KeralaLatest NewsNews

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ തലകീഴായില്ലെങ്കിലേ അദ്ഭുതമുള്ളൂ: വിമർശനവുമായി തോമസ് ഐസക്

ആരും ഒന്നും മറന്നിട്ടില്ല എന്ന് ആര്‍എസ്‌എസിനെ ഓര്‍മ്മപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ സന്ദര്‍ഭമാകണം ഓരോ സ്വാതന്ത്ര്യദിനവും.

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ദിനാഘോഷത്തിൽ ചരിത്രത്തിൽ ആദ്യമായി പാര്‍ട്ടി ഓഫീസുകളില്‍ സി.പി.എം ദേശീയപതാക ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സി.പി.എം നേതാവ് തോമസ് ഐസക്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്കു പരസ്യമായി പാദസേവ ചെയ്തുകൊടുക്കുകയും ചെയ്തവരുടെ കൈകളില്‍ രാജ്യഭരണം അമര്‍ന്നതിന്റെ നീറ്റലിലാണ് നാം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നതെന്നും ഇന്ന് ദേശസ്നേഹത്തിന്റെ ചാമ്ബ്യന്‍മാരായി അഭിനയിക്കുന്നവരുടെ തനിനിറം പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. ആര്‍.എസ്.എസ് മനപ്പൂര്‍വം മായിച്ചു കളയാന്‍ ശ്രമിക്കുന്ന ആ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാവണം നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

read also: ഒരൊറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ യാത്ര: കുറഞ്ഞ വിലയിൽ ഒല ഇലക്‌ട്രിക് സ്കൂട്ടര്‍ വിപണിയിലിറക്കി

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്കു പരസ്യമായി പാദസേവ ചെയ്തുകൊടുക്കുകയും ചെയ്തവരുടെ കൈകളില്‍ രാജ്യഭരണം അമര്‍ന്നതിന്റെ നീറ്റലിലാണ് നാം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്. ആരും ഒന്നും മറന്നിട്ടില്ല എന്ന് ആര്‍എസ്‌എസിനെ ഓര്‍മ്മപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ സന്ദര്‍ഭമാകണം ഓരോ സ്വാതന്ത്ര്യദിനവും. ഇന്ന് ദേശസ്നേഹത്തിന്റെ ചാമ്ബ്യന്‍മാരായി അഭിനയിക്കുന്നവരുടെ തനിനിറം പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. ആര്‍എസ്‌എസ് മനപ്പൂര്‍വം മായിച്ചു കളയാന്‍ ശ്രമിക്കുന്ന ആ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാവണം നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍.

എന്താണ് സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്‌എസിന്റെ പങ്ക്? മറ്റാരുമല്ല, ആ സംഘടനയുടെ നേതാക്കള്‍തന്നെ വഞ്ചനയുടെ ചരിത്രം ഔദ്ധത്യത്തോടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരോത്സുകനായി വന്ന ഒരു ചെറുപ്പക്കാരനെ ആര്‍എസ്‌എസ് സ്ഥാപകന്‍ നിഷ്ക്രിയനാക്കി മടക്കിയ ചരിത്രം സാക്ഷാല്‍ ഗോവള്‍ക്കര്‍ തന്നെ അഭിമാനത്തോടെ ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ആ സംഭവം ഇങ്ങനെയായിരുന്നു. ഉപ്പുസത്യാഗ്രഹം നടക്കുന്ന സമയം. സമരത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ച ഒരു ചെറുപ്പക്കാരനോട് ഹെഡ്ഗേവാര്‍ ചോദിക്കുന്നു. “നിന്റെ കുടുംബത്തെ ആരു നോക്കും?” രണ്ടു വര്‍ഷത്തേയ്ക്ക് വീട്ടുചെലവിനും പിഴയൊടുക്കുന്നതിനുമൊക്കയുള്ള പണവും സമാഹരിച്ചുവെച്ചിട്ടുണ്ടെന്ന് അയാളുടെ മറുപടി. എങ്കില്‍ രണ്ടുവര്‍ഷത്തേയ്ക്ക് സംഘ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കൂ എന്നായിരുന്നു ആര്‍എസ്‌എസ് നേതാവിന്റെ നിര്‍ദ്ദേശം. വീട്ടില്‍ മടങ്ങിയെത്തിയ ആള്‍ സമരത്തിനോ സംഘപ്രവര്‍ത്തനത്തിനോ പോയില്ലെന്ന് ഗോവള്‍ക്കര്‍ അനുസ്മരിക്കുന്നു. (Shri Guruji Samagar Darshan, (collected works of Golwalkar in Hindi), Vol IV, Bharatiya Vichar Sadhana, Nagpur)

