COVID 19Latest NewsNewsIndiaWomenLife Style

‘ഓക്സിജൻ മാസ്കും വച്ച് പണിയെടുപ്പിച്ച് അമ്മസ്‌നേഹം വർണിക്കുന്ന മക്കളെ കണ്ടാൽ തിരണ്ടിവാലുകൊണ്ട് അടിക്കണം’: ലിസ് ലോന

സോഷ്യൽ മീഡിയകളിൽ ‘സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിറകുടമെന്ന’ പേരിൽ പ്രചരിക്കുന്ന ഒരമ്മയുടെ ചിത്രം പങ്കുവെച്ച് വിമശ്രന പോസ്റ്റുമായി ലിസ് ലോന. ഓക്സിജൻ മാസ്കും വച്ച് പണിയെടുപ്പിച്ച് അമ്മസ്‌നേഹം വർണിക്കുന്ന മക്കളെ കണ്ടാൽ തിരണ്ടിവാലുകൊണ്ട് അടിക്കണമെന്നാണ് ലിസ് ലോന പറയുന്നത്. ഓക്സിജൻ മാസ്കും വെച്ച് അടുക്കളിൽ പണിയെടുക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ലിസ് ലോനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഓ പിന്നെ !!
ചാവാൻ കിടക്കുന്ന അമ്മയെ അടുക്കളയിൽ കയറ്റി ഞ്ഞം ഞ്ഞം വിണുങ്ങാൻ ഉണ്ടാക്കിച്ചിട്ട് വേണ്ടേ അമ്മേടെ അൺ കണ്ടിഷണൽ ലവ് എന്താണെന്ന് ലോകത്തെ കാണിക്കാൻ.. ഇന്നലെ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജിൽ വന്ന ഒരു ഫോട്ടോയാണിത് കൊറോണക്കാലത്തും അമ്മയുടെ സ്നേഹം ഇങ്ങനെയായിരിക്കണമെന്ന് ഫോട്ടോ എടുത്ത മഹാനായ മകൻ / മകൾ കരുതിയിരിക്കുന്നു. അമ്മയ്ക്ക് മക്കളോടുള്ള ഇഷ്ടം കാണിക്കാൻ തീരെ വയ്യെങ്കിലും ഓക്സിജനും മൂക്കിൽ കേറ്റി അടുക്കളയിൽ വന്ന് നിൽക്കേണ്ട ആവശ്യമില്ലെന്ന് ഇവറ്റകൾക്ക് (അമ്മയ്ക്കും മക്കൾക്കും )എന്നാണ് ബോധമുദിക്കുക. പ്രാഥമികാവശ്യങ്ങൾക്കല്ലാതെ മറ്റുള്ളവരുടെ ഭക്ഷണത്തിനെന്നല്ല ഒരുകാര്യത്തിനും എഴുന്നേറ്റുവരാതെ മര്യാദക്ക് വിശ്രമമെടുക്കണമെന്ന് അമ്മയെ സ്നേഹത്തിലോ അരിശത്തിലോ പറഞ്ഞു മനസിലാക്കിക്കാതെ ഓക്സിജൻ മാസ്കും വച്ച് പണിയെടുപ്പിച്ച് അമ്മസ്‌നേഹം വർണിക്കുന്ന മക്കളെ കണ്ടാൽ തിരണ്ടിവാലുകൊണ്ട് അടിക്കണം.. ഞാനില്ലെങ്കിൽ/ എനിക്ക് ശേഷം പ്രളയമെന്ന് കരുതി സ്വന്തം ആരോഗ്യം വകവെക്കാതെ ജോലിയെടുത്ത് ഈ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ടാഗും തൂക്കി ഓരോ വീട്ടിലെയും അമ്മമാർ അടിമകളെപ്പോലെ ജോലിചെയ്യുന്നത് നിവൃത്തികേട്‌ കൊണ്ട് മാത്രം ആയിരിക്കാം.

