Latest NewsKeralaNews

മരംമുറി കേസ്: മുഴുവൻ കുറ്റവും റവന്യു വകുപ്പിന്റെ തലയിൽ കെട്ടിവെച്ച് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: മരം കൊള്ള വിവാദത്തിൽ മുഴുവൻ പിഴവും റവന്യു വകുപ്പിന്റെ തലയിൽ കെട്ടിവച്ച് വനം വകുപ്പ്. സർക്കാരിന് കൈമാറിയ അന്വേഷണ റിപ്പോർട്ടിലാണ് മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് റവന്യു വകുപ്പിനെ പഴിചാരിയിരിക്കുന്നത്. റവന്യു വകുപ്പിൽ നിന്നുള്ള വിവാദ ഉത്തരവും ഈ ഉത്തരവിന്റെ ചുവടുപിടിച്ച് വിവിധ തഹസിൽദാർമാർ നൽകിയ നിർദേശങ്ങളുമാണ് മരംകൊള്ളയ്ക്ക് കാരണമെന്നാണ് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വനം വിജിലൻസ് പിസിസിഎഫ് ഗംഗാസിങാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

Read Also: മുതിർന്ന സി.പി.എം നേതാവ് ദേശീയപതാക ഉയര്‍ത്തിയത് തലതിരിച്ച്‌

2248 തേക്ക് മരങ്ങളും (1612 മെട്രിക് ടൺ) 171 ഈട്ടി മരങ്ങളും (327.584s മട്രിക് ടൺ) അനധികൃതമായി മുറിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. 28 വനം റേഞ്ച് ഓഫിസുകളുടെ പരിധിയിൽ മരംമുറി നടന്നു. പട്ടയ ഭൂമിയിൽ അനധികൃത മരങ്ങൾ മുറിക്കാനായി 483 പെർമിറ്റുകൾ നൽകി. മിക്ക സ്ഥലത്തും റവന്യു അധികൃതർ നൽകിയ ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മരം മുറി അനുവദിച്ചത്. ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ചത് എറണാകുളത്ത് നിന്നാണ്. 205 മരങ്ങളാണ് ഇവിടെ നിന്നും മുറിച്ച് മാറ്റിയത്. ഇടുക്കിയാണ് രണ്ടാംസ്ഥാനത്ത്. നേര്യമംഗലം റേഞ്ചിൽ മാത്രം 147 പെർമിറ്റുകൾ നൽകി. അടിമാലിയിൽ 56, മുള്ളരിങ്ങാട് 46, തട്ടേക്കാട് 40, മച്ചാട് 35 എന്നിങ്ങനെ പെർമിറ്റുകൾ നൽകി. സർക്കാർ വില കണക്കാക്കി മാത്രം ആകെ 1441.751 ലക്ഷത്തിന്റെ മരം മുറിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റവന്യു വകുപ്പിൽ നിന്ന് ഒക്ടോബർ 24 ന് ഇറക്കിയ ഉത്തരവ് അതേപടി പാലിച്ച് മരം മുറിക്കാൻ അപേക്ഷ നൽകുന്നവരെ തടഞ്ഞാൽ നടപടിയുണ്ടാവുമെന്ന് കോന്നി തഹസിൽദാർ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു. കൈവശ സർട്ടിഫിക്കറ്റ് നൽകേണ്ടത് വില്ലേജ് ഓഫിസറുടെ ചുമതല ആണെന്നും തഹസിൽദാർ അറിയിച്ചിരുന്നു. അടിമാലി റേഞ്ചിനു കീഴിൽ ദേവികുളം തഹസിൽദാർ, വെള്ളത്തൂവൽ കൊന്നത്തടി മണ്ണാർകണ്ടം ആനവിരത്തി വില്ലേജ് ഓഫിസർമാർ ബാധ്യതാരഹിത സർട്ടിഫിക്കറ്റുകൾ നൽകി. അടിമാലിയിൽ ഒരു പെർമിറ്റ് ഉപയോഗിച്ച് 5 തേക്ക് മരങ്ങൾ വരെ വെട്ടി. 18 കൂറ്റൻ ഈട്ടിമരങ്ങൾ മുറിക്കാനുള്ള  പെർമിറ്റ് നൽകിയത് ഒക്ടോബർ 24 ന്റെ ഉത്തരവ് റദ്ദാക്കിയ ശേഷമാണ്. മണ്ണാർകണ്ടം വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വച്ചാണ് നേര്യമംഗലത്ത് പെർമിറ്റ് നൽകിയത്. ഇതിനു പുറമെ, 44 പെർമിറ്റുകൾ ഉത്തരവ് റദ്ദാക്കിയ ശേഷം നൽകി. എരുമേലി, അച്ചൻകോവിൽ, തെൻമല, പത്തനാപുരം, കുളത്തൂപ്പുഴ, പരുത്തിപ്പള്ളി, പാലോട്, അഞ്ചൽ എന്നിവിടങ്ങളിൽ നിന്നും പെർമിറ്റുകൾ നൽകിയത് ഉത്തരവ് റദ്ദാക്കിയ ശേഷമാണ്. മച്ചാട് റേഞ്ചിൽ 35 പെർമിറ്റുകൾ നൽകിയതിൽ 5 എണ്ണവും ഉത്തരവ് റദ്ദാക്കിയ ശേഷമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read Also: മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ആശയം ആര്‍എസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാനം: പ്രകാശ് കാരാട്ട്

