KeralaNattuvarthaLatest NewsNews

തലചായ്ക്കാൻ ഇടമില്ല, ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും

ബിരുദത്തിന് പഠിക്കുമ്പോൾ സർവകലാശാലയുടെ സംസ്ഥാന തല മത്സരങ്ങളിൽ 53 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായി മൂന്നു വർഷം ഒന്നാം സ്ഥാനം നേടി

ഹരിപ്പാട്: തലചായ്ക്കാൻ ഇടമില്ലാത്തതിനാൽ ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും. തുടർച്ചയായി മൂന്നുതവണ കേരള സർവകലാശാല ഗുസ്തി മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത മുതുകുളം മംഗലത്ത് തറയിൽ വീട്ടിൽ കൃഷ്ണപ്രിയയും അമ്മ ലതയുമാണ് സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധുവിന്റെ വീട്ടിൽ കഴിയുന്നത്. പതിനാല് വർഷം മുമ്പ് തന്നെയും അമ്മയെയും ഉപേക്ഷിച്ചുപോയ അച്ഛൻ രഘു തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു കൃഷ്ണപ്രിയ. എന്നാൽ അച്ഛൻ കണ്ണൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം കഴിഞ്ഞയാഴ്ച ഇവരെ തേടിയെത്തി.

ആറാം ക്ലാസ് മുതലാണ് കൃഷ്ണപ്രിയ ഗുസ്തി പരിശീലിച്ച് തുടങ്ങുന്നത്. ഏഴാം ക്ലാസ് മുതൽ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. 2014 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ 46 കിലോഗ്രാം വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ അഞ്ചാം സ്ഥാനവും നേടിയ കൃഷ്ണപ്രിയ ഹയർസെക്കൻഡറി തലത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ബിരുദത്തിന് പഠിക്കുമ്പോൾ സർവകലാശാലയുടെ സംസ്ഥാന തല മത്സരങ്ങളിൽ 53 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായി മൂന്നു വർഷം ഒന്നാം സ്ഥാനം നേടി. തുടർന്ന് ദേശീയ മത്സരങ്ങളിലും പങ്കെടുത്ത കൃഷ്ണപ്രിയ റസ്ലിങ് ഫെഡറേഷന്റെ മത്സരങ്ങളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .

സ്കൂൾ വിദ്യാഭ്യാസകാലം മുതൽ കൃഷ്ണപ്രിയ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. അമ്മ ലത എറണാകുളത്ത് സ്വകാര്യ സ്കൂളിൽ ജീവനക്കാരിയായതിനാൽ അവിടെയായിരുന്നു താമസം. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളും കോളജും അടച്ചതോടെ ഇരുവർക്കും വീട്ടിൽ സ്ഥിരമായി നിൽക്കേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു. തുടർന്നാണ് ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയത്. ഇവർക്ക് സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ സർക്കാരിൽ നിന്നും വീട് ലഭിക്കുന്നതിനും തടസങ്ങളുണ്ട്. നിലവിൽ സമീപവാസികളായ കുട്ടികൾക്ക് ട്യൂഷനെടുത്ത് ലഭിക്കുന്ന വരുമാനം മാത്രമാണ് കൃഷ്ണപ്രിയയ്ക്കും അമ്മയ്ക്കും ആശ്രയം. സ്വന്തമായി ഒരു വീട് വേണമെന്നും ബിരുദാനന്തര ബിരുദത്തിന് പഠിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പരിശീലനം തുടരണമെന്നുമാണ് കൃഷ്‌ണപ്രിയയുടെ ആഗ്രഹം. ഫോൺ: 9747391677.

shortlink

Related Articles

Post Your Comments

Related Articles


Back to top button