ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം കരുതുന്നത്: തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം കരുതുന്നതെന്ന് തോമസ് ഐസക് ചോദിച്ചു. എണ്ണവിലയുടെ പേരിൽ കേരള സർക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം. വസ്തുതകൾ പണ്ടേ അവർക്ക് അലർജിയാണ്. തങ്ങൾ നിരന്തരം പറയുന്ന നുണകളിൽ പൊതുജനം എപ്പോഴെങ്കിലും വീഴുമെന്ന വ്യാമോഹവുമായി നടക്കുന്നവർക്കു മുന്നിൽ വസ്തുത നിരത്തിയിട്ടെന്തു കാര്യമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.

Also Read:ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ: വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

‘കേന്ദ്രം പെട്രോളിന്റെ നികുതി 9.48 രൂപയിൽ നിന്ന് 32.98 രൂപയായി വർദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 3.56 രൂപയിൽ നിന്ന് 31.83 രൂപയായി വർദ്ധിപ്പിച്ചു. ഏതാണ്ട് 6 ലക്ഷം കോടി രൂപ എൻഡിഎ ഭരണത്തിൽ ജനങ്ങളിൽ നിന്ന് അധികമായി പിഴിഞ്ഞു. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പെട്രോളിനു 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. യുപിയിലുംകൂടി തോറ്റാൽ കുറച്ചു സത്ബുദ്ധി വരാൻ സാധ്യതയുണ്ട്’, തോമസ് ഐസക് വിമർശിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

എണ്ണവിലയുടെ പേരിൽ കേരള സർക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം. വസ്തുതകൾ പണ്ടേ അവർക്ക് അലർജിയാണ്. തങ്ങൾ നിരന്തരം പറയുന്ന നുണകളിൽ പൊതുജനം എപ്പോഴെങ്കിലും വീഴുമെന്ന വ്യാമോഹവുമായി നടക്കുന്നവർക്കു മുന്നിൽ വസ്തുത നിരത്തിയിട്ടെന്തു കാര്യം?

കേന്ദ്രം പെട്രോളിന്റെ നികുതി 9.48 രൂപയിൽ നിന്ന് 32.98 രൂപയായി വർദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 3.56 രൂപയിൽ നിന്ന് 31.83 രൂപയായി വർദ്ധിപ്പിച്ചു. ഏതാണ്ട് 6 ലക്ഷം കോടി രൂപ എൻഡിഎ ഭരണത്തിൽ ജനങ്ങളിൽ നിന്ന് അധികമായി പിഴിഞ്ഞു. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പെട്രോളിനു 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. യുപിയിലുംകൂടി തോറ്റാൽ കുറച്ചു സത്ബുദ്ധി വരാൻ സാധ്യതയുണ്ട്.

ഇതുവരെയും യുഡിഎഫിന്റെ നിരന്തരമായ ഡിമാന്റ് എന്തായിരുന്നു? കേന്ദ്രം നികുതി കൂട്ടിയപ്പോൾ വില വർദ്ധിച്ചു. ആ വിലയുടെ പുറത്താണു സംസ്ഥാനത്തിന്റെ നികുതി വരുന്നത്. സംസ്ഥാനം നികുതി നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിലും വില വർദ്ധനവിന്റെ ഒരു ചെറുവിഹിതം വരുമാനമായി കിട്ടും. ഇതു വേണ്ടെന്നുവയ്ക്കണം. അതിനു കഴിഞ്ഞ സംസ്ഥാന സർക്കാർ മുതൽ നൽകിവന്ന മറുപടി സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്രം നികുതി വർദ്ധിപ്പിക്കേണ്ട. നികുതി നിരക്കു പഴയതിലേയ്ക്കു കുറച്ചോളൂ. സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുന്നൂവെന്നു പറഞ്ഞ് നിരക്ക് ഉയർത്തില്ല. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ കേന്ദ്രം നികുതി കുറച്ചപ്പോൾ പെട്രോളിന് 1.56 രൂപയും ഡീസലിന് 2.30 രൂപയും സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ കുറവുവന്നു.

