Onam Games

ഓണക്കാലത്തെ മണ്‍മറഞ്ഞ അനുഷ്ഠാന കലകളെ കുറിച്ചറിയാം

ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങള്‍ നമ്മുടെ സംസ്‌കൃതിയുമായി അലിഞ്ഞുചേര്‍ന്നിട്ടുള്ളവയാണ്. നഗരങ്ങളിലേക്കാളേറെ നാട്ടിന്‍പുറങ്ങളിലാണ് ഇവയ്ക്ക് പ്രചാരം കൂടുതലുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരില്‍ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്.

ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ‘ഓണത്താര്‍’ എന്നാണ് പേര്. വണ്ണാന്‍മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ് ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലയിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.

വേലന്‍ തുള്ളല്‍

‘ഓണം തുള്ളല്‍’ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തില്‍പ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകള്‍തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പില്‍ വച്ചാണ് ആദ്യപ്രകടനം. തുടര്‍ന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലന്‍, വേലത്തി, പത്ത് വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടി, കുടുംബത്തില്‍ പെട്ട ഏതെങ്കിലും ഒരു പുരുഷന്‍ ഇവരാണ് സാധാരണയായി സംഘത്തില്‍ ഉണ്ടാവുക. ഓട്ട് കിണ്ണത്തില്‍ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷന്‍ കൊട്ടുമ്പോള്‍ വേലത്തി കൈത്താളമിടുന്നു.പെണ്‍കുട്ടി കുരുത്തോല കൊണ്ട് നിര്‍മിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.

ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാല്‍ മാവേലിയുടെ വരവിനെ പ്രകീര്‍ത്തിച്ചു കൊണ്ട് പാട്ടുകള്‍ പാടുന്നു. തുടര്‍ന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദര്‍ശനം മുഴുവനും പാടുന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവര്‍ത്തല്‍, അറവുകാരന്‍ എന്നീ കലാപ്രകടനങ്ങള്‍ വേലത്തി നടത്തുന്നു. നാടിനും നാട്ടാര്‍ക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങള്‍ നേര്‍ന്ന് വേലന്‍ തുള്ളല്‍ അവസാനിക്കുമ്പോള്‍ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാന്‍ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്

ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍)

ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരന്‍. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാര്‍ക്ക് രാജാക്കന്‍മാര്‍ നല്‍കിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്.

ഓണവില്ല്

ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാന്‍ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവര്‍ കൊട്ടിയാല്‍ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിന്‍ പോലെയുള്ള ഉപകരണമാണ്. പണ്ട് കാലങ്ങളില്‍ ഓണക്കാലമായല്‍ ഓണവില്ലിന്റെ പാട്ട് കേള്‍ക്കാത്ത വീടുകള്‍ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേല്‍ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാന്‍ പറ്റൂ എന്നതിനാല്‍ അഭ്യസിക്കാന്‍ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.

ഓണക്കളികള്‍

ആട്ടക്കളം കുത്തല്‍

പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തില്‍ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊടുകയോ ആളെ തൊടുകയോ ചെയ്താല്‍ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാന്‍ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാല്‍ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരേയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button