Latest NewsIndia

4 മൃതദേഹങ്ങള്‍ക്കൊപ്പം 5 ദിവസം കഴിഞ്ഞ കൈക്കുഞ്ഞ് മരിച്ചു, എല്ലാത്തിനും കാരണം ഭാര്യയുടെ പിടിവാശിയെന്ന് ഗൃഹനാഥന്റെ പരാതി

പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിട്ടും ഇവരെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചില്ല

ബംഗളൂരു: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയ്ക്കെതിരെ കുറ്റം ആരോപിച്ച്‌ ഗൃഹനാഥന്‍ പരാതി നല്‍കി. പ്രാദേശിക കന്നഡ ദിനപത്രത്തിന്റെ എഡിറ്ററും ബെംഗളൂരു തിഗളാറപാളയയില്‍ താമസക്കാരനുമായ ഹല്ലെഗരെ ശങ്കറാണ് കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭാര്യയാണെന്ന് ആരോപിച്ചിരിക്കുന്നത്. ശങ്കര്‍ പൊലീസിന് നല്‍കിയ എട്ടുപേജുള്ള പരാതിയില്‍ ഇക്കാര്യം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ശങ്കറിന്റെ ഭാര്യ ഭാരതി (51) മക്കളായ സിഞ്ചന (34) സിന്ധുറാണി (31) മധുസാഗര്‍ (25) എന്നിവരെയും സിന്ധുറാണിയുടെ ഒമ്പത് മാസം പ്രായമുള്ള മകനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞത്.വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സിന്ധുറാണിയുടെ രണ്ടരവയസുള്ള മകളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടി അപകടനില തരണം ചെയ്തതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനിടെയാണ് എല്ലാദുരന്തത്തിനും കാരണം ഭാര്യയാണെന്ന ശങ്കറിന്റെ പരാതിയും പുറത്തുവന്നിരിക്കുന്നത്.

കുടുംബത്തില്‍ അവസാനമില്ലാതെ തുടര്‍ന്നിരുന്ന വഴക്കിന്റെ പ്രധാനകാരണം ഭാര്യ ഭാരതിയാണെന്നാണ് ശങ്കറിന്റെ ആരോപണം. പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിട്ടും ഇവരെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചില്ല. ഇത് മക്കളുടെ ദാമ്പത്യജീവിതം തകരാനിടയാക്കി. വിവാഹത്തിന് ശേഷം പെണ്‍മക്കള്‍ ചെറിയ പരാതികള്‍ പറയുമ്പോള്‍ ഭാര്യ അതെല്ലാം ഏറ്റെടുത്ത് വലിയ പ്രശ്നങ്ങളാക്കി. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം രണ്ട് പെണ്‍മക്കളും ഒന്നരവര്‍ഷമായി തങ്ങളുടെ വീട്ടിലാണ് താമസം.

20 ദിവസം മുമ്പ് സിന്ധുറാണി അമിതമായ അളവില്‍ ഗുളിക കഴിച്ചിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ശ്രീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി. സിഞ്ചനയ്ക്കും ഭര്‍ത്താവുമായി സമാനപ്രശ്നങ്ങളുണ്ടായെന്നും ശങ്കറിന്റെ പരാതിയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച്‌ വരികയാണെന്നാണ് പോലീസിന്റെ പ്രതികരണം. കഴിഞ്ഞ 12ന് ശങ്കറും കുടുംബാംഗങ്ങളും തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായി. കുടുംബത്തിലെ സാമ്പത്തികകാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഭാരതിയായിരുന്നു. പണവും ഇവരാണ് സൂക്ഷിച്ചിരുന്നത്.

തനിക്ക് ആശ്രമം സ്ഥാപിക്കാനായി ശങ്കര്‍ ഭാര്യയോടും മകനോടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാനാവില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതിനുപിന്നാലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ കാതുകുത്തല്‍ ചടങ്ങ് വൈകിക്കുന്നതിനെച്ചൊല്ലി സിന്ധുറാണിയും ഭാരതിയും ശങ്കറിനോട് വഴക്കുണ്ടാക്കി. തര്‍ക്കങ്ങളും വഴക്കും തുടര്‍ന്നതോടെ അന്നേദിവസം താന്‍ വീട് വിട്ടിറങ്ങിയെന്നും പിന്നീട് വെള്ളിയാഴ്ച എത്തിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമാണ് ശങ്കറിന്റെ പ്രതികരണം.

വീട് വിട്ടിറങ്ങിയതിന് പിന്നാലെ മകന്‍ ശങ്കറിനെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് സന്ദേശം അയച്ചത്. എന്നാല്‍ ഇതിനൊന്നും ശങ്കര്‍ മറുപടി നല്‍കിയിരുന്നില്ല. മരിച്ചവരുടെ ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശങ്കറിനെയും മറ്റുബന്ധുക്കളെയും വിശദമായി ചോദ്യംചെയ്യുകയാണ്. യുവതികളുടെ ഭര്‍ത്താക്കന്മാരെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

ശങ്കറിന്റെ മൂന്ന് മക്കളും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. എം.ബി.എ. ബിരുദധാരിയായ സിഞ്ചനയും എന്‍ജിനീയറിംഗ് ബിരുദധാരിയായ സിന്ധുറാണിയും യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുത്തിരുന്നു. ഐ.എ.എസോ ഐ.പി.എസോ നേടണമെന്നായിരുന്നു ഇവരുടെ സ്വപ്നം. ശങ്കറിന്റെ മകന്‍ മധുസാഗറും എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ഒരു ദേശസാത്കൃത ബാങ്കിലാണ് മധുസാഗര്‍ ജോലിചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button