Latest NewsKeralaNewsIndia

‘ഏകാധിപത്യ ചോരയുടെ രുചി താങ്കളുടെ നാവില്‍ ഊറി നില്‍ക്കുന്നു’: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ.എസ് രാധാകൃഷ്ണൻ

സമകാലീന വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ രംഗത്ത്. ഏകാധിപത്യം രുചിക്കുന്ന മുഖ്യമന്ത്രിക്ക് താന്‍ നിയമത്തിനും മുകളിലാണെന്ന തോന്നലാണുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തില്‍ നിയമസുരക്ഷിതത്വം പിണറായി നിശ്ചയിക്കുന്നവര്‍ക്ക് മാത്രമായി ചുരുങ്ങുന്നുവെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ആദ്ദേഹത്തിന്റെ പ്രതികരണം.

‘മന്ത്രിമാര്‍ക്ക് എല്ലാം തുല്യപദവികളാണെങ്കിലും അങ്ങയുടെ മരുമകന് മറ്റെല്ലാ മന്ത്രിമാരെക്കാളും മുകളിലായി പദവികിട്ടുമ്പോള്‍ അങ്ങയുടെ ഇഷ്ടം തന്നെയാണ് നിയമമായി മാറുന്നത്. അങ്ങയുടെ താത്പര്യം നിയമത്തിനും മുകളിലാണെന്ന് അങ്ങ് തെളിയിച്ചു. നവോത്ഥാന മതില്‍ പണിത മുഖ്യമന്ത്രി തന്റെ മൗനത്തെക്കൊണ്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അനീതിയെ സാധൂകരിക്കുന്നു’, രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.

കെ.എസ് രാധാകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

താന്‍ നിയമത്തിനും മുകളിലാണെന്നു ഒരാള്‍ക്ക് തോന്നലുണ്ടാകുന്നതോടെയാണ് അയാള്‍ ഏകാധിപതിയാകുന്നത്. ചെന്നായ ചോര രുചിക്കുന്നതു പോലെയാണ് ആ തോന്നല്‍. പിണറായി വിജയന്‍ ആ തോന്നലിന്റെ അടിമയായി മാറിയിരിക്കുന്നു. ഈ തോന്നലിന്റെ ആദ്യത്തെ ഇര നിയമവാഴ്ചയാണ്. കേരളത്തില്‍ നിയമസുരക്ഷിതത്വം പിണറായി നിശ്ചയിക്കുന്നവര്‍ക്ക് മാത്രമായി ചുരുങ്ങുന്നു. അനുപമ എന്ന പെണ്‍കുട്ടി അവള്‍ പ്രസവിച്ച കുഞ്ഞിനെ കിട്ടുന്നതിനായി തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നു. അവളെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച കേന്ദ്രകമ്മിറ്റി അംഗമായ ശ്രീമതി ടീച്ചര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു. അനുപമയും ശ്രീമതി ടീച്ചറും പാര്‍ട്ടിക്കാരാണ്. പക്ഷേ, അവര്‍ക്കും ലഭിക്കുന്നില്ല നിയമപരിരക്ഷയും നീതിയും. ഒരാളെ അധിക്ഷേപിക്കാനായി അവന്റെ ജാതി പറയുമ്പോഴാണ് അതു നിയമലംഘനവും അനീതിയുമാകുന്നത്. വലതു കമ്മ്യൂണിസ്റ്റുകാരിയായ ഒരു പെണ്‍കുട്ടിയ്ക്ക് ഇടതു കമ്മ്യൂണിസ്റ്റ് സഖാക്കളില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ ജാത്യാധിക്ഷേപവും മര്‍ദ്ദനവും അവഹേളനവും ഏല്‍ക്കേണ്ടിവരുന്നു. നവോത്ഥാന മതില്‍ പണിത മുഖ്യമന്ത്രി തന്റെ മൗനത്തെക്കൊണ്ട് ഈ അനീതിയെ സാധൂകരിക്കുന്നു.

