KeralaLatest NewsNews

മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയില്‍ പിടയുകയാണ് രാജ്യം: പെഗാസസ് വിഷയത്തിൽ വിമര്‍ശനവുമായി തോമസ് ഐസക്ക്

പെഗാസസ് സോഫ്റ്റുവെയര്‍ ഇന്ത്യാ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോ?

തിരുവനന്തപുരം : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രി തോമസ് ഐസക്ക്. അത്യന്തം ഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്നും ഒരു മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയില്‍ പിടയുകയാണ് രാജ്യമെന്നും തോമസ് ഐസക്ക് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഒരുതരം മനുഷ്യാവകാശങ്ങള്‍ക്കും നിലനില്‍പ്പില്ലാത്ത സ്ഥിതിയിലേയ്ക്കുള്ള പതനം അകലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ പാര്‍ലമെന്റേറിയന്മാര്‍, ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്തിന് ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെയൊക്കെ ഫോണുകളില്‍ നിന്ന് വിവരം ചോര്‍ത്താന്‍ ഇസ്രായേല്‍ നിര്‍മ്മിത ചാരസോഫ്റ്റുവെയര്‍ ഉപയോഗിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്ക്കു മുന്നില്‍ ഉരുണ്ടു കളിക്കുകയാണ് അമിത് ഷായും ബിജെപിയും. നേര്‍ക്കുനേരെ ഉയര്‍ന്ന ചോദ്യത്തിനല്ല അവര്‍ മറുപടി പറയുന്നത്. ചോദ്യം ലളിതമാണ്. പെഗാസസ് സോഫ്റ്റുവെയര്‍ ഇന്ത്യാ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോ? ഇല്ല എന്ന മറുപടി എന്തുകൊണ്ടാണ് ധൈര്യത്തോടെ ജനങ്ങളോടു പറയാന്‍ കേന്ദ്രസര്‍ക്കാരിനും അതിന്റെ സര്‍വശക്തരായ പ്രതിനിധികള്‍ക്കും കഴിയാതെ പോകുന്നത്?’

read also: ട്രാൻസ് കമ്മ്യൂണിറ്റിയെ ടൂൾ കിറ്റായിട്ട് ഉപയോഗിക്കുന്നു: വിപ്ലവസിംഹങ്ങളുടെ ശിഖണ്ഡി വിളിയിൽ എല്ലാം വ്യക്തം, അഞ്‍ജു

‘ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായവര്‍ വരെ ചോര്‍ത്തല്‍ പട്ടികയിലുണ്ട്. തകര്‍ന്നു തരിപ്പണമായിക്കിടക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ്യത. എന്നിട്ടും ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി നേതാവ് രവിശങ്കര്‍പ്രസാദുമൊക്കെ വാചാടോപങ്ങളുടെ കുമിളകള്‍ ഊതിക്കളിക്കുകയാണ്. തടസപ്പെടുത്തുന്നവര്‍ക്കു വേണ്ടി നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടാക്കിയ വിവാദമാണുപോലും. പ്രോജക്‌ട് പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ട ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെങ്കിലും ഈ വാചകമടി ദഹിക്കുമോ ആവോ? രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെയും നേതാക്കളുടെയും വിശ്വാസ്യത കടലെടുത്തു നില്‍ക്കുന്ന സമയത്ത് ഇത്തരം നനഞ്ഞ പടക്കങ്ങളുമായി പ്രതിരോധത്തിനിറങ്ങാന്‍ അമിത്ഷായ്ക്കു മാത്രമേ കഴിയൂ. മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ന്യായമാണ് കേമം. 45 ഓളം രാജ്യങ്ങള്‍ പെഗസസ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് എന്നാണ് അദ്ദേഹത്തിന്റെ എമണ്ടന്‍ ചോദ്യം. സ്വന്തം കണങ്കാലിലേയ്ക്ക് കോടാലി വലിച്ചെറിയാന്‍ ബിജെപി നേതാക്കളെക്കഴിഞ്ഞേ ആരുമുള്ളൂ.

