KeralaLatest NewsNews

ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണ്: പ്രതിപക്ഷ നേതാവ്

ഒരു വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കില്‍ അത് തിരുത്തുന്നവളോട് മുന്‍വിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാന്‍ സഹായിക്കുന്ന നിയമസംവിധാനവും വേണം.

തിരുവനന്തപുരം: കല്യാണം കഴിപ്പിച്ചു അയക്കാന്‍ വേണ്ടി വളര്‍ത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണ്. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു ശാശ്വത പരിഹാരമില്ല. കല്യാണം കഴിപ്പിച്ചു അയക്കാന്‍ വേണ്ടി വളര്‍ത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെണ്‍കുട്ടികളോടുള്ള നമ്മുടെ സമീപനം. ഈ ലോകത്തിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കുന്നതിനു മുന്നേ, സാമ്പത്തികമായി സ്വയം പര്യാപ്തമാവുന്നതിനു മുന്‍പേ അപരിചിതമായ ഒരു വീട്ടിലേക്കു പോവുന്ന അവള്‍ പിന്നീട് അവളുടെ ജീവിതം മുഴുവന്‍ സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാവുന്നു.

സഹിക്കാന്‍ കഴിയാത്ത പീഡനം അനുഭവിക്കുമ്പോഴും കുടുംബത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യതയായി ആ ദാമ്പത്യം മാറുകയാണ്. അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം. ഒരു വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കില്‍ അത് തിരുത്തുന്നവളോട് മുന്‍വിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാന്‍ സഹായിക്കുന്ന നിയമസംവിധാനവും വേണം. നമ്മള്‍ മാറിയില്ലെങ്കില്‍ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ശരിയായ നടപടികളെ ഞങ്ങള്‍ പിന്തുണയ്ക്കും. ഇനിയും വിസ്മയമാര്‍ ഉണ്ടാവാതെയിരിക്കട്ടെ . മാപ്പ്, സോദരി!!

Read Also: വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button