KeralaLatest NewsNews

‘ഷാന്‍ മുഹമ്മദിന് പരസ്യ സംരക്ഷണം, മാത്യു കുഴല്‍നാടന്‍ കേരളത്തിന് അപമാനം’: നാളെ പ്രതീകാത്മക ജനകീയ വിചാരണയുമായി ഡിവൈഎഫ്‌ഐ

നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടത്

തിരുവനന്തപുരം : പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ പ്രതീകാത്മകമായി ജനകീയമായി വിചാരണ ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ. പ്രതിയെ പരസ്യമായി ന്യായീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് എംഎല്‍എ മാത്യു കുഴല്‍നാടന്‍.  ഷാന്‍ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴല്‍നാടന്റെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും നീതിപീഠത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നിലപാട് ഒരു ജനപ്രതിനിധിക്ക് ചേരുന്നതല്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടത് എന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.

read also: ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ മാണിയെ സര്‍ക്കാര്‍ അഴിമതിക്കാരനാക്കി: കുഞ്ഞാലിക്കുട്ടി

പ്രസ്താവന പൂർണ്ണ രൂപം

പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. മാത്യു കുഴല്‍നാടന്‍ ഇരയെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ വിധിയിലൂടെ കുഴല്‍നാടനും കൂട്ടരും കെട്ടിപൊക്കിയ നുണക്കഥകള്‍ പൊളിഞ്ഞുവീണിരിക്കുകയാണ്. നീതിപീഠത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നിലപാട് ഒരു ജനപ്രതിനിധിക്ക് ചേരുന്നതല്ല. പോക്‌സോ കേസില്‍ ഷാന്‍ മുഹമ്മദിനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്നാണ് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസും ഇതുവരെ അവകാശപ്പെട്ടിരിന്നത്. ഇരയോടൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധി വേട്ടക്കാരനൊപ്പം നില്‍ക്കുന്നത് നീതീകരിക്കാനാകില്ല.

പ്രതിയെ പരസ്യമായി ന്യായീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് എംഎല്‍എ. കുഴല്‍നാടന്‍ കോടതിയില്‍ ഹാജരായില്ലെങ്കിലും പ്രതിയ്ക്കുവേണ്ടി ഹാജരായ ആസിഫ് അലി കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ് ഇത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസ് ഇതുവരെയും നടപടിയെടുത്ത് പുറത്താക്കിയിട്ടില്ല. ഇവര്‍ ജനാധിപത്യ കേരളത്തോട് മാപ്പു പറയണം. നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് കുഴല്‍നാടന്‍ ചെയ്യേണ്ടത്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് പോക്‌സോ കേസ് പ്രതിയേയും സഹായിയായ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ നേതാവിനെ സംരക്ഷിക്കുന്ന മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ ഡിവൈഎഫ്‌ഐ ജനകീയമായി വിചാരണ ചെയ്യും. നാളെ രാവിലെ 10 മണിക്ക് മൂവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്ന പ്രതീകാത്മക ജനകീയ വിചാരണ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എ അന്‍ഷാദ്, ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button