അപ്പോൾ യുഡിഎഫ് പ്ലേറ്റ് മാറ്റി. അങ്ങനെ കിട്ടിക്കൊണ്ടിരുന്ന അധിക വരുമാനം വേണ്ടെന്നുവച്ചാൽ പോരാ. സംസ്ഥാനത്തിന്റെ നികുതി നിരക്കുതന്നെ ആനുപാതികമായി കുറയ്ക്കണം. അതിനു സംസ്ഥാനം നികുതി വർദ്ധിപ്പിച്ചില്ലല്ലോ. മോദി സർക്കാർ വർദ്ധിപ്പിച്ച നികുതി നിരക്കിന്റെ ഒരു ഭാഗം മാത്രമേ വേണ്ടെന്നുവച്ചിട്ടുള്ളൂ. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത് മോഡി അധികാരത്തിൽ വന്നശേഷം വർദ്ധിപ്പിച്ച നികുതി മുഴുവൻ കുറയ്ക്കണമെന്നാണ്. അതിനാണ് 16-ാം തീയതി ചൊവ്വാഴ്ച കേന്ദ്ര ആഫീസുകൾക്കു മുന്നിൽ സിപിഐ(എം) സമരം.

യുഡിഎഫ് ആവട്ടെ കേന്ദ്രവിരുദ്ധ സമരം ഉപേക്ഷിച്ചു സംസ്ഥാന സംസ്ഥാന സർക്കാരിനുനേരെ തിരിഞ്ഞിരിക്കുകയാണ്. ഇതിൽ അത്ഭുതപ്പെടേണ്ട. പെട്രോൾ വില സംബന്ധിച്ച് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്. കോൺഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാൻ എണ്ണ കമ്പനികൾക്കു സ്വാതന്ത്ര്യം നൽകിയത്. പെട്രോളിനു സബ്സിഡി നൽകാനുള്ള ഓയിൽപൂൾ അക്കൗണ്ട് മാറ്റിവച്ചത്. ബിജെപി ചെയ്തത് ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ അതിന്റെ നേട്ടം തട്ടിയെടുക്കുന്നതിനുവേണ്ടി നികുതി കുത്തനെ വർദ്ധിപ്പിച്ചു. കമ്പോളത്തെപ്പിടിച്ച് ദിനംപ്രതി ആണയിടുന്നവർ നികുതി വർദ്ധിപ്പിച്ച് കമ്പോളത്തിന്റെ പ്രവർത്തനം മരവിപ്പിച്ചു.

യുഡിഎഫ് സർക്കാരും കേരളത്തിൽ ചെയ്തത് ഇതുതന്നെയാണ്. യുഡിഎഫ് സർക്കാരിന്റെ അവസാന ഒരു വർഷക്കാലത്ത് ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അതിന്റെ നേട്ടം കേരളത്തിലെ ജനങ്ങൾക്കു കൊടുക്കാൻ വേണ്ടി തുടർച്ചയായി നികുതി നിരക്ക് കൂട്ടി. 2014 ഓഗസ്റ്റിൽ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറുമാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണദ്ദേഹം. അഞ്ചു ശതമാനത്തിലേറെ നികുതിയാണ് അദ്ദേഹം ആറു മാസം കൊണ്ട് വർദ്ധിപ്പിച്ചത്. സത്യം പറഞ്ഞാൽ ഉമ്മൻചാണ്ടിയിൽ നിന്നാണോ മോദി ക്രൂഡോയിൽ വില കുറയുമ്പോൾ നികുതി വർദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാൻ പഠിച്ചതെന്നു സംശയിക്കേണ്ടിരിക്കുന്നു.

