USALatest NewsNewsInternational

ലോകം മറക്കാത്ത 9/11 എന്ന് കുറിച്ചിട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 20 വയസ്

ന്യൂയോര്‍ക്ക് : ഇന്ന് സെപ്റ്റംബര്‍ 11 , 20 വര്‍ഷം മുമ്പ് വരെ ഈ തിയതിയ്ക്ക് അത്രവലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 ലോക ചരിത്രത്താളുകളില്‍ ഇടംപിടിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ പതിനൊന്നാം തിയതിയാണ് ലോക വ്യാപാര തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങള്‍ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തില്‍ തകര്‍ന്നു വീണത്. മൂവായിരത്തോളം ആളുകളാണ് അന്നു നാലു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍നിന്നാണു 9/11 ആക്രമണത്തിലെ പൈലറ്റുമാരായിരുന്ന ഭീകരര്‍ എത്തിയത്. മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരനായിരുന്നു ഇതില്‍ പ്രധാനി. മധ്യപൂര്‍വ മേഖലയില്‍ നിന്നു ജര്‍മനിയിലെത്തി താമസിച്ചിരുന്ന ഇവര്‍ ബിന്‍ ലാദനില്‍ ആകൃഷ്ടരാകുകയും 1999 ല്‍ അഫ്ഗാനിസ്ഥാനിലെത്തുകയും ചെയ്തു. ആ സമയത്ത് 9/11 ഭീകരാക്രമണത്തിന്റെ കരടുരൂപം അഫ്ഗാനില്‍ ഉടലെടുക്കുകയായിരുന്നു. പാശ്ചാത്യ രീതികളും സാങ്കേതികവിദ്യകളും പരിചയമുള്ള ഇവര്‍ തന്നെയാണ് ഈ ആക്രമണം നയിക്കാന്‍ മികച്ചതെന്ന് ലാദന്‍ കണക്കുകൂട്ടി. മുഹമ്മദ് ആറ്റയെ സംഘത്തലവനായി അവരോധിച്ചു. ഇവര്‍ക്കൊപ്പം മറ്റു ചിലര്‍ കൂടി ചേര്‍ന്നതോടെ 19 അംഗ സംഘം വിമാനറാഞ്ചാന്‍ തയ്യാറായി.

Also Read:മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 80 വ്യവസായികളുടെ പരാതികൾ

സെപ്റ്റംബര്‍ 11 ന് ഭീകരര്‍ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ നിന്നായി 4 വിമാനങ്ങള്‍ റാഞ്ചി. ബോസ്റ്റണില്‍ നിന്നുള്ള ആദ്യ വിമാനം രാവിലെ എട്ടരയോടെ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചുകയറി. എന്നാല്‍ വിമാനാപകടം നടന്നതായാണ് ആളുകള്‍ക്കു തോന്നിയത്.

എന്നാല്‍ ആദ്യവിമാനം ഇടിച്ച് 17 മിനിറ്റുകള്‍ക്കു ശേഷം സൗത്ത് ടവറിലേക്ക് ബോസ്റ്റണില്‍ നിന്നുള്ള മറ്റൊരു വിമാനമായ യുണൈറ്റഡ് എയര്‍ലൈന്‍സ് 175 കൂടി ഇടിച്ചു കയറിയതോടെ ഇത് അമേരിക്കയ്ക്ക് നേരെ ഉണ്ടായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് മനസിലായി.
ഇതിനിടെ അമേരിക്കന്‍ പ്രതിരോധത്തിന്റെ സിരാകേന്ദ്രമായ പെന്റഗണിലും ആക്രമണം നടന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ് 77 എന്ന വിമാനമായിരുന്നു പെന്റഗണില്‍ ഇടിച്ചിറങ്ങിയത്.

രാവിലെ പത്തുമണിയോടെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറും അരമണിക്കൂറിനു ശേഷം നോര്‍ത്ത് ടവറും വീണു. പുകയും പൊടിയും ചാരവും ന്യൂയോര്‍ക്കില്‍ മേഘങ്ങള്‍ പോലെ ഉയര്‍ന്നുപൊങ്ങി. 2750 പേര്‍ ന്യൂയോര്‍ക്കിലും, 184പേര്‍ പെന്റഗണിലും 40 പേര്‍ പെന്‍സില്‍വേനിയയിലും മരിച്ചെന്നാണു കണക്ക്. ആക്രമണത്തിനു വന്ന 19 ഭീകരരും കൊല്ലപ്പെട്ടു.

Also Read:‘കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ ഇതിനു മുൻപും അസമയത്ത് പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ട്’: കൗൺസിലർ

ഭീകരാക്രമണങ്ങളും ഭീകരരും അതിനു മുന്‍പ് പലരാജ്യങ്ങളിലും പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സംഭവമില്ലായിരുന്നു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നില്‍ അല്‍ ഖ്വയ്ദ തലവനായ ഒസാമ ബിന്‍ ലാദന്‍ എന്ന കൊടുംഭീകരന്റെ ബുദ്ധിയാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും ലാദന്‍ അഫ്ഗാനിലെ ഒളിസങ്കേതത്തിലേയ്ക്ക് മാറിയിരുന്നു. ഒസാമ ബിന്‍ ലാദനെ തേടി അമേരിക്ക അഫ്ഗാനിലെത്തി. പിന്നീട് യുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. 20 വര്‍ഷങ്ങളോളം നീണ്ടു നിന്ന ആ യുദ്ധത്തിന് അവസാനം കുറിച്ചത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലാണ് എന്നതും യാദൃശ്ചികം.

ഒസാമ ബിന്‍ലാദനാണ് 9-11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കുപ്രസിദ്ധനെങ്കിലും ഈ ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായി യുഎസ് വിലയിരുത്തുന്നത് ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003 ല്‍ അറസ്റ്റിലായ ഇയാള്‍ പിന്നീട് ഗ്വാണ്ടനാമോ തടവറയിലേക്ക് അയയ്ക്കപ്പെട്ടു. 1996ല്‍ അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളിലെ രഹസ്യതാവളത്തില്‍ വച്ചാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തുന്നത്. എംബസികള്‍ക്കു നേരെയല്ല മറിച്ച് പ്രതിയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍തന്നെ കയറി ആക്രമിക്കണമെന്നായിരുന്നു ഖാലിദിന്റെ വാദം.

വിമാനങ്ങള്‍ ഉപയോഗിച്ചു യുഎസിലെ പ്രധാനകേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതി ഖാലിദാണ് ലാദനോടു വിശദീകരിച്ചതെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button