ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

‘നേതാക്കൾക്ക് പണി കൊടുക്കണം, എം.പിമാരെ ഹിന്ദിയും ഇംഗ്ലീഷും നന്നായി പഠിപ്പിക്കണം’: കോൺഗ്രസിന് ഒരു ദുരന്തനിവാരണ മാർഗ്ഗരേഖ

തിരുവനന്തപുരം: ‘ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുമ്പോൾ’ എന്ന, മുരളി തുമ്മാരുക്കുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും കോൺഗ്രസ് എന്ന പ്രസ്ഥാനം ശക്തമായി നിലനിൽക്കേണ്ടത് ആ പാർട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് പറയുന്ന അദ്ദേഹം ഇതിനായി കോൺഗ്രസ് ചില കാര്യങ്ങൾ ചെയ്‌താൽ നന്നായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഇടക്കിടെ പ്രസിഡന്റിനെ മാറ്റിയിട്ട് എന്ത് കാര്യമെന്ന് അദ്ദേഹം ചോദിക്കുന്നു. മാറ്റം വരേണ്ടത് പ്രസ്ഥാനത്തിലാണെന്നാണ് മുരളി തുമ്മാരുക്കുടിയുടെ വിശകലനം.

കോൺഗ്രസിനെ ഇപ്പോഴത്തെ വെല്ലുവിളിയിൽ നിന്നും കരകയറ്റാൻ പോന്ന കഴിവും ആത്മാർത്ഥതയും ഉള്ളവരാണ് കെ സുധാകരനും വി ഡി സതീശനും എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളും കോൺഗ്രസിൽ പ്രവർത്തിക്കുന്നവരും ഇവരെ സഹായിക്കുകയാണ് ചെയ്യേണ്ടത് എന്നാണു മുരളി തുമ്മാരുക്കുടിയുടെ അഭിപ്രായം. ഇതിനായി മുരളി ചില നിർദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. നേതാക്കൾക്ക് ചില പണികൾ കൊടുക്കണം എന്നതാണ് അതിൽ പ്രധാനം. കാലാവസ്ഥാവ്യതിയാനം മുതൽ ലിംഗനീതി, ടൂറിസം, പൈതൃകസംരക്ഷണം വരെയുള്ള അനവധി പഴയതും പുതിയതുമായ മേഖലകളിൽ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാൻ ഇവരെ നിയോഗിക്കാം എന്നാണു അദ്ദേഹം പറയുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, എം.പിമാർക്ക് ഇംഗ്ലീഷും ഹിന്ദിയും നന്നായി വഴങ്ങണം എന്നതാണ്. ഇതുണ്ടായാൽ കോൺഗ്രസ് എം. പി. മാർക്ക് തീർച്ചയായും മാധ്യമങ്ങളുടെ ശ്രദ്ധ നേടാൻ സാധിക്കും. മറ്റു സംസ്ഥാനങ്ങളിലും അറിയപ്പെടും. എം. പി. മാരെ പാർലമെന്റിൽ ഉജ്ജ്വല പ്രകടനം നടത്തുന്നവരാക്കി മാറ്റുന്നതെന്നതിൽ നമുക്ക് കൃത്യമായ ഒരു പദ്ധതി വേണം. നന്നായി ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രൊഫഷണലായ പിന്തുണ അവർക്ക് നൽകണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

മുരളി തുമ്മാരുക്കുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ:

എന്റെ ചില നിർദേശങ്ങൾ പറയാം.

1. എന്താ നിങ്ങളുടെ പരിപാടി ?: form, follows, function എന്നത് ആധുനിക മാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വമാണ്. ഇടക്കിടക്ക് നേതൃത്വമാറ്റവും അഴിച്ചു പണിയും ഒക്കെ നടത്തുന്നതിന് മുൻപ് വാസ്തവത്തിൽ കോൺഗ്രസ് വ്യക്തമാക്കേണ്ടത് എന്താണ് അവരുടെ കർമ്മപരിപാടി എന്നതാണ്. നവകേരളത്തെ പറ്റിയുള്ള കോൺഗ്രസ് സങ്കല്പം എന്താണ്? ആരോഗ്യം, ലിംഗനീതി, ഊർജ്ജം, തൊഴിൽ, വിദ്യാഭ്യാസം, ഭൂവിനിയോഗം എന്നിങ്ങനെയുള്ള അനവധി വിഷയങ്ങളിൽ എന്തായിരിക്കും കോൺഗ്രസിന്റെ നയങ്ങൾ. അവ എങ്ങനെയാണ് മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്?

