KeralaLatest NewsIndiaNews

ഈ അഞ്ച് പേരും അഞ്ച് മണ്ഡലവും; ബിജെപിയുടെ ‘ഷുവർ ഹിറ്റ്’ പ്രതീക്ഷകൾ, ജനനായകന്മാർ നയിക്കും !

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്: പ്രതീക്ഷിക്കുന്ന അഞ്ച് മണ്ഡലങ്ങള്‍ ഇതൊക്കെ

നിയമസഭ തെരഞ്ഞെടുപ്പിലേക്കായുള്ള ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രവർത്തകർക്ക് ആവേശമായി സാധ്യതാ പട്ടിക. സംസ്ഥാനത്ത് എ പ്ളസ് മണ്ഡലമായി ബിജെപി കാണുന്ന 20 മണ്ഡലങ്ങളിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള മണ്ഡലങ്ങളിൽ പ്രമുഖർ തന്നെ സ്ഥാനാർത്ഥികളാകും. ചർച്ച പൂർത്തിയായെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ബിജെപി പ്രതീക്ഷയോടെ നോക്കുന്ന ഷുവർ ഹിറ്റെന്ന് കരുതുന്ന അഞ്ച് മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

മഞ്ചേശ്വരം

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം ബിജെപിയോട് എന്നും കൂറുപുലര്‍ത്തിയിരുന്ന മണ്ഡലമാണ്. ഏറെ പ്രതീക്ഷയോടെയാണ് ബിജെപി മണ്ഡലത്തിലേക്ക് ഉറ്റുനോക്കുന്നത്. 2011, 2016 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഇവിടെ രണ്ടാമതെത്തിയത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു. മഞ്ചേശ്വരം ബിജെപി സ്ഥാനാര്‍ത്ഥിയായി ഇത്തവണയും കെ സുരേന്ദ്രൻ തന്നെയെത്തുമെന്നാണ് റിപ്പോർട്ടുകൾ. സുരേന്ദ്രൻ്റെ ഇന്നത്തെ മഞ്ചേശ്വരം യാത്രയുടെ പിന്നിലെ കാരണവും ഇതു തന്നെയെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം തന്നെ മഞ്ചേശ്വരത്ത് സുരേന്ദ്രൻ എത്തണമെങ്കിൽ അതിനു വ്യക്തമായ കരണമുണ്ടാകുമെന്നും പ്രവർത്തകർ വിലയിരുത്തുന്നു.

കാസർഗോഡ്

മഞ്ചേശ്വരത്തിന് പിന്നാലെ കാസർഗോഡും ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ്. 1982 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്ത് നോക്കിയാൽ എട്ട് തവണ ഇവിടെ ബിജെപി രണ്ടാം സ്ഥാനക്കാരായിട്ടുണ്ട്. നാരായണ ഭട്ട്, ശ്രീകൃഷ്ണ ഭട്ട്, കെ. മാധവ ഹെര്‍ല, പി.കെ. കൃഷ്ണദാസ്, വി. രവീന്ദ്രൻ, ജയലക്ഷ്മി ഭട്ട്, രവീശ തന്ത്രി കുന്ദര്‍ എന്നിവരാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകാറ്. ഇത്തവണ ആർക്കാകും നറുക്ക് വീഴുക എന്ന് കാത്തിരുന്ന് കാണാം.

നേമം

കേരളം ചങ്കിടിപ്പോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. നേമം പിടിക്കാൻ എൽ ഡി എഫും യു ഡി എഫും കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോഴും ആത്മവിശ്വാസത്തിലാണ് ബിജെപി. നേമത്തെ ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് അവർ. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് നേമം മണ്ഡലമാണ്. സിപിഎമ്മിന്റെ പക്കൽ നിന്നുമാണ് ബിജെപി ഈ സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്. 2011ൽ 37 ശതമാനം വോട്ടുകളാണ് നേമത്ത് ബിജെപിക്ക് ലഭിച്ചത്. പിന്നീട് 2016ൽ ഇത് 47 ശതമാനത്തിലേക്ക് ഉയര്‍ത്തുവാനും സാധിച്ചു. ഈ മുന്നേറ്റം ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ പേരാണ് നേമത്ത് ഉയർന്നു കേൾക്കുന്നത്.

പാലക്കാട്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന പാലക്കാടിനെ ഇത്തവണ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി പിടിച്ചെടുത്ത പാലക്കാട് നിയോജക മണ്ഡലത്തിൽ 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയാണ് പാലക്കാട് ബിജെപി ഭരണത്തിലേക്ക് കയറുന്നത്. ഇത്തവണ ഇ ശ്രീധരന്റെ പേരാണ് മണ്ഡലത്തിൽ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.

വട്ടിയൂർക്കാവ്

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലവും ബിജെപി പ്രതീക്ഷയോടെ നോക്കിക്കാണുന്നുണ്ട്. 2011ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആയിരുന്ന ബിജെപി കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റമാണ് 2016 തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്. 32 ശതമാനം വോട്ടുകളാണ് അന്ന് ബിജെപി വാരിക്കൂട്ടിയത്. ഈ വര്‍ഷം വട്ടിയൂർക്കാവ് പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button