KeralaLatest NewsNewsWomenLife Style

‘ശവം‌നാറി പൂവിന്റെ ഗന്ധമായിരുന്നു അപ്പന്, സൂര്യനായി തഴുകുന്ന അച്ഛൻ സ്വപ്നത്തിൽ’: ചിലർക്ക് ഫാദേഴ്‌സ് ഡേ ഇങ്ങനെയാണ്

ഫാദേഴ്‌സ് ഡേ എല്ലാവര്ക്കും കുളിരുള്ള ഓർമ്മകൾ മാത്രമായിരിക്കില്ലല്ലോ സമ്മാനിക്കുക....

അപർണ

ജീവിതത്തിൽ കരുത്തും കരുതലുമായി നമുക്കൊപ്പം നിന്ന, ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും മുന്നോട്ടു നയിക്കുന്ന അച്ഛനു വേണ്ടിയാണ് ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ലോകം ആഘോഷിക്കുന്നത്. എല്ലാവർക്കും നല്ലത് മാത്രം പറയാനുള്ള ഈ ദിവസത്തിൽ ‘ഉള്ളതേ പറയാവൂ’ എന്നുള്ളത് കൊണ്ടാകാം, എനിക്ക് പക്ഷെ അദ്ദേഹത്തെ കുറിച്ച് അങ്ങനെ നല്ലതൊന്നുമില്ല പറയാൻ. പുഞ്ചിരി തൂകുന്ന, കാവലാൾ ആയി നിലകൊള്ളുന്ന, അതികായനായ അച്ഛനെ എനിക്ക് പരിചയം സിനിമകളിലൂടെയാണ്. ‘സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെ ആണെനിക്കിഷ്ടം’ എന്ന വരികൾ കേൾക്കുമ്പോൾ ഇന്നും ഞാനറിയാതെ ഇടനെഞ്ചിലെവിടെയോ മുറിവേൽക്കുന്നു. അപ്പോഴൊക്കെ, എനിക്ക് ചുറ്റിനും തളം കെട്ടിക്കിടക്കുന്ന നിശബ്ദതയ്ക്കു എന്നെ ഭയപ്പെടുത്താൻ കഴിയാറുണ്ട്.

ഓർമകൾക്ക് ഓരോ മണമുണ്ടെന്ന് പറയുന്നത് വെറുതെയല്ല. നമ്മളെ ചിരിപ്പിക്കുന്ന, കരയിപ്പിക്കുന്ന ഓരോ നിമിഷങ്ങളും പിന്നീട് വെറുമൊരു ഓർമ മാത്രമായി അവശേഷിക്കുകയാണ്. ആ അവശേഷിപ്പ് ഇടയ്ക്കിടക്ക് നെഞ്ചിൻ കൂടിനുള്ളിൽ നിന്നും പൊട്ടിയൊലിക്കും. ചിലപ്പോൾ അതിനു നല്ല മണമാകും. അമ്മയുടെ സ്നേഹത്തിൽ ചാലിച്ച പുഞ്ചിരി പോലെ. മറ്റ് ചിലപ്പോൾ അതിന് അറപ്പിന്റെ, വെറുപ്പിന്റെ അതിലുപരി മടുപ്പിന്റെ ഗന്ധമാകും. അച്ഛനെ പോലെ.

Also Read:സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും തേങ്ങ വീഴുന്നത് അയൽക്കാരന്റെ പറമ്പിൽ: തേങ്ങയുടെ അവകാശി ആര്? ചില നിയമവശങ്ങൾ

അമ്മയോർമകൾ എന്നും സുന്ദരമായിരുന്നു. കണ്ണീരിനിടയിലും പുഞ്ചിരി തൂകുന്ന അമ്മ മുഖമാണ് എന്നും മനസിലുള്ളത്. അങ്ങനെയേ ആകാവൂ എന്നൊന്നുമില്ല. എന്നാൽ, അപ്പനോർമകൾക്ക് ശവം‌നാറി പൂവിന്റെ ഗന്ധമാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. മറ്റ് ചിലപ്പോഴൊക്കെ ഒരു മണവുമില്ലാത്ത പുഷ്പമായി അത് പരിണമിക്കാറുമുണ്ട്. അതങ്ങനെയാണ്. കൌമാരത്തിന്റെ വർണങ്ങളെ തല്ലിക്കൊഴിച്ച ആ മണം ഇടയ്ക്കൊക്കെ ഓർമ വരാറുണ്ട്. ആരൊക്കെ എത്രയൊക്കെ ആശ്വസിപ്പിച്ചാലും എനിക്കൊരിക്കലും ക്ഷമിക്കാനോ മറക്കാനോ കഴിയുന്നതല്ല ആ ഗന്ധം. ആ രൂക്ഷഗന്ധം മൂലം ശ്വാസം‌മുട്ടിയിട്ടുണ്ട് ഞാൻ. ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ട് ഞാൻ. അപമാനവും ഭയവും വേദനയും അല്ലാതെ മറ്റൊന്നും തന്നെ എനിക്കായി തരാൻ കഴിയാത്ത ഒരു മുഷ്കുമണമാകുന്നു എനിക്ക് അപ്പൻ.

