Latest NewsIndia

മഹാരാഷ്ട്രയിലെ പ്രതിസന്ധികൾക്കിടയിൽ പവാറുമായുള്ള കൂടിക്കാഴ്ച: അമിത് ഷായുടെ പ്രതികരണം ഇങ്ങനെ

ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഷാ-പവാര്‍ കൂടിക്കാഴ്ച

മുംബൈ: എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല എന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അമിത് ഷായുടെ മറുപടി. പവാറും അമിത് ഷായും ശനിയാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഷാ-പവാര്‍ കൂടിക്കാഴ്ച സംബന്ധിച്ചുള്ള അഭ്യൂഹം പുറത്തെത്തിയത്.

അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പങ്കെടുത്തതായാണ് സൂചനകള്‍. മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് അമിത് ഷാ പവാര്‍ കൂടിക്കാഴ്ച നടന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നത്.

ഈ ആരോപണം മഹാരാഷ്ട്രയിലെ മഹാ അഘാടി സഖ്യത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു.ബാറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം 100 കോടി പിരിക്കണമെന്ന്് ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നെന്നായിരുന്നു പരം ബിര്‍ സിങ്ങിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം ദേശ്മുഖ് തള്ളയിരുന്നു. മാര്‍ച്ച് 17 പരം ബിര്‍ സിങ്ങിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ലോ-കീ ഹോം ഗാര്‍ഡ് വകുപ്പിലേക്ക് മാറ്റിയിരുന്നു.

സഹപ്രവര്‍ത്തകരോട് ഗുരുതരവും മാപ്പർഹിക്കാത്തതുമായ തെറ്റുകള്‍ ചെയ്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരം ബിര്‍ സിങ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ആഴ്ച ആദ്യം ഐപിഎസ് ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് മുംബൈ പൊലീസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഈ യോഗത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ സ്വരൂപിക്കാന്‍ ദേശ്മുഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശ്മുഖ് ഇടപെടുകയും ഓഫീസ് ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഷായുടെ പവാറുമായുള്ള കൂടിക്കാഴ്ച മഹാരാഷ്ട്രയിൽ രാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button