KeralaLatest NewsNews

കോവിഡിനെതിരെ അപരാജിത ചൂര്‍ണം പുകച്ചു; ആലപ്പുഴ നഗരസഭയുടെ ധൂമസന്ധ്യ വിവാദത്തില്‍

അപരാജിതചൂർണം പുകച്ചതിലൂടെയും ഹോമിയോ ഗുളികകൾ കഴിക്കുന്നതിലൂടെയും പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണ ജനങ്ങളിലെത്താൻ സാധ്യതയുണ്ട്.

ആലപ്പുഴ: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആലപ്പുഴ നഗരസഭ നടത്തിയ ധൂമ സന്ധ്യ വിവാദത്തിൽ. നഗരസഭാ പരിധിയിലെ 52 വാർഡുകളിലെ മുഴുവന്‍ വീടുകളിലും ശനിയാഴ്ച ധൂമ സന്ധ്യ എന്ന പേരിൽ അപരാജിത ചൂർണം പുകച്ച നടപടിയാണ് വിവാദത്തിന് വഴിവെച്ചത്. നഗരസഭയുടെ നടപടിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്തത്തി ആയുര്‍വേദ വിധിപ്രകാരമുള്ള അപരാജിത ചൂര്‍ണം പുകച്ചാല്‍ എല്ലാത്തരം വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും വായുവിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍ ഇല്ലാതാകുമെന്നുമാണ് നഗരസഭ പറയുന്നത്. ഇതിനായി സർക്കാർ പൊതു മേഖലാ സ്ഥാപനമായ ഔഷധിയിൽ നിന്നുള്ള അപരാജിത ചൂർണം നേരത്തെ തന്നെ നഗരസഭ വിതരണം ചെയ്തിരുന്നു. നഗരസഭയിലെ അര ലക്ഷത്തോളം വീടുകളിൽ ഒരേ സമയം ശുചീകരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അപരാജിതചൂർണം പുകച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ് പറഞ്ഞു.

Read Also: ‘മാധ്യമങ്ങള്‍ സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്’; ഏഷ്യാനെറ്റിന്റെ മാപ്പപേക്ഷയിൽ രോഷാകുലയായി രശ്മിത

എന്നാൽ എ.എം ആരിഫ് എം.പിയും നിയുക്ത എംഎല്‍എ പിപി ചിത്തരഞ്ജതും വീടുകളിൽ അപരാജിത ചൂർണം പുകച്ച് നഗരസഭയുടെ ധൂമ സന്ധ്യയിൽ പങ്കാളികളായി. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗത്തെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട സമയത്ത് അപരാജിത ചൂര്‍ണം പുകച്ചും ഹോമിയോ ഗുളിക ഉപയോഗിച്ചും പ്രതിരോധിക്കാം എന്ന് ഒരു നഗരസഭ തന്നെ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെടുന്നു. അപരാജിതചൂർണം പുകച്ചതിലൂടെയും ഹോമിയോ ഗുളികകൾ കഴിക്കുന്നതിലൂടെയും പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണ ജനങ്ങളിലെത്താൻ സാധ്യതയുണ്ട്. കോവിഡിനെ ജാഗ്രതയോടെ നേരിടുന്നതിന് പകരം നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ പറയുന്നു.

ഇത്തരം മാര്‍ഗങ്ങളിലൂടെ കൊവിഡിനെ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി ഹോമിയോ ഗുളികകളും നഗരസഭ വിതരണം ചെയ്യുന്നുണ്ട്. നഗരസഭയുടെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണന്ന് പരിഷത്ത് അറിയിച്ചു. നഗരസഭയുടെ ധൂമ സന്ധ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.

shortlink

Post Your Comments


Back to top button