KeralaLatest NewsNews

പുറത്തിറക്കിയത് 81 ഓര്‍ഡിനന്‍സുകൾ, ചര്‍ച്ചകള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ല: രാജ്യത്ത് ഇതാദ്യമെന്ന് റിപ്പോർട്ട്

അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഓര്‍ഡിനന്‍സുകള്‍ വഴി നിയമഭേദഗതി നടത്തുന്ന മോദി സര്‍ക്കാരിനെ ഏറ്റവുമധികം വിമര്‍ശിച്ചത് ഇടതുപക്ഷമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

തിരുവനന്തപുരം: 2020ല്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയത് 81 ഓര്‍ഡിനന്‍സുകളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനങ്ങളും പുറത്തിറക്കിയിട്ടില്ലാത്ത അത്രയും ഓര്‍ഡിനന്‍സുകളാണ് കേരളം പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോവിഡ്ക്കാലത്ത് കര്‍ണാടക 24 ഓര്‍ഡിനന്‍സുകളും ഉത്തര്‍ പ്രദേശ് 23 ഓര്‍ഡിനന്‍സുകളുമാണ് പുറത്തിറക്കിയിരുന്നത്. മഹാരാഷ്ട്ര 21, ആന്ധ്രാ പ്രദേശ് 16 എന്നിങ്ങനെയാണ് കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ കണക്കുകള്‍.

പി ആര്‍ എസ് ലെജിസ്ലേറ്റീവാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു വര്‍ഷത്തിനിടെ ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ കേരളം പുറത്തിറക്കിയതിനാല്‍ ഓരോന്നും വിശദമായി ചര്‍ച്ച ചെയ്യാന്‍ സഭയ്ക്ക് സമയമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. എന്നാൽ പുറത്തിറക്കിയ 81 ഓര്‍ഡിനന്‍സുകളില്‍ പലതും സര്‍ക്കാര്‍ പുനപ്രസിദ്ധീകരിച്ചവയാണ്. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞ് അസാധുവാകുന്നത് തടയാനായി അവ പുനപ്രസിദ്ധീകരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മുന്‍പ് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Read Also: രാജ്യത്ത്​ രണ്ടാമത്തെ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിൻ ഉടൻ: 30 കോടി ഡോസ്​ കേന്ദ്രസര്‍ക്കാര്‍ ബുക്ക്​ ചെയ്​തു

ഓർഡിനൻസുകളിൽ ഏറ്റവും ശ്രദ്ധേയമായത് പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഓര്‍ഡിനന്‍സാണ്. സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ഈ ഓര്‍ഡിനന്‍സിന് 2020 മാര്‍ച്ച് മാസത്തിലാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്. നിയമങ്ങള്‍ പ്രാബല്യത്തില്‍ക്കൊണ്ടുവരുന്നതിനുള്ള കുറുക്കുവഴിയായി കേരളം ഓര്‍ഡിനന്‍സുകളെ കാണുന്നു എന്ന പ്രവണതയുടെ സൂചനകളാണ് കണക്കുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം കൊവിഡ് മഹാമാരിയെ തുടർന്നാണ് സര്‍ക്കാര്‍ ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയതെന്ന് ഇടതുപക്ഷം വിശദീകരിച്ചിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഓര്‍ഡിനന്‍സുകള്‍ വഴി നിയമഭേദഗതി നടത്തുന്ന മോദി സര്‍ക്കാരിനെ ഏറ്റവുമധികം വിമര്‍ശിച്ചത് ഇടതുപക്ഷമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button