KeralaLatest NewsNews

മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത്: ജോണ്‍ ബ്രിട്ടാസ്

പരമാധികാരമുള്ള രാജ്യങ്ങള്‍ക്കും അവരുടെ ഏജന്‍സികള്‍ക്കുമാണ് ഞങ്ങള്‍ ചാര സോഫ്റ്റ്‌വെയര്‍ വിറ്റിട്ടുള്ളത്.

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി. ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിന്‍റെ ഗതിവിഗതിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തലിനെ പറ്റി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഹിമകട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.ഏറെക്കാലമായി അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ വസ്തുതയുടെ കണികകള്‍ ആകുകയാണ്. 40 രാജ്യങ്ങളില്‍ 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ് വെളിപ്പെട്ടിരിക്കുന്നത്. ചാരവൃത്തിക്ക് മുന്നിട്ടുനില്‍ക്കുന്ന ഇസ്രായേലിലെ എന്‍ എസ് എന്ന കമ്പനിയുടെ പെഗ്സിസ് എന്ന് ചാര സോഫ്റ്റ്‌വെയറാണ് ജനാധിപത്യത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്ന പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍…… എന്തിനേറെ സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍…… പട്ടിക നീളുകയാണ്.

ഏവരും പ്രതീക്ഷിച്ചതുപോലെ വാര്‍ത്ത പുറത്ത് വന്ന നിമിഷത്തില്‍ തന്നെ തങ്ങള്‍ക്ക് പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷേധ കുറിപ്പിലൂടെ പറഞ്ഞു.ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള ഒരു തന്ത്രം.വാട്സ്‌ആപ്പ് കൊടുത്ത കേസില്‍ പെഗാസിസ് ഉടമസ്ഥര്‍ തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പരമാധികാരമുള്ള രാജ്യങ്ങള്‍ക്കും അവരുടെ ഏജന്‍സികള്‍ക്കുമാണ് ഞങ്ങള്‍ ചാര സോഫ്റ്റ്‌വെയര്‍ വിറ്റിട്ടുള്ളത്. അമിത്ഷായുടെ പുത്രന്‍ ജയ് ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച്‌ വാര്‍ത്തകള്‍ എഴുതിയ പത്രപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് താല്പര്യം.

പുറത്തുവന്ന പേരുകള്‍ പരിശോധിച്ചാല്‍ ഒരു പാറ്റേണ്‍ വ്യക്തമാകും. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നവരാണ് പട്ടികയില്‍ ഉള്ളവര്‍ എല്ലാം തന്നെ.നിതിന്‍ ഗഡ്ഗരിയുടെയും സ്മൃതി ഇറാനിയുടെയും പേരുകള്‍ എന്തുകൊണ്ട് വന്നു എന്നതും സുവ്യക്തമാണ്. പലകാരണങ്ങള്‍കൊണ്ടും മോഡിക്ക് ഇവരെ സംശയമാണ്.

Read Also: കോവിഡ് വാക്‌സിനേഷന്‍: ജോ ബൈഡനും ഫേസ്ബുക്കും തമ്മില്‍ വാക്‌പോര്

പെഗാസിസ്ന്‍റെ വഴികള്‍ അത്യന്തം അപകടകരമാണ്.ചോര്‍ത്തലിന്റെ ലാഞ്ചന പോലും അവശേഷിപ്പിക്കാതെ പണി പൂര്‍ത്തിയാക്കി അപ്രത്യക്ഷമാകും. ഐഫോണ്‍ ഇന്‍സ്ട്രമെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ചോര്‍ത്തല്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയൂ. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ തെളിവ് പൂര്‍ണമായും തുടച്ചു നീക്കപ്പെടും. വാട്സ്‌ആപ്പ്, എസ്‌എംഎസ് വരെ ഏതു വഴിയിലൂടെയും ചാര സോഫ്റ്റ്‌വെയര്‍ കടന്നുവരും. സാധാരണഗതിയില്‍ നമ്മള്‍ സ്വീകരിക്കുന്ന ഒരു പ്രതിരോധ തന്ത്രവും വിജയിക്കില്ലെന്ന് അര്‍ത്ഥം.

ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിന്‍റെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാള്‍ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യയില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button