KeralaLatest NewsArticleNewsParayathe VayyaWriters' Corner

പാക്കിസ്ഥാൻ നഗരത്തിന്റെ പേര് കേരളത്തിൽ, സൗദാബാദ് കണ്ട് പുളകിതരായിരിക്കുന്ന പ്രബുദ്ധ കേരളം: അഞ്ജു പാർവതി

പാക്കിസ്ഥാൻ എന്ന നമ്മുടെ ശത്രു രാജ്യത്തിലെ ഒരു സ്ഥലമാണ് സൗദാബാദ്

പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് കാമ്പസ് സൗദാബാദ് ആക്കി മാറ്റിയ സംഭവത്തിൽ വിമർശനവുമായി എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് .

‘ഒരു സോപാനപടിയിൽ വർഗ്ഗീയത കണ്ട എല്ലാ മതേതരരും ഇപ്പോൾ സൗദാബാദ് കണ്ട് പുളകിതരായിരിക്കുന്ന പ്രബുദ്ധതയുടെ പേരാകുന്നു നമ്പർ 1 കേരളം. ഏകദേശം ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജംങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ പത്ര മുത്തശ്ശി മനോരമ തയ്യാറായി. ഈ പത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നഗരസഭ അംഗീകരിച്ചതോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പി തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മ്മിച്ചു. എന്നാല്‍ മതേതരം നാലു നേരം പുഴുങ്ങി തിന്നുന്ന കേരളത്തിൽ പ്രതിമയുടെ പ്ലാറ്റ്ഫോം കണ്ടതും ചിലർക്ക് ബാധ കയറി.

read also: ‘അന്തസ്സ് വേണം മുകേഷേ, അന്തസ്സ്’: പതിനാറുവയസുകാരനോട് ചൂടായ മുകേഷിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സോപാനം മാതൃകയിലായിരുന്നു നിര്‍മാണം അതിനു മീതെ പ്രതിമ വന്നാല്‍ പൂജ തുടങ്ങുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേക്കും തൂവലിന്റയും ശില്പമുണ്ടാക്കി പത്രമുത്തശ്ശിയും പിൻവാങ്ങി. എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാവാതെ ചാക്കില്‍ പൊതിഞ്ഞ നിലയില്‍13 വര്‍ഷമാണ് ശില്‍പിയുടെ വീട്ടില്‍ കിടന്നത്. തിരൂരില്‍ ഒരിടത്തും എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു ബോധ്യമായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂരിലെ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.

പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് കാമ്പസ് സൗദാബാദ് ആണ് അവിടെ പഠിക്കുന്ന കുട്ടികൾക്ക് . എന്നാൽ തിരൂരങ്ങാടിയിൽ കേവലം ഒരു കാമ്പസ് മാത്രമല്ല സൗദാബാദ് . തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനെ 2015 ൽ നഗരസഭയാക്കിയപ്പോൾ ഏഴാം ഡിവിഷനായി തിരിച്ച വാർഡും സൗദാബാദാണ്. സൗദാബാദ് എന്ന വാക്കിന്റെ ചരിത്രവും അതിന് കേരളത്തിലെ ചരിത്രവുമായിട്ടുളള ബന്ധം പല രീതിയിൽ പരതിയിട്ടും ആകെ മനസ്സിലാക്കാൻ കഴിഞ്ഞത് പാക്കിസ്ഥാൻ എന്ന നമ്മുടെ ശത്രു രാജ്യത്തിലെ ഒരു സ്ഥലമാണ് ഈ സൗദാബാദ് എന്നത് മാത്രമാണ്. അതും 1954 ൽ സൗദി രാജാവായ സൗദ് കറാച്ചിക്കടുത്ത് ഒരു ഹൗസിങ്ങ് പ്രോജക്ട് അഥവാ സ്കീമിനു തറക്കല്ലിട്ടതിന്റെ ഉപകാരസ്മരണയ്ക്ക് ആ ഹൗസിങ്ങ് പ്രോജക്ട് സൗദാബാദ് എന്നറിയപ്പെട്ടു. ( Saudi Royals who have visited Pakistan till date, Sabir Shah February 15, 2019) അങ്ങനെ സൗദി രാജാവിനോട് പാകിസ്ഥാനികൾ കാട്ടിയ ഉപകാരസ്മരണയുടെ പേരാണ് സൗദാബാദ് . അതിനു ഇന്ത്യ മഹാരാജ്യത്തിലെ തെക്കേയറ്റത്തുള്ള കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിൽ എന്താണ് പ്രസക്തി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

എന്തായാലും മലപ്പുറത്തെ തിരൂരിൽ സോപാന പടിയും പൂണൂലിട്ട എഴുത്തച്ഛന്റെ പ്രതിമയും കാരണം തകർന്ന മതേതരത്വം അതേ ജില്ലയിലെ തിരൂരങ്ങാടിയിൽ സൗദാബാദിൽ പൂത്തു വിടർന്നു നില്ക്കുന്നുണ്ടല്ലോ. മലയാള ഭാഷയുടെ പിതാവിനു നല്കാത്ത ഔന്നത്യം സൗദി രാജാവിനു നല്കുന്ന പ്രബുദ്ധത ! 1968 മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജിൽ എല്ലാ ആനുകൂല്യങ്ങളും നല്കുന്നത് സൗദി രാജാവാണെന്ന് അറിഞ്ഞില്ല ഉണ്ണികളേ ! ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ഷേക്സ്പിയറിനു പറയാം. എന്നാൽ കേവലം ഒരു പേര് കാരണം അറ്റ് വീണ കൈപ്പത്തി പറയുന്നുണ്ട് ചില പേരുകളിലെങ്കിലും പലതുമുണ്ടെന്ന് . പേരിന്റെ വാല് നോക്കി സവർണ്ണത തിരയുന്ന ഒരൊറ്റ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർക്കും സൗദാബാദ് കാണുമ്പോൾ ഒന്നും തോന്നില്ലായെന്നതിലുണ്ട് നമ്മുടെ ഉള്ളിലെ പൊളളത്തരം . ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ശ്രീ.ശങ്കരന്റെ പ്രതിമ വച്ചാൽ തകരുന്ന മതേതരത്വവും ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയിലെ ലോഗോയിൽ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ രൂപം വച്ചാൽ ഇടിഞ്ഞു പൊളിയുന്ന മതേതരത്വവും പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിനു സൗദാബാദ് എന്ന് പുനർനാമകരണം ചെയ്യുമ്പോൾ തല ഉയർത്തി നില്ക്കുന്നത് കാണുമ്പോൾ വല്ലാത്ത രോമാഞ്ചം . ഭാഷാപിതാവിന്റെ ജന്മദേശത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ കഴിയാത്ത ഗതികേടിന്റെ പേരും എന്നാൽ അതേ ജില്ലയിൽ ഒരു പാക്കിസ്ഥാൻ നഗരത്തിന്റെ പേര് വാഴ്ത്തുപ്പാട്ടാവുന്ന നിലപാടിന്റെ പേരും ഒന്നാണ് – ഹലാൽ കേരളം.’

അഞ്ജു പാർവതി

shortlink

Related Articles

Post Your Comments


Back to top button