KeralaLatest NewsIndia

അറസ്റ്റിലായ തുഷാരയ്‌ക്കെതിരെ മതസ്പർദ്ധയുണ്ടാക്കിയതിനും 7 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിനും കേസെടുത്തു

ആക്രമണത്തിൽ സാരമായി പരുക്കേറ്റ ബിനോജ് ശസ്ത്രക്രിയയ്ക്കു വിധേയനായി ഇപ്പോഴും ചികിത്സയിലാണ്.

കൊച്ചി: പാലാരിവട്ടം അക്ഷയയിൽ തുഷാര (40), ഭർത്താവ് കെ.അജിത് (39), വാഴക്കുളം മേലേത്ത് സുനിൽകുമാർ (29), ഉദയംപേരൂർ കണ്ണേമ്പിള്ളി കെ.ആർ.വിനൂപ് (അപ്പു– 31) എന്നിവരെ കോട്ടയം പൂവരണിയിലെ ഒളിസങ്കേതത്തിൽ നിന്ന് ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനാന്തര ബന്ധമുള്ള പ്രതികൾക്കായി പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പൂവരണിയിൽ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചത്.

വധശ്രമത്തിന് പുറമെ രണ്ടു കേസുകൾ കൂടി തുഷാരയുടെയും കൂട്ടരുടെയും മേൽ പോലീസ് എടുത്തു. വധശ്രമം, മതസ്പർധ വളർത്താൻ ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങൾക്കു 3 കേസുകളാണ് എടുത്തിരിക്കുന്നത്. 2 പേരെ ഞായറാഴ്ച പിടികൂടിയിരുന്നു. നിലംപതിഞ്ഞിമുകളിലെ ഫുഡ്കോർട്ടിൽ കട നടത്തുകയാണെന്ന് അവകാശപ്പെടുന്ന തുഷാരയും കൂട്ടാളികളും ചേർന്നു പാനിപുരി സ്റ്റാൾ പൊളിച്ചപ്പോൾ ചോദ്യം ചെയ്ത റസ്റ്ററന്റ് ഉടമകളായ നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരാണ് ആക്രമണത്തിനിരയായത്.

ഇവരുടെ പരാതിയിലാണ് വധശ്രമക്കേസ്. കടയുടെ മുൻപിൽ നോൺ ഹലാൽ ബോർഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമെന്നു തുഷാരയും സംഘവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു മത സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് രണ്ടാമത്തെ കേസ്. റസ്റ്ററന്റ് ഉടമകളെ ആക്രമിച്ചതിനു ശേഷം കേസ് വഴി തിരിച്ചു വിടാനാണ് നോൺ ഹലാൽ ബോർഡ് സ്ഥാപിച്ചതെന്നു പൊലീസ് കണ്ടെത്തി.

സമീപത്തെ കടകളിൽ നിന്നു തുഷാരയും സംഘവും 7 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചെന്നാണ് മൂന്നാമത്തെ കേസ്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ ബിനോജ് ശസ്ത്രക്രിയയ്ക്കു വിധേയനായി ഇപ്പോഴും ചികിത്സയിലാണ്. തുഷാരയുടെ ഭർത്താവ് അജിത് ചേരാനല്ലൂർ ഇംതിയാസ് വധക്കേസിലുൾപ്പെടെ പ്രതിയാണ്. വിനൂപ് 6 ക്രിമിനൽ കേസുകളിലും പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button