Latest NewsNewsIndia

ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്‍കി: പിറ്റേന്ന് പത്രപ്രവര്‍ത്തകന്‍ വാഹനമിടിച്ചു മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറച്ച്‌ തൊഴിലാളികള്‍ വഴിയില്‍ കിടക്കുന്ന സുലഭിനെ ആശുപത്രിയിലാക്കുകയും കൂട്ടുകാരെ വിളിച്ച്‌ അറിയിക്കുകയുമായിരുന്നു.

ലക്നൗ: പത്രപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ചതിൽ ദുരൂഹത. പ്രദേശത്തെ മദ്യ മാഫിയയ്ക്കെതിരെ വാര്‍ത്ത കൊടുത്തതിനെ തുടര്‍‌ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്‍കിയതിന്റെ പിറ്റേന്നാണ് പത്രപ്രവര്‍ത്തകന്‍ മരിച്ചത്. എ ബി പി ന്യൂസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സുലഭ് ശ്രീവാസ്തവയാണ് മരണമടഞ്ഞത്. തന്റെ റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്തതിനു ശേഷം തന്നെ ആരോ പിന്തുടരുന്നതായി സംശയം ഉണ്ടെന്നും തന്നെ ഉപദ്രവിക്കാന്‍ മദ്യമാഫിയ പദ്ധതിയിടുന്നതായി തനിക്ക് അറിവ് ലഭിച്ചതായും സുലഭ് തന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

പൊലീസിന്റെ വിശദീകരണം അനുസരിച്ച്‌ രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സുലഭ് തന്റെ ഇരുചക്രവാഹനത്തില്‍ നിന്നും വീഴുകയും തല കല്ലില്‍ തട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറച്ച്‌ തൊഴിലാളികള്‍ വഴിയില്‍ കിടക്കുന്ന സുലഭിനെ ആശുപത്രിയിലാക്കുകയും കൂട്ടുകാരെ വിളിച്ച്‌ അറിയിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തന്നെ സുലഭ് മരണമടഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also: സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

എന്നാല്‍ സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഫോട്ടോകളില്‍ സുലഭിന്റെ മുഖത്ത് മുറിവുകള്‍ കാണപ്പെട്ടിരുന്നു. കൂടാതെ വസ്ത്രങ്ങള്‍ എല്ലാം കീറിയതു പോലെയും പാന്റ്സ് പകുതി വരെ അഴിച്ച നിലയിലുമായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സുലഭ് സഞ്ചരിച്ചിരുന്ന ബൈക്ക് വഴിവക്കിലുള്ള കുഴല്‍കിണറില്‍ ഇടിച്ച്‌ മറിയുകയായിരുന്നുവെന്ന് ഉത്തര്‍ പ്രദേശിലെ പ്രാതാപ്ഗര്‍ഹ് പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുരേന്ദ്ര ദ്വിവേദി പറഞ്ഞു. സുലഭ് നല്‍കിയ പരാതിയെകുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ദ്വിവേദി അറിയിച്ചു.

shortlink

Post Your Comments


Back to top button