Latest NewsIndia

ഭാര്യയെ നിയമസഭയിൽ അധിക്ഷേപിച്ചു: കരഞ്ഞുകൊണ്ട് നിയമസഭ വിട്ടിറങ്ങി ചന്ദ്രബാബു നായിഡു

താൻ അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരിക്കലും അവർ രാഷ്‌ട്രീയത്തിൽ ഇടപെട്ടിരുന്നില്ല.

ഹൈദരാബാദ്: തന്റെ ഭാര്യയെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വികാരാധീനനായി നിയമസഭ വിട്ടിറങ്ങി മുൻ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. നിയമസഭയുടെ ബാക്കി സെഷനുകളിൽ താൻ പങ്കെടുക്കില്ലെന്നും ഇനി മുഖ്യമന്ത്രിയായി മാത്രമേ സഭയിൽ എത്തുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ഒരിക്കലും രാഷ്‌ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും ജീവിതത്തിന്റെ ഓരോ പടികളിലും തന്നെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും തെലുങ്കുദേശം പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ചന്ദ്രബാബു നായിഡു പിന്നീട് പറഞ്ഞു.

വാർത്താസമ്മേളനത്തിനിടയിലും അദ്ദേഹം മുഖം പൊത്തി പൊട്ടിക്കരഞ്ഞു. നിയമസഭയുടെ ശൈത്യകാല സെഷന്റെ രണ്ടാം ദിനത്തിൽ വനിതാ ശാക്തീകരണത്തെക്കുറിച്ച് നടന്ന ചർച്ചയ്‌ക്കിടെയാണ് ഭരണകക്ഷി അംഗങ്ങളിൽ നിന്ന് മോശം പരാമർശം ഉണ്ടായത്. താൻ അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരിക്കലും അവർ രാഷ്‌ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. പക്ഷെ അവർ(വൈഎസ്ആർ കോൺഗ്രസ്) അവരെ അപമാനിച്ചു. സഭയിലെ സംഭവങ്ങളിൽ സ്പീക്കർ ഒരു കാഴ്ചക്കാരനെപ്പോലെ ആയിരുന്നു. തന്റെ ഭാര്യയുടെ പേര് പരാമർശിച്ചിട്ടും തനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തന്നില്ല.

വൈഎസ്ആർ കോൺഗ്രസ് അംഗം അമ്പാട്ടി റാംബാബുവാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. നേരത്തെ അമ്പാട്ടി റാംബാബുവിന്റെ പ്രസംഗത്തിനിടെ ടിഡിപി അംഗങ്ങൾ സഭ തടസപ്പെടുത്താനും ശ്രമിച്ചിരുന്നു. പുറത്തും അമ്പാട്ടി റാംബുബിനും വൈഎസ്ആർ കോൺഗ്രസിനുമെതിരൈ ടിഡിപി പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. തന്റെ 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ ഇത്രയും വേദന തോന്നുന്ന അനുഭവം ഉണ്ടായിട്ടില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു. നിയമസഭയിൽ പല സംവാദങ്ങൾക്കും താൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പ്രതിപക്ഷത്തെ ഇത്രയും ഇടിച്ചുതാഴ്‌ത്തുന്ന കീഴ് വഴക്കം കണ്ടിട്ടില്ല. ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിച്ച് പാണ്ഡവരെ കൗരവർ അപമാനിച്ചതുപോലെയാണ് നിയമസഭയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button