Latest NewsKeralaIndia

സിപിഎമ്മിന്റെ പ്രതികാരം: ഫസൽ വധക്കേസന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു

വിരമിക്കലിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രിൽ 29-ന് അച്ചടക്ക നടപടിക്കുള്ള മെമ്മോ ലഭിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്നറിയിച്ചായിരുന്നു ആ മെമ്മോ

കണ്ണൂർ: സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അയൽ സംസ്ഥാനത്തെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് സെക്യൂരിറ്റി ഓഫീസറായി അദ്ദേഹം ജോലി നോക്കുന്നത് . നാലര വർഷത്തോളം സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് മാനസികമായും ശാരീരികമായും തന്നെ സംസ്ഥാന സർക്കാർ ഏറെ പീഡിപ്പിച്ചിരുന്നു. ഇതിനെ നിയമപരമായി നേരിട്ടതിന് റിട്ടയർമെന്റും പെൻഷൻ ആനുകൂല്യങ്ങളും നിഷേധിച്ചതിനെതുടർന്ന് കുടുംബംപോറ്റാൻ താൻ പ്രയാസമനുഭവിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഇതോടെ അയൽസംസ്ഥാനത്ത് പ്രവാസ ജീവിതം നയിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ആണ് അദ്ദേഹം സർക്കാരിന്റെ കണ്ണിലെ കരടായത്. ഫസൽവധക്കേസിൽ സത്യസന്ധമായ അന്വേഷണമാണ് അദ്ദേഹം നടത്തിയത്. ഭരണകക്ഷിയുടെ വാദവും ന്യായീകരണവും അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ‘എപ്പോൾ വേണമെങ്കിലും എന്നെ അവർ കൊല്ലും. വിധി അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. അതിനുമുമ്പ് എന്റെ കുട്ടികളെ സുരക്ഷിതരാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.’ കെഎപി അഞ്ചാം ബറ്റാലിയന്റെ കമാൻഡന്റായി വിരമിച്ച കെ. രാധാകൃഷ്ണന്റെ വാക്കുകളാണിത്.

ഒരു ദേശീയ മാദ്ധ്യമമാണ് രാധാകൃഷ്ണന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം തുറന്നുകാട്ടുന്നത്. ഉപജീവനത്തിനായി അയൽസംസ്ഥാനത്തെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ‘ഗവേഷക വിദ്യാർത്ഥിയായ എന്റെ മകൾ അവളുടെ ഹോസ്റ്റൽ ചെലവുകൾക്കും പഠന ആവശ്യത്തിനും വേണ്ടി പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവിൽ സർവീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നു. കേസ് നേരിടാൻ എനിക്ക് എന്റെ കുടുംബ സ്വത്ത് വിൽക്കേണ്ടി വന്നു, വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ എന്റെ വീട് ബാങ്ക് ലേലം ചെയ്തു,’ അദ്ദേഹം പറഞ്ഞു.

സി.പി.എം വിട്ട് എൻ.ഡി.എഫിൽ ചേർന്ന മുഹമ്മദ് ഫസലിനെ 2006 ഒക്‌ടോബർ 22-ന് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുമ്പോൾ രാധാകൃഷ്ണൻ കണ്ണൂരിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഡി.വൈ.എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. കണ്ണൂർ ഡി.ഐ.ജി അനന്തകൃഷ്ണൻ രാധാകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. കൊലപാതകം അന്വേഷിക്കാൻ 20 അംഗ സംഘത്തെയും നിയോഗിച്ചു. .
പ്രദേശത്തെ 300 പേരുടെ ഫോൺകോളുകൾ രാധാകൃഷ്ണൻ പരിശോധിച്ചു.

ഫസൽ കൊല്ലപ്പെട്ട ഒക്ടോബർ 22ന് പുലർച്ചെ 3.45ന് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായിയായ കലേഷ് കാരായി രാജനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. മിനിറ്റുകൾക്കകം സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ഓഫീസ് നമ്പറിൽ നിന്ന് തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോൺകോളുകൾ പോയി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഞാൻ റിപ്പോർട്ട് ചെയ്തു’.

‘രണ്ട് ദിവസത്തിന് ശേഷം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ എന്നെ വീണ്ടും പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് എന്താണ് ഉദ്ദേശമെന്ന് എന്നോട് ചോദിച്ചു. ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന്, എന്റെ ടീം അംഗങ്ങളും എന്നോട് എതിർപ്പിലായി. പത്ത് ദിവസത്തിന് ശേഷം, എന്നെ അന്വേഷണത്തിൽ നിന്ന് മാറ്റി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി’ അദ്ദേഹം പറഞ്ഞു.

ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ നൽകിയ രണ്ട് പ്രധാന സാക്ഷികൾ ദുരൂഹമായി കൊല്ലപ്പെട്ടതായും രാധാകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടു തന്നെ തന്റെ ജീവനും ഭീഷണി ഉണ്ടെന്നു അദ്ദേഹം സംശയിക്കുന്നു.  ബി.ജെ.പി നേതാവായ വത്സരാജനെ ബ്ലേഡ് മാഫിയ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ സി.പി.എമ്മിന്റെ മുൻ ആക്ഷൻ ടീമംഗമായിരുന്ന പഞ്ചാര ഷിനിലിനെ 2007ൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2012ൽ എട്ട് സി.പി.എം പ്രവർത്തകർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ നൽകിയ ഹർജിയെ തുടർന്നാണ് സി.ബി.ഐ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ സുബീഷിനെ മർദ്ദിച്ചു കുറ്റം സമ്മതിപ്പിച്ചതായാണ് ഇപ്പോൾ സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

2006 ഡിസംബർ 15ന് രാധാകൃഷ്ണന് നേരെ വധശ്രമമുണ്ടായി. ഒരു സംഘം പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നട്ടെല്ലിന് തകരാർ സംഭവിച്ച തനിക്ക് സുഖം പ്രാപിക്കാൻ ഒന്നര വർഷം ആശുപത്രിയിൽ കഴിയേണ്ടിവന്നു. സദാചാര വിരുദ്ധത ആരോപിച്ചായിരുന്നു സസ്പെൻഷൻ. പിന്നീട് മൂന്ന് തവണ കൂടി തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് രാധാകൃഷ്ണൻ പറയുന്നു.

2016ൽ രണ്ടാം തവണയും ഐപിഎസ് പദവി ലഭിച്ചതോടെ രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു. തിരിച്ചെടുക്കാൻ നാലര വർഷത്തോളം നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്നു. എട്ട് മാസത്തോളം കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റായി സേവനമനുഷ്ഠിച്ചു. വിരമിക്കലിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രിൽ 29-ന് അച്ചടക്ക നടപടിക്കുള്ള മെമ്മോ ലഭിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്നറിയിച്ചായിരുന്നു ആ മെമ്മോ. അന്ന് വൈകിട്ട് 4.30 ന് പ്രത്യേക ദൂതൻ വഴി ധൃതി പിടിച്ചാണ് മെമ്മോ കൈമാറിയത്. പ്രൊഫഷണൽ പെൻഷനുവേണ്ടിയുള്ള എന്റെ അപേക്ഷ പോലും നിരസിക്കപ്പെട്ടു’ . അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പ്രതികാരത്തിന്റെ ഇരയായ ഒരു ഉദ്യോഗസ്ഥൻ ജീവൻ ഭയന്ന് അയൽസംസ്ഥാനത്ത് ജോലി ചെയ്തു ജീവിക്കുമ്പോൾ യഥാർത്ഥ ഫാസിസം എന്താണെന്ന് മനസിലാകുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button