ThiruvananthapuramKeralaLatest NewsNews

പാട്ടത്തിനു നൽകിയ ഭൂമി ഉപയോഗിച്ചില്ല: പാലക്കാട്ടെ 226 ഏക്കർ ഭൂമി തിരിച്ചെടുക്കാനൊരുങ്ങി കിൻഫ്ര

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കിൻഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയ ഭൂമിയിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കറാണ് തിരികെ ഏറ്റെടുക്കുന്നത്.

സേവന നികുതിയായ 2.13 കോടി രൂപയും ഭൂമി അനുവദിച്ചതു മുതല്‍ ലീസ് പ്രീമിയം അടയ്ക്കുന്നതിന്റെ കാലതാമസത്തിനുള്ള പലിശ ചേര്‍ത്തുള്ള 7.07 കോടി രൂപയും ഇളവു ചെയ്ത് ലീസ് പ്രീമിയം തുകയും 10 ശതമാനം വാര്‍ഷിക പലിശയും ഉള്‍പ്പെടെ 27.59 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

മറ്റ്‌ തീരുമാനങ്ങൾ:

കൂടാതെ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ കാലാവധി 28.09.2021 മുതല്‍ ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കും. സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങിനിടെ അപകടമരണം സംഭവിച്ച എറണാകുളം, പെരുമ്പാവൂര്‍, കണ്ണമ്പിള്ളി സുന്ദരി അറുമുഖത്തിന്റെ മകന്‍ ജ്യോതിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിന് 14 ജില്ലകളില്‍ ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. 93 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ പ്രൊജക്ട് ഹെഡ് (ഐടി), പ്രൊജക്ട് ഹെഡ് (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) എന്നീ തസ്തികകളും അനുവദിക്കും.

കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി തമിഴ്‌നാട് കേഡറില്‍നിന്ന് സ്വയം വിരമിച്ച സന്തോഷ് ബാബുവിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഹോസ്ദുര്‍ഗ് താലൂക്കില്‍ ചീമേനി ഗ്രാമപഞ്ചായത്തിന് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് ഒരു ഹെക്ടര്‍ ഭൂമി നല്‍കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള പ്ലാന്റിങ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആര്‍ ഒന്നിന് 100 രൂപ എന്ന സൗജന്യ നിരക്കില്‍ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേക്കു നിബന്ധനകളോടെയാണു നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button