KeralaLatest NewsIndia

തബ്ലീഗില്‍ ചേര്‍ന്നാല്‍ പുണ്യവും ഇഷ്ടംപോലെ പണവും കിട്ടുമെന്ന് പറഞ്ഞു, സ്വര്‍ണക്കട്ടിയുമായി വന്നാലും വേണ്ട- ഭാര്യ

ഐ.എസില്‍ ചേര്‍ന്ന ബാലുശ്ശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനെ കുറിച്ച് ഭാര്യ ഷെറീനയ്ക്ക് കണ്ണീരോടെയും സങ്കടത്തോടെയുമെല്ലാതെ ഒന്നും പറയാനാവുന്നില്ല.

കോഴിക്കോട്: ‘തബ്ലീഗില്‍ ചേര്‍ന്നാല്‍ ദൈവത്തിന്റെ പുണ്യം കിട്ടുമെന്നും ഇഷ്ടം പോലെ പണം കിട്ടുമെന്നൊക്കെയായിരുന്നു എന്നേയും മോനേയും പ്രലോഭിപ്പിക്കാന്‍ വേണ്ടി പ്രജു പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടില്‍ തെണ്ടി നടന്നാലും ഞാന്‍ യഥാര്‍ഥ മുസല്‍മാനായി തന്നെ ജീവിച്ച് മരിക്കുമെന്ന് പറഞ്ഞതോടെ ഞങ്ങളെ ആ വഴിക്ക് കിട്ടില്ലെന്ന് അവന് ബോധ്യമായി. പിന്നെ കയ്യിലുള്ള 5000 രൂപയും കൊണ്ട് ഒരു സുപ്രഭാതത്തില്‍ കാണാതാവുകയായിരുന്നു.

സ്വന്തം ഭാര്യയേയും മകനേയും തെരുവിലേക്ക് തള്ളിവിട്ട് കിടപ്പാടം പോലും വില്‍ക്കേണ്ട അവസ്ഥയിലാക്കി മുങ്ങിയ അവന് ഏത് ദൈവമാണ് സാമാധാനം കൊടുക്കുക. ഉണ്ടാക്കി വെച്ച കടങ്ങളെല്ലാം വീട്ടി അന്തസ്സോടെയാണ് ഈ പണിക്ക് പോയതെങ്കില്‍ പറഞ്ഞുനിക്കാമായിരുന്നു. ഇനി സ്വര്‍ണക്കട്ടിയുമായി അവന്‍ തിരിച്ച് വന്നാലും എനിക്കും മകനും വേണ്ട…’, ഐ.എസില്‍ ചേര്‍ന്ന ബാലുശ്ശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനെ കുറിച്ച് ഭാര്യ ഷെറീനയ്ക്ക് കണ്ണീരോടെയും സങ്കടത്തോടെയുമെല്ലാതെ ഒന്നും പറയാനാവുന്നില്ല.

ഇത്രനാളും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമെന്നും ഒരു നാള്‍ തിരിച്ചുവന്ന് കടംവീട്ടുമെന്നുമൊക്കെയായിരുന്നു കരുതിയത്. പക്ഷെ ഇപ്പോ ഇങ്ങനെയായി. ഞങ്ങള്‍ ഒറ്റപ്പെട്ടുപോയി. അവന്റെ പേരിലുള്ള കൊലക്കേസുമായി ബന്ധപ്പെട്ടുള്ള കേസിന് പോയി കിടപ്പാടം പോലും പണയത്തിന് കൊടുക്കേണ്ട അവസ്ഥയിലായി. കയ്യിലുള്ള 15 പവനും എന്റെ സ്‌കൂട്ടറും പോയി. ആ കിടപ്പാടം കൂടി പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ ആത്മഹത്യയല്ലാതെ മുന്നില്‍ വഴിയൊന്നുമില്ല, ഷെറീന പറയുന്നു.

ബാലുശ്ശേരിയില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് നാടുവിട്ട പ്രജു ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പ്രജുവിന്റെ ഭാര്യയും കുടുംബവും അറിയുന്നത്. കൊലക്കേസ് പ്രതി കൂടിയായ പ്രജു ഒരു സുപ്രഭാതത്തില്‍ നാട് വിടുകയായിരുന്നു.ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അമീന്‍ ആയ പ്രജു, ഷെറീനയെ വിവാഹം കഴിച്ച ശേഷം മകന് നാല് വയസ്സുള്ളപ്പോഴാണ് അപ്രത്യക്ഷനാവുന്നത്.

ഉപ്പയെ കുറിച്ച് മകന്‍ ചോദിക്കുമ്പോഴെല്ലാം ഉപ്പ തീവണ്ടി തട്ടി മരിച്ചുപോയെന്നും അതാണ് കാണാന്‍ കഴിയാത്തതെന്നും പറഞ്ഞ് കൊടുക്കേണ്ട ഗതികേടിലായി പോയി താനെന്നും ഈ നാല്‍പത് വയസ്സുകാരി പറയുന്നു. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി അവന്‍ ഐ.എസ്സില്‍ ചേര്‍ന്നെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ലെന്നും ഷെറീന വെളിപ്പെടുത്തുന്നു. പ്രദേശത്തെ ഫ്ളോര്‍മില്ലില്‍ ദിവസക്കൂലിക്ക് പോയുള്ള തുച്ഛമായ വരുമാനംകൊണ്ടാണ് ഇപ്പോള്‍ ജീവിതം കഴിഞ്ഞുപോകുന്നത്.

രണ്ടര ലക്ഷം രൂപയ്ക്കുവേണ്ടിയാണ് അന്ന് കിടപ്പാടം പണയത്തിന് കൊടുത്തത്. പിന്നീട് ഈട് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചതോടെ ആകെയുള്ള ആറേ മുക്കാല്‍ സെന്റ് പലിശക്കാരന് എഴുതിക്കൊടുക്കുകയായിരുന്നു. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുപത് ലക്ഷം രൂപ വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇരുപത് ലക്ഷം പോയിട്ട് ഇരുപത് രൂപ കൊടുക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും അത് തിരിച്ചുകിട്ടാന്‍ മാത്രം എന്തെങ്കിലും ആരെങ്കിലും ചെയ്തുതരണമെന്നും ഷെറീന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button