കുഴിയിലോട്ട് എടുത്താലും വേണ്ടില്ല എന്റെ അടുക്കളയും എന്റെ ഗൃഹനാഥയെന്ന അവകാശവും ആർക്കും വിട്ടുകൊടുക്കില്ലെന്ന ബോധമില്ലായ്മ അഹങ്കാരമായി കൊണ്ട് നടക്കുന്നവരും ഉണ്ട് അപൂർവമായി എന്ന് പറയാതെ വയ്യ.. വേണമെങ്കി വച്ച് തിന്നോ എന്ന് പറയാനുള്ള ആർജവം നേടിയില്ലെങ്കിൽ മരണകിടക്കയിൽ ആണെങ്കിൽ പോലും ബാക്കിയുള്ളവർ നിങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം സ്ത്രീകൾക്ക് ഉണ്ടായില്ലെങ്കിൽ ഇതുപോലെയുള്ള അമ്മസ്നേഹത്തിന്റെ ഫോട്ടോകളും ഫോട്ടോഷൂട്ട് പ്രഹസനങ്ങളും ഇനിയും വന്നുകൊണ്ടിരിക്കും .അമ്മയുണ്ടാക്കിയതിന്റെ രുചിയെന്നും പറഞ്ഞ് അവർ നിങ്ങളെകൊണ്ട് പണിയെടുപ്പിക്കുകയാണ് പെണ്ണുങ്ങളെ.. ഇതൊന്നും ആരും അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പഠിച്ചുവരുന്നതല്ല എന്ന് ധൈര്യമായി പറഞ്ഞ് ഇതുപോലെ രുചിയിൽ ഉണ്ടാക്കാൻ അങ്ങ് പഠിപ്പിച്ചുകൊടുക്കണം.. അമ്മ ദേവിയാണ് വിളക്കാണ് എന്ന് നാഴികക്ക് നാല്പതുവട്ടം ഉച്ചരിച്ച് അവനവന്റെ ആരോഗ്യവും ഇഷ്ടങ്ങളും കുഴിച്ചു മൂടി മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് അവർക്ക് വേണ്ടി ജോലിയെടുക്കുകയാണെന്നും ദേവതാ പരിവേഷം നൽകി നിങ്ങളുടെ കണ്ണ് മൂടികെട്ടുകയാണെന്നും തിരിച്ചറിയുമ്പോഴേക്കും സമയം കഴിഞ്ഞുപോയിരിക്കും.. എത്ര വയ്യെങ്കിലും അമ്മ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കിത്തരുമെന്ന് പത്തുകിലോ സ്നേഹം കണ്ണിലുരുട്ടി കാണിച്ച് പറയുന്നവർ ഒരിക്കലെങ്കിലും അവരോട് സുഖമില്ലെങ്കിൽ ഇനി മേലാൽ അടുക്കളയിൽ കേറരുതെന്ന് പറയൂ എന്നിട്ട് കാണിക്കൂ സ്നേഹം.

ഇടക്കൊക്കെ അടുക്കള എന്ന ലോകത്തുനിന്ന് അവരുടെ ഇഷ്ടങ്ങളെന്തെന്ന ലോകത്തിലേക്ക് കൂടി വിശ്രമം കൊടുക്കൂ അതും സ്നേഹമാണ്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും അല്പസ്വല്പം വീട്ടുപണികൾ കൂടി പഠിപ്പിച്ചുകൊടുത്തുകൊണ്ട് കരുതലോടെ മുൻപോട്ട് നീങ്ങിയില്ലെങ്കിൽ കാലനോട് അവധി പറഞ്ഞ് അമ്മമാർ ചിലപ്പോൾ ശവപ്പെട്ടിയിൽ നിന്ന് കൂടി ഗതികെട്ട് എഴുന്നേറ്റ് വരേണ്ടിവരുമെന്ന് തീർച്ചയാണ്. ഞങ്ങളെകൊണ്ട് അറിയുന്ന പോലെ ഉണ്ടാക്കികഴിക്കാം നമുക്കെല്ലാവർക്കും …അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങാമെന്ന് കർശനമായി നിർദ്ദേശിക്കൂ അല്ലാതെ ഒരാളുടെ ഗതികേടിനെ മുതലാക്കുകയോ സ്നേഹത്തെ ദുരുപയോഗം ചെയ്യുകയോ അല്ല വേണ്ടത്.. ഒന്ന് കഞ്ഞിയും കറിയും വച്ചെങ്കിലോ ചായ അനത്തിയാലോ പാത്രം കഴുകിയാലോ വീട് വൃത്തിയാക്കിയാലോ ആരുടേയും ഒരു വളയും ഊരിപോകുന്നില്ലെന്ന് അമ്മമാർ മക്കളെ പഠിപ്പിക്കൂ.. ഒന്ന് കൂടി പറയാതെ ഈ ഫോട്ടോക്ക് വേണ്ടിയുള്ള എഴുത്ത് പൂർണമല്ല .. അമ്മസ്നേഹം വാഴ്ത്തി പാടാൻ എടുത്ത ഫോട്ടോഷൂട്ട് ആണെങ്കിലും അല്ലെങ്കിലും എജ്ജാതി പൊട്ടനാണെന്ന് നോക്കൂ തീ കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ ,അതും വച്ച് ഇരിക്കുന്ന ഒരാളുടെ മൂക്കിൽ പഞ്ഞിവെപ്പിച്ചു കിടത്താനുള്ള എളുപ്പവഴിയാണ് ഈ കോലത്തിൽ അടുക്കളയിലുള്ള നിൽപ്പ് .
ലിസ് ലോന ✍️

shortlink

Related Articles

Post Your Comments


Back to top button