Also Read:സിപിഐ നേതാക്കൾക്ക് പ്രതികരിക്കാൻ ധൈര്യമില്ല: പാർട്ടി വിടാൻ ആഗ്രഹിക്കുന്നവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ സുധാകരൻ

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പോലീസും പ്രോസിക്യൂഷനും ഒന്നിച്ചു നിന്നു പോരാടി. നിരാലംബര്‍ക്ക് നീതിനിഷേധിക്കപ്പെട്ടു. പോലീസ് മന്ത്രി കൂടിയായ പിണറായി ഈ ഹീനകൃത്യത്തിനും തന്റെ മൗനം കൊണ്ട് റെഡ്‌സല്യൂട്ട് നല്‍കി. അങ്ങയുടെ താത്പര്യം നിയമത്തിനും മുകളിലാണെന്ന് അങ്ങ് തെളിയിച്ചു. പെരിയയില്‍ കൃപേഷിനേയും ശരത്‌ലാലിനേയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കൊന്നു. പ്രതികളെ കണ്ടെത്തി ശിക്ഷിക്കാതിരിക്കാനാണ് പോലീസ് ശ്രമിച്ചത്. മുഖ്യമന്ത്രി അങ്ങ് അറിയാതെയാണ് അങ്ങനെ നടന്നത് എന്ന് വിശ്വസിക്കാന്‍ കഴിയുമോ? അവിടെയും നിയമത്തിന് മുകളില്‍ അങ്ങയുടെ താത്പര്യം തന്നെ സംരക്ഷിക്കപ്പെട്ടു. ശബരിമല നാമജപസമരകാലത്ത് മോണ്‍സണ്‍ കണ്ടെത്തിയ ചെമ്പോലയില്‍ മുഖ്യമന്ത്രീ അങ്ങ് ആഹ്ലാദവാനായിരുന്നു. ആ ചെമ്പോല വ്യാജ നിര്‍മ്മിതിയാണെന്ന് മറ്റാര്‍ക്കും അറിയില്ലായിരുന്നു എങ്കിലും അങ്ങേയ്ക്ക് അറിയാമായിരുന്നു. ഒരു വ്യാജ രേഖ ഉപയോഗിച്ച് അയ്യപ്പനെയും അയ്യപ്പവിശ്വാസികളെയും അങ്ങ് ആവോളം അവഹേളിച്ചു. അവിടെയും നിയമം അങ്ങയുടെ ഇംഗിതത്തിന് അനുസരിച്ച് വഴിമാറി നടന്നു.

Also Read:വനത്തിനുള്ളില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയമെന്ന് പോലീസ്

താനാണ് രാജ്യമെന്നും തന്റെ ഇഷ്ടങ്ങളാണ് നിയമങ്ങള്‍ എന്നും പറഞ്ഞ ലൂയി പതിനാലാമനെ പോലെ മുഖ്യമന്ത്രി പിണറായി വിജയാ, അങ്ങും ഭരണം നിര്‍വഹിക്കുന്നു. മന്ത്രിമാര്‍ക്ക് എല്ലാം തുല്യപദവികളാണെങ്കിലും അങ്ങയുടെ മരുമകന് മറ്റെല്ലാ മന്ത്രിമാരെക്കാളും മുകളിലായി പദവികിട്ടുമ്പോള്‍ അങ്ങയുടെ ഇഷ്ടം തന്നെയാണ് നിയമമായി മാറുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലേറിയാല്‍ ഭരണാധികാരിയാകും സര്‍വ്വാധികാരി. സ്റ്റാലിന്‍ അങ്ങനെയാണ് പാര്‍ട്ടിയെയും ഭരണത്തെയും സോവിയറ്റ് റഷ്യയില്‍ കൈപ്പിടിയില്‍ ഒതുക്കിയത്. എല്ലാ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും സ്റ്റാലിനെ തന്നെ എന്നും അനുകരിച്ചു. സ്റ്റാലിനെ മാറ്റി അധികാരിത്തിലെത്തിയ ക്രൂഷ് ചേവ്, പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്റ്റാലിന്റെ ദുഷ് ചെയ്തികള്‍ അക്കമിട്ട് നിരത്തി പറഞ്ഞു. പോളിറ്റ് ബ്യൂറോയിലുണ്ടായിരുന്ന ക്രൂഷ് ചേവ് എന്തുകൊണ്ട് അക്കാര്യങ്ങള്‍ അന്നു പറഞ്ഞില്ല എന്ന് ഒരു പ്രതിനിധി ചോദിച്ചു. ആ ചോദ്യം ചോദിച്ചതാര് എന്ന് ക്രൂഷ് ചേവ് തിരിച്ചു ചോദിച്ചു. ഭയം കൊണ്ട് ആരും ഒന്നും പറഞ്ഞില്ല.
ഭയം മൂലം, മുഖ്യമന്ത്രി അങ്ങയെ, തല്ലേറെ കൊണ്ടിട്ടും, വലതുകമ്മ്യൂണിസ്റ്റുകാര്‍ പോലും വിമര്‍ശിക്കുന്നില്ല. ഏകാധിപത്യ ചോരയുടെ രുചി അങ്ങയുടെ നാവില്‍ ഊറി നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button