Latest NewsNewsInternational

താലിബാന്‍ ഭീകരര്‍ തിരിച്ചുവരവിന്റെ പാതയില്‍, പാകിസ്ഥാന്‍ ഭീതിയില്‍

കാബൂള്‍ : അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായി പിന്മാറുന്നതിന്റെ ചുവട് പിടിച്ച് താലിബാന്‍ തീവ്രവാദികള്‍ തിരിച്ചു വരുന്നു. അമേരിക്ക പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയാല്‍ കേവലം ആറു മാസത്തിനകം തന്നെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തകരുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി കഴിഞ്ഞു. പിന്നെ ഭരണം താലിബാന്‍ തീവ്രവാദികളുടെ കൈയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also : എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളെന്ന് എം എ ബേബി: സിപിഎമ്മിൽ കലഹം

ഇപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്റെ വടക്കു ഭാഗങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍ ഇപ്പോള്‍ 107 എണ്ണവും നിയന്ത്രിക്കുന്നത് താലിബാനാണ്. സെപ്തംബര്‍ പതിനൊന്നോടെ മുഴുവന്‍ അമേരിക്കന്‍ സൈനികരും അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങാനാണ് തീരുമാനം.

അഫ്ഗാനിസ്ഥാന്‍ എന്നും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു നിധിയായിരുന്നു. അമേരിക്കയെ തങ്ങളോട് അടുപ്പിക്കുന്ന ഘടകമായിരുന്നു അഫ്ഗാനിസ്ഥാന്‍. യു എസ് എസ് ആര്‍ കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കാന്‍ അമേരിക്ക കോടികളും ആയുധങ്ങളും ഒഴുക്കിയത് പാക് രഹസ്യ ഏജന്‍സിയിലൂടെയാണ്. പിന്നീട് ശീതയുദ്ധം കഴിഞ്ഞപ്പോഴും തീവ്രവാദികളെ ഇന്ത്യയ്ക്കെതിരെ തിരിക്കാന്‍ പാകിസ്ഥാന്‍ പല വിദ്യകളും പയറ്റിയിരുന്നു. ഇന്ത്യന്‍ വിമാന റാഞ്ചലില്‍ പോലും അഫ്ഗാനിസ്ഥാനെ സുരക്ഷിത സ്ഥലമായിട്ടാണ് തീവ്രവാദികള്‍ കണ്ടത്.

താലിബാനെ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തിന് താവളങ്ങള്‍ വിട്ടുനല്‍കി ശതകോടികളും ആ പേരില്‍ വിമാനങ്ങളടക്കമുള്ള ആയുധങ്ങളും സ്വന്തമാക്കിയ പാകിസ്ഥാന് ഇപ്പോള്‍ അമേരിക്ക പിന്‍മാറുന്ന അവസരത്തില്‍ താലിബാനെ ഭീതിയോടെയാണ്  കാണുന്നത്. താലിബാന്‍ തീവ്രവാദികളെ അഫ്ഗാനിസ്താനില്‍ നിന്നും തുരത്താന്‍ അമേരിക്കയെ സഹായിച്ചത് പാകിസ്ഥാനായിരുന്നു. അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്‍മാറിയാല്‍ താലിബാന്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്ന് പാകിസ്ഥാന് ഉറപ്പുണ്ട്. രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്ക് താലിബാന്‍ നീങ്ങുന്നില്ലെങ്കില്‍ സ്ഥിതി ആശങ്കാജനകമാണെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. ഒരു ആഭ്യന്തരയുദ്ധം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായാല്‍ അത് പാകിസ്ഥാനിലും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പാകിസ്ഥാന്റെ ഭയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button