45 രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നു എന്ന് രവിശങ്കര്‍ പ്രസാദ് സമ്മതിച്ചു കഴിഞ്ഞു. ഗവണ്മെന്റുകള്‍ക്കാണ് ഈ സോഫ്റ്റുവെയര്‍ വിറ്റത് എന്ന് നിര്‍മ്മാതാക്കളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഈ 45 രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യം നമ്മുടെ കേന്ദ്രമന്ത്രിമാരുടെയും ജഡ്ജിമാരുടെയും എംപിമാരുടെയും ഫോണ്‍ ചാരവൃത്തിയ്ക്കുപയോഗിക്കാനുള്ള സാധ്യതയെ രവിശങ്കര്‍ പ്രസാദ് എങ്ങനെയാണ് കാണുന്നത്? ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി സോഫ്റ്റുവെയറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനു ശേഷമാണ് വാര്‍ത്ത പുറത്തുവിട്ടത് എന്നാണ് പ്രോജക്‌ട് പെഗാസസുകാരുടെ അവകാശവാദം. അതു സ്ഥിരീകരിക്കണമെങ്കില്‍ അന്വേഷണം നടക്കണ്ടേ. ഇന്ത്യ ഈ സോഫ്റ്റുവെയര്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍, മറ്റേതെങ്കിലും രാജ്യം നമ്മുടെ നാട്ടില്‍ ഈ ചാരപ്പണി നടത്തിയിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് സര്‍ക്കാര്‍ എന്തിന് വൈമുഖ്യം കാണിക്കണം? മറ്റുള്ളവരുടെ ഫോണ്‍ പോകട്ടെ, ബിജെപിക്കാരായ കേന്ദ്രമന്ത്രിമാരുടെ ഫോണിലെ വിവരങ്ങള്‍ ഏതെങ്കിലും ശത്രുരാജ്യം ചോര്‍ത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ. അതിന് ബിജെപി തയ്യാറല്ല. അവിടെയാണ് അമിത്ഷായുടെയും രവിശങ്കര്‍ പ്രസാദിന്റെയുമൊക്കെ വാദങ്ങള്‍ എട്ടു നിലയില്‍ പൊട്ടുന്നത്.

45 രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ട് എന്ന മുന്‍ കേന്ദ്രമന്ത്രിയും പ്രബല ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണമല്ലാതെ സര്‍ക്കാരിനു മുന്നില്‍ പോംവഴികളൊന്നുമില്ല. ഞഞ്ഞാമിഞ്ഞാ ന്യായം പറഞ്ഞ് അന്വേഷണത്തില്‍ നിന്ന് രക്ഷപെടാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരിനെയും അനുവദിക്കുകയുമില്ല. വഴിയുമില്ല. എല്ലാ ഏകാധിപതികളുടെയും കൂടെപ്പിറപ്പാണ് അവിശ്വാസം. എതിരാളികളെ മാത്രമല്ല, സ്വന്തം പാര്‍ടിയിലുള്ളവരെയും അവര്‍ സദാ അവിശ്വാസത്തോടെ നിരീക്ഷിക്കും. പെഗാസസ് വഴിയുള്ള ചാരവൃത്തിയുടെ ലക്ഷ്യം എതിരാളികളുടെ നീക്കം ചോര്‍ത്തലും ഉള്ളിലിരിപ്പ് അറിയിലും മാത്രമല്ല. എതിരാളികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെന്നേയ്ക്കുമായി ജയിലില്‍ തള്ളാന്‍ ആവശ്യമായ തെളിവുകള്‍ സ്ഥാപിക്കാനും സോഫ്‌റ്റ്വെയറിന് കഴിയും. എതിരാളികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ മതി. അവരുടെ ഫോണിലും കമ്ബ്യൂട്ടറിലും ഇമെയിലുകളിലും രാജ്യദ്രോഹക്കുറ്റത്തിനുള്ളില്‍ തെളിവുകള്‍ സോഫ്റ്റുവെയറുകള്‍ സ്ഥാപിച്ചു കൊടുക്കും. ഏതെങ്കിലും പെറ്റിക്കേസില്‍ അറസ്റ്റു ചെയ്ത് ഫോണോ കമ്ബ്യൂട്ടറോ പിടിച്ചെടുത്താല്‍ മതി. ആജീവനാന്തകാലം ജയിലില്‍ തള്ളാനുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കുള്ള തെളിവുകള്‍ അവയിലുണ്ടാകും. അത്യന്തം ഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഒരു മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയില്‍ പിടയുകയാണ് രാജ്യം. ഒരുതരം മനുഷ്യാവകാശങ്ങള്‍ക്കും നിലനില്‍പ്പില്ലാത്ത സ്ഥിതിയിലേയ്ക്കുള്ള പതനം അകലെയല്ല.’- തോമസ് ഐസക്ക് കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button