ഓരോ തിരഞ്ഞെടുപ്പിനും മുൻപ് കുറച്ചുപേർ ചേർന്ന് എഴുതിയുണ്ടാക്കുകയും പലപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന പ്രകടന പത്രികക്കപ്പുറം ഭാവി കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രവീക്ഷണം കോൺഗ്രസ് നേതൃത്വം തയ്യാറാക്കണം. ഇത് കോൺഗ്രസ് നേതാക്കളുടെയോ അനുഭാവികളുടെയോ മാത്രം അഭിപ്രായം തേടിയുള്ളതായിരിക്കരുത്. വിഷയങ്ങളിലെ ആഗോള വിദഗ്ദ്ധരുടെ അഭിപ്രായം തേടിയും ലോകത്തിന്റെ പോക്ക് എങ്ങോട്ടെന്ന് മനസിലാക്കിയും കേരളത്തിന് അകത്തും പുറത്തും സൈബർ ലോകത്തും ചർച്ചകൾ നടത്തിയും ക്രോഡീകരിക്കേണ്ട ഒന്നാണിത്. ഇന്ത്യക്ക് മാതൃകയായ ഇപ്പോഴത്തെ ഭരണത്തിൽ നിന്നും കോൺഗ്രസിന്റെ പഴയ കല ഭരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രൂപരേഖ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിൽ ഒരു വർഷത്തിനകം വെക്കാൻ സാധിക്കണം.

2. വേണം ഒരു ഷാഡോ കാബിനറ്റ്: ജനാധിപത്യം ഏറെ പഴക്കമുള്ള ഇംഗ്ലണ്ടിൽ ഷാഡോ കാബിനറ്റ് എന്നൊരു സംവിധാനമുണ്ട്. കാബിനറ്റിൽ ഓരോ വിഷയത്തിനും ഒരു മന്ത്രി ഉള്ളത് പോലെ പ്രതിപക്ഷത്തും ഓരോ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു എം. പി. ഉണ്ടാകും. എല്ലാ മന്ത്രാലയങ്ങളുടെയും നയങ്ങളും പദ്ധതികളും ഇവർ സസൂക്ഷ്മം വീക്ഷിക്കും. പാർലമെന്റിൽ ഒരു വകുപ്പിന്റെ മന്ത്രിയെ ‘പൊരിക്കുന്നതിൽ’ മുന്നിൽ നിൽക്കുന്നത് ഷാഡോ മന്ത്രിയായിരിക്കും. കോൺഗ്രസും ഇത്തരത്തിൽ ഒരു ഷാഡോ കാബിനറ്റ് സംവിധാനമുണ്ടാക്കണം. എല്ലാ നേതാക്കളും എല്ലാ വിഷയങ്ങളെയും പറ്റി പഠിച്ചും പഠിക്കാതെയും അഭിപ്രായം പറയുന്നത് നിർത്തി കുറച്ച് വിവേചനബുദ്ധി കാണിക്കാം.

3. പരിശീലിപ്പിക്കപ്പെട്ട നേതൃത്വം: കാര്യമായി പാർട്ടി ക്‌ളാസ്സുകളും നേതൃത്വ പരിശീലനവും ഒന്നുമില്ലാഞ്ഞിട്ടും കാന്പസുകളിലെ അടിയും തടയും പഠിച്ചു വരുന്ന കോൺഗ്രസിന്റെ യുവനേതൃത്വം അസംബ്ലിയിലും പുറത്തുമൊക്കെ നടത്തുന്ന പ്രസംഗങ്ങൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കോൺഗ്രസിലെ യുവനിരക്ക് ദീർഘദൃഷ്ടിയോടെ വേണ്ടത്ര പരിശീലനം നൽകിയാൽ എത്ര നന്നായി അവർ ശോഭിക്കുമെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ലോകമെന്പാടുമുള്ള മലയാളികളുടെയും കോൺഗസ് അനുഭാവികളുടെയും സഹായത്തോടെ പുതിയ തലമുറയിലെ നേതാക്കൾക്ക് മികച്ച തരത്തിലുള്ള പരിശീലനമാണ് നൽകേണ്ടത്.

