KeralaLatest NewsIndia

എല്ലാം നിയമ പ്രകാരം, കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നു: ദത്തെടുത്ത അമ്മയും അച്ഛനും കുഞ്ഞിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല

നിയമനടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാര്‍ പറഞ്ഞു.

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് സുഖമായിരിക്കുന്നത്. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അദ്ധ്യാപക ദമ്പതിമാര്‍ ദത്തെടുത്ത കുട്ടിയെ വേണമെന്ന ആവശ്യവുമായാണ് പെറ്റമ്മ അനുപമയുടെ സമരം. ‘ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങള്‍ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്’- ദമ്പതിമാര്‍ പറഞ്ഞു.

ഇത്ര വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ല. എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാമെന്ന് ആ അച്ഛനും അമ്മയും പറയുന്നു. നിയമനടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാര്‍ പറഞ്ഞു. അപ്പോഴും മുന്നിലുള്ള വെല്ലുവിളികള്‍ അവര്‍ തിരിച്ചറിയുന്നു. കോടതിയിൽ പെറ്റമ്മയോ പോറ്റമ്മയോ എന്ന വാദമാണ് നടക്കാൻ പോകുന്നത്.

ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നല്‍കുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദത്തെടുത്തവരുടെ വിവരങ്ങള്‍ പരസ്യമാക്കരുത് എന്ന നിയമമുള്ളതിനാല്‍ ദമ്പതിമാരെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാതെയാണ് ഈ വിവരങ്ങള്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ കുഞ്ഞിനെ വിട്ടു നൽകാൻ ഇവർ തയ്യാറാകുമെന്ന സൂചന ഒരിക്കൽ പോലും നൽകിയിട്ടില്ല.

‘നാലു വര്‍ഷമായി. ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു. പിന്നീട് രണ്ടുതവണ ഗര്‍ഭം അലസി. ഇനിയും ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ ഞങ്ങള്‍ നന്നായി നോക്കും. ധാരാളിത്തത്തോടെ വളര്‍ത്തുമെന്നല്ല, ആവശ്യമുള്ളതെല്ലാം നല്‍കി വളര്‍ത്തും. നല്ല വിദ്യാഭ്യാസം നല്‍കാനാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പറ്റുക. അത് ഉറപ്പായും ചെയ്യും. അവന് അഞ്ചു വയസ്സാകുമ്പോള്‍ ഞങ്ങള്‍ വിജയവാഡയിലേക്കു മാറും. പഠനമെല്ലാം അവിടെ നടത്തും. അവിടെ നല്ല സൗകര്യങ്ങളുണ്ട്’ അധ്യാപകൻ പറയുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.

കുട്ടിയെ മാതൃഭൂമി ന്യൂസിലെ അനൂപ് ദാസിനെ അവര്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. നിയമത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ചതിനാല്‍ കുഞ്ഞിനെ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ആ അദ്ധ്യാപകന് ഇപ്പോഴുമുണ്ട്. അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന ഇന്ന് അറിയാം. കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്.

വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന ശേഷമാണ് ഇവർക്കു കുട്ടിയെ ലഭിച്ചത്. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികള്‍ക്കുതന്നെ ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button