Latest NewsIndia

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയുടെ നാലുകോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

നൂറുകോടി രൂപയുടെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി.

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ നാലുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 4.20 കോടിയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. നൂറുകോടി രൂപയുടെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരമാണ് സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഇഡി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് മൂന്നുതവണ എന്‍സിപി നേതാവായ ദേശ്മുഖിന് ഇഡി സമന്‍സ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഇഡിക്ക് മുമ്പ് ഹാജരാവാതെ അനില്‍ ദേശ്മുഖ് ഒഴിഞ്ഞുമാറിയത്. അതിനിടെ ഭാര്യയെയും മകനെയും ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇവരും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇതുവരെ ഹാജരായിട്ടില്ല.

തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങിയത്. സംഭവത്തില്‍ മുംബൈയിലെ പത്തോളം ബാറുടമകള്‍ മൂന്ന് മാസങ്ങളിലായി അനില്‍ ദേശ്മുഖിന് നാല് കോടിയോളം രൂപ നല്‍കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അനില്‍ ദേശ്മുഖിന്റെ പണമിടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്ന ഇഡി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമി ഇടപാടുകളും നിരീക്ഷിച്ചിരുന്നു.

സംസ്ഥാനത്തെ ബാറുകളില്‍നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ച്‌ നല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണമാണ് മഹാരാഷ്ട്ര സര്‍ക്കാരിനെയും അന്നത്തെ ആഭ്യന്തരമന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയത്. പിന്നാലെയുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും ദേശ്മുഖ് രാജിവച്ചത്.

മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് ഈ സംഭവങ്ങൾ പുറത്തു വന്നത്. മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരംബീര്‍ സിങ്ങിനെ അന്വേഷണ സംഘത്തില്‍നിന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയ്‌ക്കെതിരേ പരംബീര്‍ സിങ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തനിക്കെതിരായ ഇഡിയുടെ നടപടികളില്‍നിന്ന് സംരക്ഷണം തേടി ദേശ്മുഖ് സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button