കോവിഡ് ആരംഭത്തിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞു. ഉമ്മൻചാണ്ടി കേരളത്തിൽ ചെയ്ത പോക്കറ്റിടി മോഡി പിടിച്ചുപറിയാക്കി വികസിപ്പിച്ചു. കേന്ദ്ര നികുതി കുത്തനെ ഉയർത്തി ലക്ഷങ്ങൾ കൊയ്തു. കോൺഗ്രസ് സർക്കാരുകളടക്കം ഇന്ത്യയിലെ പല സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന്റെ മാതൃകയിൽ കോവിഡുകാലത്ത് നികുതി ഉയർത്തി. കഴിഞ്ഞ പിണറായി വിജയൻ സർക്കാർ നികുതി വർദ്ധിപ്പിക്കാൻ തയ്യാറായില്ല. യഥാർത്ഥത്തിൽ എൽഡിഎഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിയുടെ 31.8 ശതമാനം നികുതി 30.08 ശതമാനമായി കുറയ്ക്കുകയാണു ചെയ്തത്.

കേരള സർക്കാർ നികുതി കുറയ്ക്കുന്നില്ല എന്നാണ് മഴവിൽ മുന്നണിയുടെ നിലവിളി. കേരള സർക്കാർ നികുതി കൂട്ടിയിട്ടില്ല. അതുകൊണ്ട് കുറയ്ക്കുന്ന പ്രശ്നവുമില്ല. നികുതി വർദ്ധിപ്പിച്ചവരാണ് വർദ്ധനയിൽ നിന്ന് പിന്മാറേണ്ടത്. അതിനുള്ള ബഹുജന സമ്മർദ്ദമുയർത്താൻ കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെയാണ് സമരം ചെയ്യേണ്ടത്.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെയൊക്കെ ചാനലുകളിലെ രോഷപ്രകടനം ഏറ്റവും വലിയ ഹാസ്യപരിപാടിയായി മാറിയിട്ട് കാലമേറെയായി. കേരളം നികുതി കുറച്ചില്ലെങ്കിൽ ഭയങ്കര സമരം നടത്തുമെന്നാണ് വെല്ലുവിളി. ആരാ വെല്ലുവിളിക്കുന്നത് – അമ്പതു രൂപയ്ക്കു പെട്രോളും ഡീസലും കിട്ടുമെന്ന് ഗീർവാണം മുഴക്കി നടന്ന അതേ കക്ഷി. പറയുന്നതുകേട്ടാൽ തോന്നും അമ്പതു രൂപയ്ക്ക് എണ്ണ കിട്ടുന്നതിനുള്ള തടസം കേരളത്തിന്റെ നികുതിയാണെന്ന്. ഏതായാലും കൂട്ടത്തിലേറ്റവും വലിയ തമാശക്കാരനുള്ള അവാർഡ് ഇപ്പോഴും കക്ഷിയ്ക്കു തന്നെ.

മഹാരാഷ്ട്രയും പഞ്ചാബും രാജസ്ഥാനുമടക്കമുള്ള കോൺഗ്രസ് സർക്കാരുകൾ ചെയ്യാത്ത കാര്യം ചെയ്യാൻ കേരളത്തിലെ എൽഡിഎഫിനെ പ്രതിപക്ഷ നേതാവ് നിർബന്ധിച്ചിട്ടു കാര്യമില്ല. നിങ്ങൾ പറയുന്ന നയം നിങ്ങളുടെ പാർടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കി മാതൃക കാണിക്കുക. എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നതാണ് ഭംഗിയും ബുദ്ധിയും.

അതു ചെയ്യാതെ കടുത്ത സമരമെന്നൊക്കെ ഓലപ്പാമ്പു വീശിയാൽ, ആരു പേടിക്കുമെന്നാണ് പ്രതിപക്ഷ നേതാവും കോൺഗ്രസും മഴവിൽ മുന്നണിയും വ്യാമോഹിക്കുന്നത്? ജനങ്ങൾക്ക് കാര്യങ്ങളറിയാം. ഞങ്ങളുടെ നയം ജനങ്ങൾ അംഗീകരിച്ചതാണ്. അതോർമ്മയുണ്ടാകുന്നത് നന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button