ThiruvananthapuramKeralaLatest News

സിപിഎം സമ്മേളന ഹാളില്‍ നാടകീയ രംഗങ്ങൾ: വനിതയുടെ നിലവിളിയും ആത്മഹത്യാ ഭീഷണിയും മൂലം നേതാവിന് സ്ഥാനം തെറിച്ചു

ആരോപണവിധേയനെ പിന്‍വലിച്ച്‌ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഐ.പി.ബിനുവിനെ പാളയം ലോക്കല്‍ സെക്രട്ടറിയാക്കി

തിരുവനന്തപുരം: സിപിഎം പാളയം ലോക്കല്‍ സമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍. ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളില്‍വച്ച്‌ വനിതാ അംഗം പീഡന പരാതി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മറ്റൊരു ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഏരിയ നേതാവിനെ പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ സാന്നിദ്ധ്യത്തിലായിരുന്നു നാടകീയ രംഗങ്ങള്‍.

പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മിറ്റിയാണ് പാളയം. ഇവിടത്തെ മുതിര്‍ന്ന നേതാവിനെതിരെയായിരുന്നു വനിതാ അംഗത്തിന്റെ പീഡന പരാതി. സമ്മേളന ഹാളില്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും എത്തിയതോടെ വനിതാ അംഗം ആരോപണവുമായി രംഗത്തെത്തി. വനിതാ അംഗം നിലവിളിച്ചതോടെ മറ്റ് അംഗങ്ങളും പരിഭ്രാന്തരായി. ആരോപണവിധേയന്‍ സെക്രട്ടറി ആകുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ വനിതാ സഖാവ് പീഡനപരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

തന്റെ പരാതി പാര്‍ട്ടി പരിഗണിക്കുമെന്ന് വിശ്വസിച്ചിരിക്കുമ്പോളാണ് വനിതാ സഖാവിന്റെ പരാതി തള്ളിക്കളഞ്ഞുകൊണ്ട് ആരോപണവിധേയനെ തന്നെ സെക്രട്ടറിയാക്കാന്‍ നേതൃത്വം തീരുമാനിച്ചത്. ഇതിനെതുടര്‍ന്ന് സമ്മേളന ഹാളില്‍ നിലവിളിച്ച വനിതാ സഖാവ് ആരോപണ വിധേയനായ നേതാവിനെ സെക്രട്ടറിയാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഗതി കൈവിട്ടുപോകുമെന്ന് മനസിലായപ്പോള്‍ ആരോപണവിധേയനെ പിന്‍വലിച്ച്‌ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഐ.പി.ബിനുവിനെ പാളയം ലോക്കല്‍ സെക്രട്ടറിയാക്കി തീരുമാനിക്കുകയായിരുന്നു.

മറ്റൊരു ലോക്കല്‍ കമ്മിറ്റിയിലുള്ള ഐപി ബിനുവിനെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് ആടുത്ത സമ്മേളന കാലാവധിക്കുള്ളില്‍ ആരോപണവിധേയനായ മുതിര്‍ന്ന നേതാവിനെ തന്നെ നേതൃത്വത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആരോപണ വിധേയനേയും പരാതിക്കാരിയേയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടുള്ള ചിലരുടെ നീക്കങ്ങളാണ് പീഡന പരാതിക്കു പിന്നിലെന്നും വിലയിരുത്തലുണ്ട്. സമ്മേളന കാലം കഴിഞ്ഞാല്‍ നേതാക്കളില്‍ ചിലര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതോടെ ജില്ലാ സെക്രട്ടറി മുതിര്‍ന്ന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ മുതിര്‍ന്ന നേതാവിന് പകരം മറ്റാരെയും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനാലാണ് ഏരിയ കമ്മിറ്റി ചുമതലക്കാരനും മുന്‍ കൗണ്‍സിലറുമായ ഐ.പി. ബിനുവിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. ആനാവൂര്‍ നാഗപ്പനായിരുന്നു ബിനുവിന്റെ പേര് നിര്‍ദ്ദേശിച്ചത്. ജനറല്‍ ഹോസ്പിറ്റല്‍ ലോക്കല്‍ കമ്മിറ്റിയിലായിരുന്നു ബിനു പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button