Also Read:സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയിലെ എ.സി അഴിച്ചുകൊണ്ടുപോയി കനയ്യ കുമാർ

അടിസ്ഥാനമായ നേതൃശീലങ്ങൾ (Decisiveness. Integrity, team playing, mentoring, problem solving, reliability)

മാറുന്ന ലോകം: സാങ്കേതികവിദ്യകൾ, സന്പദ്‌വ്യവസ്ഥ, സമൂഹക്രമം.
ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാഴ്ച മുതൽ മൂന്നു മാസം വരെയുള്ള വിവിധ വിഷയങ്ങളിലെ പരിശീലനം.
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒരു മാസമെങ്കിലും താമസിച്ച് അവിടുത്തെ രാഷ്ട്രീയവും സംസ്ക്കാരവും മനസിലാക്കാനുള്ള അവസരം.

4. നേതാക്കൾക്ക് പണി കൊടുക്കണം: കേരളത്തിലെ കോൺഗ്രസിൽ രണ്ടും മൂന്നും വർക്കിങ് പ്രസിഡന്റുമാർക്കും ജംബോ കമ്മറ്റികളും ഒക്കെ വരുന്പോൾ നമ്മളെല്ലാം ചിരിക്കാറുണ്ട്. പക്ഷെ, ഇവരിൽ ഓരോ നേതാക്കളെയും അടുത്തറിയുന്പോൾ അവർ ഇരിക്കുന്ന സ്ഥാനത്തിന് തീർച്ചയായും അർഹരാണ് എന്ന് നമുക്ക് മനസിലാകും. തലമുറകളായി നിലനിൽക്കുന്നതും ഏറെ നാൾ ഭരണം ലഭിച്ചിട്ടുള്ളതുമായ പാർട്ടികൾക്ക് മാത്രം സാധിക്കുന്ന കാര്യമാണിത്. എന്നാൽ കോൺഗ്രസിന്റെ പ്രധാന പ്രശ്നം നേതാക്കൾ ഇല്ലാത്തതല്ല, അവർക്കെല്ലാം വേണ്ടത്ര ജോലി വീതിച്ചു നല്കാനില്ല എന്നതാണെന്ന് എനിക്ക് പുറമെ നിന്ന് നോക്കുന്പോൾ തോന്നുന്നു.

ഭരണമുള്ളപ്പോൾ അധികാരത്തിന്റെ അനവധി തലങ്ങളിൽ അവരെ നിയോഗിക്കാം. പക്ഷെ, ഭരണമില്ലാത്ത കാലത്ത് എങ്ങനെയാണ് നേതൃത്വ ഗുണമുള്ളവരെ നിയോഗിക്കുന്നത്? ഇതിന് അനവധി സാധ്യതകളുണ്ട്. കാലാവസ്ഥാവ്യതിയാനം മുതൽ ലിംഗനീതി, ടൂറിസം, പൈതൃകസംരക്ഷണം വരെയുള്ള അനവധി പഴയതും പുതിയതുമായ മേഖലകളിൽ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാൻ ഇവരെ നിയോഗിക്കാം. ഇതിനെക്കുറിച്ചു മാത്രം വേണമെങ്കിൽ ഒരു ലേഖനം എഴുതാം എന്നതിനാൽ തല്ക്കാലം വിസ്തരിക്കുന്നില്ല.

