KeralaLatest NewsNews

കർണാടകയിൽ നിന്ന് മദ്യം ഒഴുകുന്നു: ചാരായവാറ്റ് വ്യാപകമാക്കി കേരളം

ലോക്ഡൗണിലും കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും മദ്യവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കണ്ണൂർ: സംസ്ഥാനത്ത് ലോക്‌ഡൗണിനെത്തുടർന്ന് മദ്യവില്പന കേന്ദ്രങ്ങളും ബാറുകളും അടച്ചിട്ടതിനാൽ കർണാടകയിൽ നിന്ന് മദ്യം ഒഴുകുന്നു. ഇതിനുപുറമേ, ചാരായവാറ്റും വ്യാപകമായി. മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വൻതോതിൽ വാറ്റ് നടക്കുന്നത്. എക്സൈസുകാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റ്. അവിടെ എത്തിയാൽതന്നെ പ്രതികളെ പിടികൂടാനും ബുദ്ധിമുട്ടാണ്. കോവിഡ് കാരണം അബ്കാരി കേസുകളിലെ നിരവധി പ്രതികളെ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു

കാസർകോട് ജില്ലയിൽ കഴിഞ്ഞമാസം 128 കേസുകളിലായി 4087 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തു. 20 ലക്ഷം രൂപയുടെ മദ്യമാണിത്. കണ്ണൂർജില്ലയിൽനിന്ന് ഈ മാസം മാത്രം 2100 ലിറ്റർ മദ്യമാണ് പിടിച്ചത്. കണ്ണൂരിൽ കഴിഞ്ഞമാസം 300 ലിറ്റർ ചാരായവും 26,000 ലിറ്റർ വാഷും പിടിച്ചെടുത്തു. ഈ മാസം നൂറുലിറ്ററിലധികം ചാരായവും 15,000 ലിറ്റർ വാഷുമാണ് പിടിച്ചത്.

എന്നാൽ ഭക്ഷണം പാചകംചെയ്യുന്ന പ്രഷർകുക്കർ ഉപയോഗിച്ചുപോലും ചാരായം വാറ്റുന്നത് സാധാരണയായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെറുപ്പക്കാർ കൗതുകത്തിന് വീട്ടിൽനിന്ന് ചാരായം വാറ്റുകയും ഒന്നുമറിയാതെ, മാന്യമായി ജീവിക്കുന്ന വീട്ടമ്മമാർവരെ പ്രതിയാകളാകുന്ന സംഭവങ്ങളുമുണ്ടായി. അനധികൃത മദ്യക്കടത്തും ചാരായം വാറ്റലും 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കേസാണ്.

Read Also: ജി-7 രാജ്യങ്ങള്‍ക്കെതിരെ ചൈന , ലോക വിധി നിര്‍ണയിക്കുന്നത് ഈ രാജ്യങ്ങളല്ല : മോദി പ്രത്യേക ക്ഷണിതാവായതിലും അതൃപ്തി

തീവണ്ടികളിലും പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളിലുമാണ് മദ്യക്കടത്ത് ഏറെയും. ലോക്ഡൗണിലും കർണാടകയിലെയും തമിഴ്‌നാട്ടിലെയും മദ്യവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് നികുതി കുറവുമാണ്. അതിനാൽ വിലയും കുറവാണ്. കർണാടകയിൽ 500 രുപയിൽ താഴെ വിലയുള്ള ഒരു കുപ്പി മദ്യത്തിന് കടത്തുകാർ കേരളത്തിൽ ഈടാക്കുന്നത് 1500 രൂപയാണ്. ആയിരം രൂപയോളം വിലയുള്ള മദ്യത്തിന് 3000 രൂപയും.

shortlink

Post Your Comments


Back to top button