Latest NewsKeralaNews

ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം: വീണാ ജോർജ്

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘സംസ്ഥാനം ഇപ്പോഴും കോവിഡിൽ നിന്നും പൂർണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ വകഭേദം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവർത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന്’ മന്ത്രി അഭ്യർത്ഥിച്ചു.

Read Also: മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗവും മര്‍ദ്ദനവും: പ്രതി പിടിയില്‍

‘പുറത്ത് നിന്ന് വരുന്നവർ ക്യാമ്പിലെ അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. ക്യാമ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്താൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പ്രായമായവരേയും കുട്ടികളേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്യാമ്പുകളോടുമനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തണമെന്ന്’ മന്ത്രി പറഞ്ഞു.

‘പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുത്. ക്യാമ്പിലാർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെ മാറ്റി പാർപ്പിക്കുന്നതാണ്. ക്യാമ്പിലെത്തി ഒരാൾ പോസിറ്റീവായാൽ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുടുംബാംഗങ്ങൾ പ്രത്യേകം ക്വാറന്റൈനിൽ കഴിയണം. ക്യാമ്പുകളിലുള്ള എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. മാസ്‌ക് ഈ സമയത്ത് വളരെയേറെ സംരക്ഷണം നൽകും. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. കൈ വൃത്തിയാക്കാതെ ഒരു കാരണവശാലും വായ്, മൂക്ക്, കണ്ണ് എന്നിവയിൽ സ്പർശിക്കാൻ പാടില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് മാറ്റി കൂട്ടത്തോടെയിരുന്ന് കഴിക്കരുത്. പല പ്രാവശ്യമായി അകലത്തിലിരുന്ന് ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് പതപ്പിച്ച് കഴുകിയ ശേഷം ഉപയോഗിക്കുക. കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗികൾ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവർ അടുത്ത് ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കുക. ഇവരുമായി ഇടപഴകുമ്പോൾ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. കുട്ടികൾ കോവിഡ് വാക്സിൻ എടുത്തിട്ടില്ലാത്താതിനാൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. 2 വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. വാക്സിൻ എടുക്കാത്തവർ അധിക ജാഗ്രത പുലർത്തേണ്ടതാണെന്ന്’ മന്ത്രി നിർദ്ദേശിച്ചു.

Read Also: എക്‌സ്‌പോ വിസയിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും: നടപടികൾ ലളിതമാക്കി യുഎഇ

‘ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കും. അവർക്ക് മരുന്നുകൾ മുടങ്ങാതിരിക്കാൻ എത്തിച്ച് നൽകുന്നതാണ്. ഏതെങ്കിലും രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അത് മുടക്കരുത്. എന്തെങ്കിലും ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവർ ക്യാമ്പ് അധികൃതരേയോ ആരോഗ്യ പ്രവർത്തകരേയോ വിവരം അറിയിക്കേണ്ടതാണ്. മാനസിക രോഗ വിദഗ്ധരുടേയും സേവനം ലഭ്യമാണ്. കനിവ് 108 ആംബുലൻസുകളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ മറ്റ് പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്. പകർച്ചവ്യാധിയുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മലിനജലവുമായി സമ്പർക്കമുള്ളവർ ഉറപ്പായും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണെന്ന്’ വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: കേന്ദ്രം കനിയണം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടം, കേന്ദ്രത്തോട് സഹായം തേടുമെന്ന് മന്ത്രി പി പ്രസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button