KeralaLatest NewsIndia

തട്ടിക്കൊണ്ടുപോയ പെൺമക്കളെ വിട്ടുകിട്ടാൻ പോലീസ് 5 ലക്ഷം ചോദിച്ച സംഭവം : ഒത്തുതീർപ്പിന് അണിയറയിൽ തിരക്കിട്ട നീക്കം

പ്രതിയെയും പെൺകുട്ടിയെയും തീവണ്ടിയിൽ ഒരേ ബോഗിയിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പോലീസുകാർ പെൺകുട്ടിക്ക് ഇത്തരത്തിൽ ഉപദേശം നൽകിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

കൊച്ചി: കേസന്വേഷണത്തിനു മാത്രമല്ല, ചില സന്ദർഭങ്ങളിൽ വിവാഹദല്ലാളാകാനും എറണാകുളം നോർത്ത് പോലീസ് തയ്യാറാണ്. അഞ്ചുമക്കൾക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തിലാണ് പോലീസിന്റെ ഒത്തുതീർപ്പുനീക്കം നടത്തുന്നത്. കേസിൽ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ ആൾക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംചെയ്തുകൊടുക്കാൻ എസ്‌ഐ ആവശ്യപ്പെട്ടു എന്നുമായിരുന്നു പരാതി.

അതേസമയം ആരോപണ വിധേയനായ എഎസ്ഐക്കു സ്ഥലം മാറ്റം നൽകി മുഖം രക്ഷിക്കാനൊരുങ്ങുകയാണ് പോലീസ്. നോർത്ത് സ്റ്റേഷൻ എഎസ്ഐ വിനോദ് കൃഷ്ണയെയാണ് എആർ ക്യാംപിലേക്കു മാറ്റിയത്. പ്രതിയെയും പെൺകുട്ടിയെയും തീവണ്ടിയിൽ ഒരേ ബോഗിയിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പോലീസുകാർ പെൺകുട്ടിക്ക് ഇത്തരത്തിൽ ഉപദേശം നൽകിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. പെൺകുട്ടിയോട്, മെഡിക്കൽ പരിശോധനയിൽ ആറാഴ്ച ഗർഭിണിയാണെന്നും പരിഹാരമായി ബലാത്സംഗം ചെയ്തയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും പറഞ്ഞതായാണ് ആരോപണം. ഫൈസാനും സുബൈറുമാണ് പ്രതികൾ.

പ്രതിയുടെ പിതാവ് ഒട്ടേറെത്തവണ ഫോണിൽ ബന്ധപ്പെട്ടതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇയാൾക്ക് ഫോൺനമ്പർ നൽകിയത് പോലീസാണെന്നും ഇവർ ആരോപിച്ചു. അതേസമയം പൊലീസ് ചിൽഡ്രൻസ് ഹോമിലാക്കിയ പെൺമക്കളെ കാണാൻ മാതാവിനു കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. മക്കളെ നേരിൽ കാണാൻ അനുവദിക്കുന്നില്ലെന്നും വിഡിയോ കോൾ വഴി മാത്രമാണ് ഒരു തവണ കാണാൻ അനുവദിച്ചതെന്നും മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. അരമണിക്കൂറോളം മക്കളോടുസംസാരിച്ചെന്നും വീട്ടിലേക്കു വരണമെന്ന് മക്കൾ പറഞ്ഞെന്നും അമ്മ പറഞ്ഞു.

സഹോദരങ്ങളുടെപേരിൽ കേസുള്ള കാര്യവും പെൺകുട്ടികൾക്ക് അറിയില്ല. സംഭവത്തിൽ അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. കേരള പോലീസിനെ വിശ്വാസമുണ്ടെങ്കിലും എറണാകുളം നോർത്ത് പോലീസിനെ വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ.യെയോ മറ്റേതെങ്കിലും ഏജൻസിയെയോ അന്വേഷണം ഏൽപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തെളിവുകൾ പോലീസിനു കൈമാറാനും കുടുംബത്തിന് ഭയമുണ്ട്. മകളുടെ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു.

ഇത് പരിശോധിച്ചാൽ സത്യം പുറത്തുകൊണ്ടുവരാനാകുമെന്നാണ് മാതാവ് പറയുന്നത്. സംഭവം വിവാദമായതോടെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകിയിരുന്നു. 25ന് കേസ് കോടതി പരിഗണിക്കും. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും‍ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button