
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങള്‍ കര-നാവിക-വ്യോമസേന ശക്തികള്‍ക്ക് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് പ്രതിരോധ സേന മേധാവികള്‍ക്ക് പ്രധാനമന്ത്രി ആയുധങ്ങള്‍ കൈമാറിയത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രധാനമന്ത്രി വ്യോമ സേന മേധാവിക്ക് കൈമാറി. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിലാണ് ഈ ആക്രമണ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്. ഇതോടെ ഇന്ത്യ തദ്ദേശീയ ആക്രമണ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമായി. സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിര്‍മ്മിച്ച ഈ ഹെലികോപ്റ്ററിന് ഒരേ സമയം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നത് സവിശേഷതയാണ്.
ഡിആര്‍ഡിഒ ഡിസൈന്‍ ചെയ്ത് ബിഇഎല്‍ നിര്‍മ്മിച്ച നാവിക കപ്പലുകള്‍ക്കായുളള അഡ്വാന്‍സ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് നാവിക സേനയ്ക്ക് പ്രധാനമന്ത്രി നല്‍കി. ഡിസ്‌റ്റ്രോയര്‍, ഫ്രിഗേറ്റ്‌സ് ഉള്‍പ്പെടെയുള്ള കപ്പലുകളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കും. രാജ്യത്തെ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ നിര്‍മ്മിച്ച ഡ്രോണുകളും യുഎവികളുമാണ് കരസേനയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്.
ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
Post Your Comments