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ വീറോടെ എത്തിയ ഒരാളെ നിഷ്ക്രിയനാക്കി മടക്കി അയച്ച സംഭവം എന്തിനാണ് ഗോള്‍വാള്‍ക്കറെപ്പോലൊരാള്‍ പ്രാധാന്യത്തോടെ രേഖപ്പെടുത്തി വെച്ചത്? സ്വാതന്ത്ര്യസമരത്തോടെകെയുള്ള തങ്ങളുടെ മനോഭാവം മറയില്ലാതെ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ക്വിറ്റ് ഇന്ത്യാ സമരകാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി. അക്കാലത്ത് സംഘപ്രവര്‍ത്തകര്‍ക്കു തന്നെ ആര്‍എസ്‌എസിന്റെ നിഷ്ക്രിയത്വത്തോട് വെറുപ്പും മടുപ്പും തോന്നിയിരുന്നു എന്ന് ഗോള്‍വാള്‍ക്കര്‍ തന്നെയാണ് എഴുതിവെച്ചിട്ടുള്ളത്. സംഘ് നിഷ്ക്രിയരുടെ ആള്‍ക്കൂട്ടമാണെന്നും അവരുടെ ഉദ്ഘോഷണങ്ങള്‍ അസംബന്ധമാണെന്നുമുള്ള തോന്നല്‍ സംഘത്തിനകത്തും വളര്‍ന്നുവെന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഗോള്‍വാള്‍ക്കര്‍ തന്നെയാണ്.

ആര്‍എസ്‌എസിന്റെ ബ്രിട്ടീഷ് വിധേയത്വം അക്കാലത്തെ സര്‍ക്കാര്‍ രേഖകളിലും വ്യക്തമാണ്. രോഹ്തക്കിലെ രഹസ്യയോഗത്തില്‍ പ്രസംഗിക്കവെ, ബ്രിട്ടീഷുകാര്‍ക്കെതിരല്ല, മുസ്ലിങ്ങള്‍ക്കെതിരാണ് സംഘത്തിന്റെ സമരം എന്ന് നാഗ്പൂരിലെ ദാദാബായി വ്യക്തമാക്കിയ വിവരം അക്കാലത്തെ ആഭ്യന്തര വകുപ്പിന്റെ രേഖകളിലുണ്ട്. നിയമലംഘനപ്രസ്ഥാനത്തില്‍ നിന്ന് ആര്‍എസ്‌എസ് വിട്ടുനിന്ന വിവരവും നിയമലംഘനത്തിരെയുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമസംരക്ഷക പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്‌എസുകാരെ പങ്കാളികളാക്കാമെന്ന നേതാക്കളുടെ വാഗ്ദാനവുമൊക്കെ അക്കാലത്തെ സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വായിക്കാം. ഇത്തരത്തില്‍ പ്രത്യക്ഷമായിത്തന്നെ ആര്‍എസ്‌എസ് സ്വാതന്ത്ര്യസമരത്തിനെതിരെ നിലപാടു സ്വീകരിച്ചിട്ടുണ്ട്.

ഇന്ന് തലതിരിച്ച്‌ പതാക ഉയര്‍ത്തിയാണ് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ത്രിവര്‍ണ പതാകയെ ദേശീയപതാകയായി അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ചരിത്രം ആര്‍എസ്‌എസിനുണ്ട്. സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തുവെങ്കിലും സ്വാതന്ത്ര്യം കിട്ടുമ്ബോള്‍ കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ ആര്‍എസ്‌എസിന് മടിയൊന്നുമുണ്ടായിരുന്നില്ല. National Flag എന്ന തലക്കെട്ടില്‍ ആര്‍എസ്‌എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ (1947 ജൂലൈ 17) ആണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ കോണ്‍സ്റ്റിറ്റ്യൂവെന്റ് അസംബ്ലി ഈ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. പകരം ത്രിവര്‍ണപതാക ദേശീയപതാകയായി അംഗീകരിച്ചു. ത്രിവര്‍ണക്കൊടി തിന്മയുടെ പ്രതീകമാണെന്നും ഹിന്ദുക്കള്‍ അംഗീകരിക്കുകയില്ലെന്നുമായിരുന്നു ഓര്‍ഗനൈസറിലൂടെ ആര്‍എസ്‌എസിന്റെ മറുപടി. ദേശീയപതാകയിലെ ത്രിവര്‍ണ സങ്കല്‍പത്തെ തിന്മയെന്ന് അധിക്ഷേപിച്ചവരുടെ പിന്മുറക്കാര്‍ ആ പതാക ഉയര്‍ത്തുമ്ബോള്‍ തലകീഴായിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഈ ചരിത്രവസ്തുതകളെ വിശകലനം ചെയ്തുവേണം പുതിയ തലമുറ വളര്‍ന്നു വരേണ്ടത്. ഇന്ന് തീവ്രദേശീയതയുടെ അട്ടഹാസം മുഴക്കുന്നവര്‍ക്ക് സ്വാതന്ത്ര്യസമരകാലത്തെ ഒറ്റികൊടുത്ത ഭൂതകാലമുണ്ട് എന്ന തിരിച്ചറിവ് നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാകണം. ആ ലക്ഷ്യത്തോടെ തന്നെയാണ് സിപിഐഎം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ബോധവത്കരണം പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിപിഐഎം ഗൌരവത്തോടെ ഏറ്റെടുക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button