നീറി നീറി പിടഞ്ഞ നാളുകൾ. എത്രയാവർത്തി വായിച്ചാലും വേദനയ്ക്ക് ഒരിക്കലും സന്തോഷത്തിന്റെ മുഖമാകാൻ കഴിയില്ലല്ലോ?. എത്രയൊക്കെ മാറ്റിയെഴുതിയാലും അനുഭവിച്ച കയ്പിനു മധുരം രുചിക്കാനാകില്ലല്ലോ?. സന്തോഷം മാത്രം ഓർക്കുക, നെഗറ്റീവ് ആയ, നമുക്ക് ഒരു ഗുണവുമില്ലാത്ത ചിന്തകളെ ഗെറ്റൌട്ട് അടിക്കുക എന്ന് പറയാൻ എളുപ്പമാണെന്ന് ഞാനെന്നോട് തന്നെ പറയുന്നത് അയാളെ കുറിച്ച് ഓർക്കുമ്പോഴാണ്. തനിച്ചിരിക്കാൻ ഞാൻ ഭയപ്പെടുന്നതും അതു കൊണ്ട് തന്നെ. ഇന്നോളം മറ്റൊരു തലയിലേക്കോ മനസിലേക്കോ പറിച്ച് നട്ടിട്ടില്ലാത്ത എന്റെ ആ വേദനകൾ. അതാണ് എന്റെ ഏകാന്തതയിൽ എന്നെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. ഇന്നീ ഫാദേഴ്‌സ് ദിനത്തിലും അങ്ങനെ തന്നെ. എല്ലാ കൊല്ലവും അദ്ദേഹത്തെ കുറിച്ച് നല്ലതെന്തെങ്കിലും ഒക്കെ എഴുതണമെന്ന് കരുതും, പക്ഷെ പേനയെടുത്താൽ പിന്നെ കുറച്ച് നേരത്തേക്ക് നീണ്ട ഒരു നിശ്ശബ്ദതയാകും. എന്തോ അറിയില്ല, എഴുതാൻ ഒന്നുമില്ലാത്തതിന്റെ ആകും. സർപ്രൈസും സമ്മാനങ്ങളുമായിട്ടാണ് ഓരോ പിറന്നാളിനും അച്ഛന്മാർ കുഞ്ഞുങ്ങളെ കാണാനെത്തുന്നത്. എന്നാൽ, അത്തരമൊരു സർപ്രൈസ് ഒരിക്കൽ പോലും എനിക്ക് ഉണ്ടായിട്ടില്ല. ഇല്ലായ്മയോ വല്ലായ്‌മ അല്ലായിരുന്നു കാരണം, പിന്നെന്തായിരിക്കും? ഇന്നും അഞ്ജാതം.

Also Read:കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് ഓഫറുകളുമായി മദ്യശാലകളും പബ്ബുകളും

ഓർമ വരുമ്പോൾ കാടും മലയും ഗിരികളും താണ്ടി മനസ് യാത്ര തിരിക്കുമ്പോൾ അവിചാരിതമായി ഇടയ്ക്കെപ്പോഴോ ഞാനെന്നോട് തന്നെ ചോദിച്ചത് ഓർക്കുന്നുണ്ട്. ‘ഒരിക്കലെങ്കിലും നിനക്ക് ആ മനുഷ്യനോട് സ്നേഹം തോന്നിയിട്ടില്ലേ’യെന്ന്. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അനുഭവങ്ങളാണല്ലോ മനുഷ്യനെ തെറ്റേത് ശരിയേത് എന്ന് പഠിപ്പിക്കുന്നത്. ‘അപ്പനില്ലായ്മ’ സമൂഹത്തിനു മുന്നിലേക്ക് വെയ്ക്കുന്നത് ‘അവസരമാണ്’. ആ അവസരമാണ് എന്നെ ഭയമെന്തെന്ന് പഠിപ്പിച്ചത്. അയാളിലെ സ്വാർത്ഥതയായിരുന്നു ഞാനനുഭവിച്ച യാതനകൾക്ക് കാരണമെന്ന് ഞാനിന്നും വിശ്വസിക്കുന്നു. ആയതിനാൽ, ആ വെറുക്കപ്പെട്ട ദിവസങ്ങൾക്ക് ഒരേയൊരു അവകാശിയേ ഉള്ളു, അപ്പൻ.

അടുത്തുണ്ടായിരുന്നപ്പോൾ പോലും ‘ആരോ ഒരാൾ’ മാത്രമായിരുന്നു എനിക്കപ്പൻ. എന്തേ അങ്ങനെയെന്ന് അറിയില്ല. അകന്നപ്പോൾ ആ ‘വെറും തോന്നൽ’ തീരാവേദനയായി എന്നെ വേട്ടയാടുമെന്ന് കരുതിയതല്ല. ആ വേദനയ്ക്ക് അയാളാണ് മൂലകാരണം. അപ്പനോർമകളിലും ചിരി തൂകിയ ചില സുന്ദര നിമിഷങ്ങളുമുണ്ട്, പക്ഷേ അതിനെ കുഴിച്ച് മൂടാൻ അധികം സമയം വേണ്ട.

അപ്പനില്ലായ്മ ഒരു നോവാണ്. എനിക്കൊന്ന് കൂടി എന്റെ അപ്പനെ തൊടണം. പക്ഷേ, അത് അവസാനമായി അങ്ങേര് കണ്ണടച്ച് കിടക്കുമ്പോഴായിരിക്കണം. എന്നിട്ട്, എന്നിട്ട് മാത്രം എനിക്കാ ആത്മാവിനോട് ഒന്ന് സംസാരിക്കണം. കാരണം, എത്ര ആരോഗ്യവാനാണെങ്കിലും എന്റെ നോവുകൾ ഞാനിറക്കി വെച്ചാൽ, നീറി നീറി അയാൾ മരിക്കും. അതിനു ഞാൻ കാരണമാകരുത്. അത്രമാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button