Latest NewsIndia

വ്യാജ വാക്​സിനേഷന്‍ ക്യാമ്പ്​ നടത്തിയവര്‍ തീവ്രവാദികളേക്കാള്‍ അപകടകാരികളെന്ന്​ മമത, തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി

സി.ബി.ഐ അന്വേഷണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ മമത തള്ളി.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വ്യാജ വാക്​സിനേഷന്‍ ക്യാമ്പ്​ തട്ടിപ്പില്‍ രൂക്ഷ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാജ വാക്​സിനേഷന്‍ ക്യാമ്പ്​ സംഘടിപ്പിച്ച ദേബഞ്​ജന്‍ ദേബിനെപ്പോലുള്ളവര്‍ തീവ്രവാദികളെക്കാള്‍ അപകടകാരികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ഇയാൾ തൃണമൂൽ വേദികളിലെ സജീവ സാന്നിധ്യം ആയിരുന്നു. ഇയാളും നേതാക്കളും ഒന്നിച്ചുള്ള ഫോട്ടോകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ബിജെപി തൃണമൂലിനെതിരെ രംഗത്തെത്തി.

സി.ബി.ഐ അന്വേഷണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ മമത തള്ളി. കൊല്‍ക്കത്ത നഗരത്തില്‍ നൂറുകണക്കിന്​ പേര്‍ക്കാണ്​ വ്യാജ വാക്​സിനേഷന്‍ ക്യാമ്പിലൂടെ കുത്തിവെ​പ്പ്​ നടത്തിയത്​. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ ദേബഞ്​ജന്‍ ദേബ്​ എന്നയാളെ പൊലീസ്​ പിടികൂടുകയും ചെയ്​തിരുന്നു. 28 വയസായ ഇയാള്‍ ഐ.എ.എസ്​ ഓഫിസറായി നടിച്ച്‌​ വ്യാജ വാക്​സിനേഷന്‍ ക്യാമ്പ്​ നടത്തുകയായിരുന്നു.

ദേബിന്റെ അറസ്​റ്റിന്​ ശേഷം അയാള്‍ തൃണമൂല്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഒന്നും തെളിയിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

‘ഈ ചിത്രങ്ങള്‍ യാതൊന്നും തെളിയിക്കുന്നില്ല. നിരവധിപേര്‍ ഞങ്ങളുടെ അടു​ത്തെത്തുകയും ചിത്രമെടുക്കുകയും ചെയ്യുന്നു. നിരവധി തവണ, ആളുകള്‍ വിമാനത്താവളങ്ങളില്‍വെച്ചുപോലും ഫോട്ടോ എടുക്കാനായി അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ എല്ലായ്​പ്പോഴും ഞാന്‍ നിരസിക്കുകയും ചെയ്യും. എന്നാല്‍, സമ്മതമില്ലാതെ നിരവധിപേര്‍ സെല്‍ഫികള്‍ എടുക്കുന്നു’ -മമത പറഞ്ഞു.

വാക്​സിനേഷന്‍ രേഖകള്‍ കെട്ടിച്ചമച്ചതില്‍ സര്‍ക്കാറിന്റെ പങ്കും അവര്‍ നിഷേധിച്ചു. തട്ടിപ്പുകാര്‍ ചിലപ്പോള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒപ്പുകളുണ്ടാക്കുമെന്നായിരുന്നു പ്രതികരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button