Also Read:സ്​റ്റാഫ്​​ സെലക്​ഷന്‍ കമീഷന്‍: വിവിധ തസ്​തികകളില്‍ 3261 ഒഴിവുകള്‍, അപേക്ഷകൾ ക്ഷണിച്ചു

5. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വം: മൂന്ന് വർക്കിങ് പ്രസിഡന്റുമാരും, 14 ജില്ലാ പ്രസിഡന്റുമാരും, ജംബോ കമ്മിറ്റിയും ഉണ്ടായിട്ടും സ്ത്രീകളെ നേതൃത്വത്തിൽ കാണണമെങ്കിൽ ഭൂതക്കണ്ണാടി വേണം എന്ന സ്ഥിതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു പാർട്ടിക്കും ഭൂഷണമല്ല. പ്രത്യേകിച്ചും ഒരു നൂറ്റാണ്ട് മുന്നേ വനിതാ പ്രസിഡന്റുണ്ടായിരുന്ന, കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയെ നൽകിയ, രണ്ടു പതിറ്റാണ്ടെങ്കിലുമായി പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരാൻ ശ്രമിച്ച പാർട്ടിക്ക്. നാളത്തെ കോൺഗ്രസ് വ്യത്യസ്തമാണെന്ന് കോൺഗ്രസ് അംഗങ്ങൾക്കും പൊതുസമൂഹത്തിനും ഉറപ്പ് വരണമെങ്കിൽ 2030 ആകുന്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാതിനിധ്യവും എല്ലാ ലിംഗത്തിലുള്ളവർക്കും വേണ്ടത്ര പ്രാതിനിധ്യവും നൽകുന്ന ഒരു നേതൃത്വം ഉണ്ടാകുമെന്ന് ഇപ്പോൾ തന്നെ പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി കെ. എസ്. യു. വിൽ അൻപത് ശതമാനവും യൂത്ത് കോൺഗ്രസിൽ മൂന്നിലൊന്നും മറ്റ് പോഷകസംഘടനകളിൽ നാലിലൊന്നും എങ്കിലും സ്ത്രീപ്രാതിനിധ്യം അടുത്ത തിരഞ്ഞെടുപ്പിന് മുൻപേ ഉറപ്പാക്കുക. അങ്ങനെ മാറ്റം വരുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മറ്റു പാർട്ടികളേക്കാൾ മുന്നേ നടക്കുക.

6. പാർലമെന്റിൽ തിളങ്ങണം : “അരേ മുരളിസാബ്, നിങ്ങളുടെ കേരളത്തിൽ നിന്നും ഒരു കോൺഗ്രസ് എം. പി. യുണ്ടല്ലോ. ആൾ പാർലമെന്റിൽ നല്ല പ്രകടനമാണ്.” ഐ. ഐ. ടി. യിലെ പ്രൊഫസറും ഉത്തർപ്രദേശുകാരനും ബി. ജെ. പി. അനുഭാവിയുമായ എന്റെ സുഹൃത്തിന്റെ വാക്കുകളാണ്.

“ശശി തരൂർ ആയിരിക്കും.” ഞാൻ പറഞ്ഞു. “അരേ… നഹീ സാബ്, ഇത് മുണ്ടുടുത്ത് വരുന്ന ഒരാളാണ്.” ഞാൻ പല പേരും പറഞ്ഞുനോക്കിയെങ്കിലും ആൾ സമ്മതിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചിട്ടു പറഞ്ഞു, “വോ പ്രേമചന്ദ്രൻ സാബ് ഹേ.”

Also Read:പ്രമുഖ ചലച്ചിത്ര -സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

കേരളത്തിൽ കോൺഗ്രസ് പൊതുവെ ക്ഷീണത്തിലാണെങ്കിലും ഒരു ഡസനിലേറെ പേർ പാർലമെന്റിലുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് പ്രതിപക്ഷത്തുമാണ്. രാഷ്ട്രീയത്തിൽ തിളങ്ങാനും കത്തിക്കയറാനും ഇതിലും നല്ല അവസരമില്ല. നന്നായി ഗൃഹപാഠം ചെയ്ത് കൃത്യമായി ഇടപെട്ടാൽ കോൺഗ്രസ് എം. പി. മാർക്ക് തീർച്ചയായും മാധ്യമങ്ങളുടെ ശ്രദ്ധ നേടാൻ സാധിക്കും. മറ്റു സംസ്ഥാനങ്ങളിലും അറിയപ്പെടും. ഭാവിയിലേക്ക് അത് വലിയൊരു മുതൽക്കൂട്ടാണ്. നമ്മുടെ എം. പി. മാരെ പാർലമെന്റിൽ ഉജ്ജ്വല പ്രകടനം നടത്തുന്നവരാക്കി മാറ്റുന്നതെന്നതിൽ നമുക്ക് കൃത്യമായ ഒരു പദ്ധതി വേണം. നന്നായി ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രൊഫഷണലായ പിന്തുണ അവർക്ക് നൽകണം. അവർക്ക് വിഷയങ്ങൾ ഗവേഷണം ചെയ്ത് അവതരിപ്പിക്കാൻ യുവാക്കളായ പ്രൊഫഷണലുകളുടെ ഒരു സംഘം കൂടെ വേണം. അമേരിക്കയിലെ സെനറ്റർമാർക്കൊക്കെ ഇത്തരത്തിൽ ഒരു ഗ്രൂപ്പ് ഉണ്ട്. ഈ ഗ്രൂപ്പിൽ ഉള്ള യുവാക്കൾക്ക് രാഷ്ട്രീയം അടുത്ത് കാണാനും വ്യക്തിബന്ധങ്ങൾ ഉണ്ടാക്കാനുമൊക്കെയുള്ള അവസരമാണ് സെനറ്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്നത്. ഇതൊക്കെ നമുക്കും ആവാം.