വയനാട്ടിൽ വില്ലേജ് ഓഫിസർമാരുടെ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഈട്ടിമരങ്ങൾ മുറിച്ചത്. വനം ഉദ്യോഗസ്ഥരുടെ അറിവില്ല. 26 തേക്കും 3 ഈട്ടിയും മുറിച്ചത് ഒരു അനുമതിയും ഇല്ലാതെയാണ്. സുൽത്താൻ ബത്തേരിയിൽനിന്ന് 60 തേക്കും അനുമതി ഇല്ലാതെ മുറിച്ചു. 100 ക്യുബിക് മീറ്ററിൽ മുകളിൽ മരം മുറിച്ചത് നേര്യമംഗലം, മച്ചാട്, അടിമാലി റേഞ്ചുകളിൽ. വയനാട്ടിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറാണ് മരംമുറിക്ക് പൂർണ ഉത്തരവാദി. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും രേഖകളില്ലാതെ മരം മുറിച്ച പട്ടയ ഉടമകൾ മാത്രമാണ് കുറ്റക്കാർ. എടവണ്ണയിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വെട്ടിയ മരങ്ങളെല്ലാം തിരിച്ചു പിടിച്ചിട്ടുണ്ട്. അടിമാലിയിൽ റേഞ്ച് ഓഫിസറും വിവിധ വില്ലേജ് ഓഫിസർമാരുമാണ് ഉത്തരവാദികൾ. 8 പാസുകൾ ഒരു രേഖയുമില്ലാതെ നൽകിയ അടിമാലി റേഞ്ച് ഓഫിസർ കുറ്റക്കാരനാണ്. ഉത്തരവ് റദ്ദാക്കിയ ശേഷം 18 പെർമിറ്റുകൾ ഈ റേഞ്ച് ഓഫിസർ നൽകിയതും തെറ്റാണ്. പട്ടയ ഭൂമിയിലെ മരമാണെന്ന് വ്യക്തമായിട്ടും മച്ചാട് റേഞ്ച് ഓഫിസർ 35 പെർമിറ്റുകൾ നൽകി. ഇതിൽ 5 എണ്ണം ഉത്തരവ് റദ്ദാക്കിയ ശേഷമാണ് നൽകിയത്. പേട്ടിക്കാട് റേഞ്ചിൽ 13 പെർമിറ്റുകൾ അനധികൃതമായി നൽകിയിട്ടുണ്ട്. എന്നാൽ മരം തിരികെ പിടിക്കാൻ നടപടി എടുത്തതിനാൽ റേഞ്ചർക്കെതിരെ നടപടി വേണ്ടെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

കോതമംഗലത്ത് വില്ലേജ് ഓഫിസർ നൽകിയ സർട്ടിഫിക്കറ്റിലെ അപാകതകൾ പിഴവായെന്നും റേഞ്ച് ഓഫിസറും വില്ലേജ് ഓഫിസറും ഉത്തരവാദികളാണെന്നും വനംവകുപ്പ് ആരോപിച്ചു. ഉത്തരവ് റദ്ദാക്കിയ ശേഷം പെർമിറ്റ് നൽകിയ കുളത്തൂപ്പുഴ റേഞ്ച് ഓഫിസറും മുള്ളരിങ്ങാട് വില്ലേജ് ഓഫിസറും എരുമേലി റേഞ്ച് ഓഫിസറും നോർത്ത് വില്ലേജ് ഓഫിസറും ഉത്തരവാദികളാണ്. മരം സംരക്ഷിക്കാൻ പട്ടയ ഉടമകൾക്ക് പൂർണ ഉത്തരവാദിത്തം ഉണ്ടെന്നും പട്ടയ ഭൂമിയിൽ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ മരങ്ങളുടെ കണക്ക് അടിയന്തരമായി വനം ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

Read Also: മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ആശയം ആര്‍എസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാനം: പ്രകാശ് കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button