COVID 19Latest NewsNewsInternational

ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പത്തിലധികം വിദേശ രാജ്യങ്ങള്‍

നാട്ടിലേയ്ക്ക് വരാനിരിക്കുന്നവര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തുന്നതായി യു എ ഇ-യും അറിയിച്ചു കഴിഞ്ഞു. അതിനെ തുടര്‍ന്ന് അവസാനത്തെ വിമാന സര്‍വീസുകളില്‍ ടിക്കറ്റിനു വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു.

ബുധനാഴ്ച മൂന്ന് ലക്ഷത്തില്‍പ്പരം കോവിഡ് കേസുകളും രണ്ടായിരത്തിലേറെ കോവിഡ് മരണങ്ങളുമാണ് ഇന്ത്യയില്‍  റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് വിദേശ രാഷ്ട്രങ്ങള്‍ ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read Also : കോവിഡ് രണ്ടാം തരംഗം; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

 

പാകിസ്ഥാന്‍

പാകിസ്ഥാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് റോഡ് മാര്‍ഗമോ വിമാന മാര്‍ഗമോ വരുന്ന യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി അറിയിച്ചു. രണ്ടാഴ്ചക്കാലത്തേക്കാണ് വിലക്ക്. ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതാണ് നിരോധനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യു.എസ്.എ

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അതുകൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര അമേരിക്കക്കാര്‍ ഒഴിവാക്കണമെന്നും യു.എസ്.എയിലെ ഔദ്യോഗിക വൃത്തങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും വാക്‌സിനേഷന് വിധേയരായവര്‍ക്കും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദ്ദേശം.

 

യു.കെ

ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം യു.കെയില്‍ 100-ല്‍പ്പരം കേസുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ന്യൂസിലന്‍ഡ്

തല്‍ക്കാലം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് നിലവില്‍ വന്ന നിരോധനം ഏപ്രില്‍ 28 വരെ തുടരും.

ഹോംഗ്‌കോംഗ്

ഏപ്രില്‍ 20 മുതല്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഹോംഗ്‌കോംഗ് വിലക്ക് ഏര്‍പ്പെടുത്തി. ജനിതകമാറ്റം സംഭവിച്ച N501Y എന്ന വൈറസ് വകഭേദത്തിന്റെ സാന്നിധ്യം ഏഷ്യന്‍ മേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സിംഗപ്പൂര്‍

സിംഗപ്പൂര്‍ ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കും. സിംഗപ്പൂരിലെ ദക്ഷിണേഷ്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് ബാധയുടെ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുകയും അത് രോഗമുക്തി നേടിയ കോവിഡ് രോഗികളില്‍ വീണ്ടും അണുബാധയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഒമാന്‍

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നോ ഈ രാജ്യങ്ങളിലൂടെയോ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കാണ് വിലക്ക്.

ഫ്രാന്‍സ്

ബുധനാഴ്ച ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചു. ഫ്രാന്‍സില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

യു.എ.ഇ

ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഏപ്രില്‍ 24ന് രാത്രി 11.59 മുതല്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കും.

സൗദി അറേബ്യ

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 17-ന് ശേഷവും തുടരുമെന്ന് സൗദി ഡെയ്ലി അറബ് ന്യൂസ് വ്യാഴാഴ്ച അറിയിച്ചു.

കാനഡ

ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി കാനഡ വ്യാഴാഴ്ച അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button