസം നടതുറന്നാലും മുന്‍പ് ഒരു ദിവസം കൊണ്ട് ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ല. ഒന്നരക്കോടി രൂപയില്‍ താഴെമാത്രമാണ് ഇപ്പോള്‍ വരുമാനം. ഒരുദിവസത്തെ പൂജകള്‍ക്കും മ‌റ്റുമായി ബോര്‍ഡിന് സന്നിധാനത്ത് 20 ലക്ഷം രൂപയാണ് ചെലവ് വരിക.

അതിനാല്‍ മാസപൂജയ്‌ക്കും ഉത്സവത്തിനും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മീനമാസത്തില്‍ നടതുറക്കുമ്പോള്‍ പ്രതിദിനം 5000 പേര്‍ക്കാണ് പ്രവേശനാനുമതിയുള‌ളത്. ഉത്സവങ്ങളും തിരഞ്ഞെടുപ്പും നടക്കുന്ന സമയമായതിനാല്‍ ഇവരെല്ലാം എത്താനുള‌ള സാദ്ധ്യത കുറവാണ്. ധാരാളം ഭക്തര്‍ എത്തുന്ന തമിഴ്‌നാട്ടില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും കുറവുണ്ടായേക്കാം. ഇത് വരുമാനത്തെ കാര്യമായി ബാധിക്കാം.

കഴിഞ്ഞമാസം ലഭിച്ചത് 1.38 കോടി രൂപ മാത്രമാണ്. ഇത്തവണത്തെ ശബരിമല ഉത്സവം മാര്‍ച്ച്‌ 19ന് കൊടിയേറും. 28നാണ് ആറാട്ട്. കൊവിഡ് നെഗ‌റ്റീവാണെന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഉള‌ളവര്‍ക്കേ ദര്‍ശനത്തിന് അനുമതി ലഭിക്കൂ. ഇതെല്ലം ഉയർത്തിക്കാട്ടിയാണ് മാസപൂജയ്‌ക്ക് വെര്‍ച്വല്‍ ക്യൂ വേണ്ടെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം .

shortlink

Related Articles

Post Your Comments

Related Articles


Back to top button