KeralaLatest NewsNews

‘ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കല്‍ ആളനക്കമില്ല..’ വിതുമ്പലോടെ സൗമ്യയുടെ ഭർത്താവ് സന്തോഷ്

ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കല്‍ ആളനക്കമില്ല.. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു.

ഇടുക്കി: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യയുടെ ഭർത്താവ് സന്തോഷ് വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്നലെയാണ് ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. എട്ട് വയസുകാരനായ മകനെ തനിച്ചാക്കിയാണ് സൗമ്യ പോകുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്ബര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.

ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു. ഇസ്രയേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.

സന്തോഷിന്റെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. കണ്‍മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ടവളെ ഒരൊറ്റ നിമിഷം കൊണ്ട് മരണം കവര്‍ന്നുവെന്ന സത്യം ഉള്ളിലിരുന്ന് പിടയുകയാണ്. സൗമ്യയുമായി ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായതെന്ന് സന്തോഷ് പറയുന്നു. സന്തോഷിന്റെ കണ്ണില്‍ നിന്നും ഒരൊറ്റ നിമിഷം കൊണ്ട് നഷ്ടം വീട്ടുകാരും തിരിച്ചറിഞ്ഞു. ഞൊടിയിട കൊണ്ട് ആ വീട് ഒരു അലറിക്കരച്ചിലിന് സാക്ഷിയായി.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

‘ഫോണ്‍ ചാര്‍ജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോണ്‍ ഓഫ് ചെയ്യുമെന്നേയുള്ളൂ. അല്ലെങ്കില്‍ രാത്രി വരെ ഞങ്ങള്‍ ഫോണിലാണ്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞതോര്‍മ്മയുണ്ട്. ചെവിപൊട്ടുമാറുച്ചത്തില്‍ ശബ്ദം കേട്ടു. ഒരു സ്‌ഫോടന ശബ്ദം. പിന്നാലെ ഫോണ്‍ അങ്ങ് മറിഞ്ഞു. ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കല്‍ ആളനക്കമില്ല.. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു. പെട്ടെന്ന് ഇസ്രയേലിലുള്ള പെങ്ങളെ വിളിച്ചു. അവളു വിളിച്ചിട്ട് പറഞ്ഞു, എടാ ശരിയാടാ അവിടെ അടുത്താണ് സംഭവം ഉണ്ടായത്. ഒരു പീസ് അങ്ങോട്ട് പോയി വീണതേയുള്ളൂ. അതൊന്നും അല്ലാര്‍ന്നു, എനിക്ക് അറിയാര്‍ന്നു, അവള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ അവള്‍ പെട്ടെന്ന് എന്നെ വിളിക്കും.’ വിതുമ്പലോടെ സന്തോഷ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗമ്യ നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നെന്നും എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വരവ് നീണ്ടുപോയതാണെന്നും സന്തോഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button