PalakkadKeralaNattuvarthaLatest NewsNews

ജനങ്ങള്‍ അടിമകളല്ല, ബ്രിട്ടീഷുകാരുടെ സംഭാവനയായ സര്‍, മാഡം വിളി ഇനി മാത്തൂര്‍ പഞ്ചായത്തില്‍ വേണ്ട

പൊതുജനങ്ങളുടെ അറിവിലേക്ക് സര്‍ വിളി വിലക്കി ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

പാലക്കാട്: 1947 അര്‍ദ്ധരാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടും ഇന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെപ്പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആസ്വദിച്ചനുഭവിച്ചു പോന്ന രണ്ടു വാക്കുകളുണ്ട്. സര്‍, മാഡം. എന്നാല്‍ ഈ രണ്ടു വാക്കുകള്‍ ഇനി ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണ് പാലക്കാട്ടെ മാത്തൂര്‍ ഗ്രാമ പഞ്ചായത്ത്. പൊലീസ് സല്യൂട്ട് ചെയ്യണമെന്ന് തൃശൂര്‍ മേയര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കേരളത്തില്‍ തന്നെയാണ് ഈ സംഭവവും.

മാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായി മാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രതിഭ അറിയിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം എന്നിവ. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന കാലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പുന പരിശോധിക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.

പഞ്ചായത്തില്‍ എത്തുന്ന ഏതൊരു പൗരനും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയെയോ ജീവനക്കാരേയോ സര്‍ എന്നതിന് പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗികഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാം. ഉദ്യോഗസ്ഥരുടെ തസ്തികകളും പേരും എല്ലാ ടേബിളിലും പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്ക് സര്‍ വിളി വിലക്കി ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button