7. പാർലമെന്ററി വ്യാമോഹങ്ങൾക്ക് അപ്പുറം: ഇന്ത്യയിലെ രാഷ്ട്രീയം ഒരു കരിയർ എന്ന നിലയിൽ വലിയ സാഹസമാണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് ഒരു എം. എൽ. എ. യോ എം. പി. യോ ആയെങ്കിൽ മാത്രമാണ് രാഷ്ട്രീയത്തിൽ എന്തെങ്കിലും ആയെന്ന് നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെടുന്നത് തന്നെ. കേരളത്തിൽ 270 ലക്ഷം വോട്ടർമാരും വെറും ഇരുപത് എം. പി. മാരുമാണുള്ളത്. അതായത് ശരാശരി 13.5 ലക്ഷം ആളുകൾക്ക് ഒരു എം. പി.യും രണ്ടു ലക്ഷം പേർക്ക് ഒരു എം. എൽ. എ യും എന്ന നിലയിൽ.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന കാനഡയിലും ജനാധിപത്യത്തിന്റെ ഈറ്റില്ലമായ യു. കെ. യിലുമൊക്കെ ഒരു പാർലിമെന്റ് നിയോജകമണ്ഡലത്തിൽ ഒരു ലക്ഷത്തിൽ താഴെ വോട്ടർമാരേയുള്ളു. അതായത് ആളോഹരി നോക്കിയാൽ കേരളത്തിൽ എം. എൽ. എ. ആകുന്നത് ബ്രിട്ടനിൽ എം. പി. ആകുന്നതിനേക്കാൾ എളുപ്പമുള്ള കാര്യമാണ്.

Also Read:‘പണംകൊടുത്തു വാങ്ങിയ പുരസ്കാരപ്പിഞ്ഞാണം, ശശിമഹാരാജാവിന്റെ തീവ്രത പരിശോധിച്ച യന്ത്രം, കിറ്റിന് ഉപയോഗിച്ച സഞ്ചി’

അനവധി നേതാക്കൾ ഉണ്ടാകുകയും പാർലമെന്ററി സ്ഥാനങ്ങൾ കുറഞ്ഞുവരികയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഒരേ നേതാക്കൾ തന്നെ അസംബ്ലിയിലും പാർലമെന്റിലും സ്ഥാനമാനങ്ങൾ കൈയാളുന്നത് ഒരു പാർട്ടിക്കും ഭൂഷണമല്ല. മികച്ച ജനാധിപത്യ ഭാവിയിൽ ആഗ്രഹവും പ്രതീക്ഷയുമുള്ള ആളുകളെ മടുപ്പിക്കാനോ മറുകണ്ടം ചാടിക്കാനോ അത് മതി.

