KeralaLatest NewsNews

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങൾ; അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കുടുംബശ്രീ

തിരുവനന്തപുരം: വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്.

ഇതിനായി 10 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളിൽ പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യും. മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ പദ്ധതി വിശദീകരണം നടത്തി.
നിലവിൽ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വർഷം ഓരോ ഭവനത്തിലും പോഷകോദ്യാനങ്ങൾ സജ്ജീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരമാണ് ഓരോ വാർഡുകളിലും പോഷകോദ്യാനങ്ങളുടെ രൂപീകരണം.

Read Also: അനിത പുല്ലയിൽ, മോൺസൺ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ : അതിത്ര പുലിവാലാകുമെന്നാര് കരുതിയെന്നു ശ്രീലേഖ

പോഷക സമൃദ്ധമായ കാർഷിക വിളകളായ തക്കാളി, പാവൽ, ചീര, മത്തൻ, മല്ലി, പുതിന വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാർഡനിൽ കൃഷി ചെയ്യുക. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നു സെന്റിൽ ജൈവരീതിയിൽ കൃഷി ചെയ്യണം.

ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഓരോ വാർഡിലും 50 കുടുംബങ്ങളെ വീതം തെരഞ്ഞെടുത്ത് ഒരു ക്ലസ്റ്റർ ആയി രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളും ഉണ്ടാകും. കൃഷി ചെയ്യുന്നതിനുള്ള വിത്തും പരിശീലനവും നൽകുന്നത് കുടുംബശ്രീയാണ്. കാർഷിക മേഖലയിലെ പരിശീലകരായ ജീവ, മാസ്റ്റർ കർഷകർ എന്നിവരുടെ നേതൃത്വത്തിൽ നിലമൊരുക്കൽ, വിത്തിടൽ, വളപ്രയോഗം, വിളപരിപാലനം എന്നിവയിൽ പരിശീലനം ലഭ്യമാക്കും. ഓരോ മാസവും ക്ലസ്റ്റർ ലെവൽ മീറ്റിംഗ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇതിനായി പഞ്ചായത്തുതലത്തിൽ ജനപ്രധിനിധികളെ ഉൾപ്പെടുത്തി സംഘാടക മോണിറ്ററിംഗ് സമിതികളുടെ രൂപീകരണം ഊർജിതമായിട്ടുണ്ട്. ഗാർഹികാവശ്യങ്ങൾക്കായി മാറ്റി വച്ചതിനു ശേഷം അധികമായി വരുന്ന കാർഷികോൽപന്നങ്ങൾ കുടുംബശ്രീ നാട്ടുചന്തകൾ, കൃഷി ഭവൻ വഴിയുള്ള വിപണന കേന്ദ്രങ്ങൾ എന്നിവ വഴി വിറ്റഴിക്കുന്നതിനുള്ള ഇടപെടലുകൾ സി.ഡി.എസ് തലത്തിൽ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ സംസ്ഥാനത്തൊട്ടാകെ നടന്നു വരികയാണ്.

Read Also: മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: ദിവസങ്ങൾക്കകം മടങ്ങിയെത്തിയ ഭാര്യയെ വേണ്ടെന്ന് ഭർത്താവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button