തുടർച്ചയായി ജനങ്ങൾ ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്നു എന്നത് ജനപ്രതിനിധിയുടെ കാര്യത്തിൽ ഒരു തെറ്റല്ല. എന്നാൽ പാർട്ടിയുടെ ശോഭനമായ ഭാവി ചിന്തിക്കുന്ന നേതൃത്വം രണ്ടു തവണയിൽ കൂടുതൽ പാർലമെന്ററി സ്ഥാനം വഹിച്ച നേതാക്കളോട് അടുത്ത വട്ടം മാറിനിൽക്കാൻ പറയുന്നതും പരമാവധി ഒരു രാഷ്ട്രീയ കരിയറിൽ നാലുവട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന് നിജപ്പെടുത്തുന്നതും പാർട്ടിയുടെ ഭാവിക്ക് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

8. മെന്റർമാരുടെ ലോകം: ആധുനിക സിംഗപ്പൂരിനെ നിർമ്മിച്ചെടുത്ത ലി ക്വാൻ യൂ എന്ന നേതാവ് അദ്ദേഹത്തിന്റെ അവസാനകാലത്ത് പ്രധാനമന്ത്രി പദത്തിൽ നിന്നും മാറി സീനിയർ മന്ത്രി എന്ന പേരിൽ ഒരു മെന്ററായി മാറി. അധികാരത്തിൽ സ്ഥിരമായിരിക്കുന്നവരെ അതിൽ നിന്നും മാറ്റി അവരുടെ അറിവുകളും അനുഭവങ്ങളും രാഷ്ട്ര നന്മക്കും ലോകനന്മക്കും വേണ്ടി ഉപയോഗിക്കാൻ 2007 ൽ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ The Elders എന്ന സംഘടന ഉണ്ടാക്കി. രാഷ്ട്രീയത്തിലും രാഷ്ട്ര നിർമ്മാണത്തിലും സജീവ താല്പര്യമെടുക്കുകയും എന്നാൽ അധികാര രാഷ്ട്രീയത്തിൽ നിന്നും മാറിനിന്ന് പുതിയ നേതാക്കൾക്ക് അവസരവും മാർഗനിർദേശവും നൽകുന്ന ഒരു ഗ്രൂപ്പാണിത്.

Also Read:‘മായാവിയുടെ മാന്ത്രിക വടി, ലുട്ടാപ്പിയുടെ കുന്തം, നബിയുടെ ഉച്ചിയിലെ ആറ് മുടി’: മോൻസനെ പരിഹസിച്ച് വൈറലാകുന്ന പോസ്റ്റ്

കേരളത്തിലും എഴുപത് വയസ് കഴിഞ്ഞ നേതാക്കൾ ഇത്തരത്തിലുള്ള രീതി പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. കോൺഗ്രസിന്‌ ഇതിന് മുൻകൈ എടുക്കാം. ഇപ്പോഴത്തെ മുതിർന്ന നേതാക്കളെയും പ്രസ്ഥാനത്തിന് വേണ്ടി ആയുഷ്ക്കാലം മുഴുവൻ പ്രവർത്തിച്ചവരെയും തള്ളിപ്പുറത്താക്കുകയോ അധികപ്പറ്റായി കാണിക്കുകയോ അല്ല വേണ്ടത്. അവരുടെ അറിവും അനുഭവങ്ങളും പാർട്ടിയുടെ വളർച്ചക്കായി ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സീനിയർ നേതാക്കളെ അവരവരുടെ ജില്ലകളിലേക്ക് പുനർവിന്യസിക്കണം. അവിടെ പാർട്ടിയുടെ പുതിയ നേതാക്കളെ നയിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനും, പാർട്ടി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് മുതൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി വരെയുള്ളവയുടെ കാര്യക്ഷമമായ നടത്തിപ്പിനും അവർക്ക് ധാരാളം നിർദേശങ്ങൾ നൽകാൻ സാധിക്കും.

ഇതൊക്കെയാണ് കോൺഗ്രസ് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ എന്റെ സ്വപ്‍നം. ദുരന്തനിവാരണ രംഗത്തുള്ള ഒരാളുടെ നിർദേശമായും ഇതിനെ പരിഗണിക്കാം. ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നായിരിക്കും നിങ്ങളിൽ കൂടുതൽ പേരും ചിന്തിക്കുന്നത്. എന്നാൽ നമ്മൾ സ്വപ്നം കാണുന്നതാണ് നാം എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. കാത്തിരുന്നു കാണാം.

shortlink

Related Articles

Post Your Comments


Back to top button