Latest News

ശബരിമലയില്‍ എത്താനുള്ള പരമ്പരാഗതവഴികള്‍

പരമ്പരാഗതപാതയായി അറിയപ്പെടുന്നത് എരുമേലി വഴിയാണ്

സന്നിധാനം : ശബരിമലയില്‍ എത്താന്‍ എരുമേലി, വണ്ടിപ്പെരിയാര്‍, ചാലക്കയം എന്നിങ്ങനെ പല വഴികളുണ്ട്. എന്നാൽ പരമ്പരാഗതപാതയായി അറിയപ്പെടുന്നത് എരുമേലി വഴിയാണ്. ഈ പാതയിലൂടെയാണ് മഹിഷീനിഗ്രഹത്തിനായി അയ്യപ്പന്‍ പുറപ്പെട്ടത്. ഏറ്റവും ദുര്‍ഘടമായ ഈ വഴിയിലൂടെ ശബരിമലയില്‍ എത്തുന്നതിന് കുന്നുകള്‍ കയറി അറുപത്തിയൊന്നു കിലോമീറ്റര്‍ കാനനപാതയിലൂടെ യാത്ര ചെയ്യണം. എരുമേലി വഴി പുറപ്പെടുന്ന ഭക്തര്‍ക്ക് ശബരിമല എത്തുന്നതിനിടയില്‍ കുറെയേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും.

എരുമേലിയിലെ ധര്‍മ്മശാസ്താവിനെയും വാവരുസ്വാമിയെയും വണങ്ങിയാണ് യാത്ര ആരംഭിക്കുന്നത്. എരുമേലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ കഴിയുമ്പോള്‍ അയ്യപ്പസ്വാമി തന്റെ യാത്രക്കിടയില്‍ വിശ്രമിച്ച പേരൂര്‍ തോട് എന്ന സ്ഥലത്ത് എത്തുന്നു. ശബരിമല കയറ്റത്തിന്റെ തുടക്കം എന്ന നിലയിലും ഈ സ്ഥലം പ്രാധാന്യം അര്‍ഹിക്കുന്നു. ദാനധര്‍മങ്ങള്‍ കൊണ്ട് ഭക്തര്‍ അയ്യപ്പനില്‍ അഭയം തേടുന്ന പതിവും ഉണ്ട്. പേരൂര്‍ തോടിന് അപ്പുറമുള്ള വനം അയ്യപ്പന്റെ പൂങ്കാവനമായാണ് അറിയപ്പെടുന്നത്.

Read Also : തനിച്ച് താമസിക്കുന്ന വ​യോ​ധി​ക​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ സ്വർണവും പ​ണ​വും ക​വ​ര്‍​ന്നു : പ്ര​തി അറസ്റ്റിൽ

പരമ്പരാഗത പാതയിലെ അടുത്ത കേന്ദ്രം പേരൂര്‍തോടിന് പത്ത് കിലോമീറ്റര്‍ അപ്പുറത്തുള്ള കാളകെട്ടിയാണ്. അയ്യപ്പന്‍ മഹിഷിയെ വധിക്കുന്നതിന് സാക്ഷിയായ ഭഗവാന്‍ ശിവന്‍ തന്റെ കാളയെ ഇവിടെ കെട്ടിയതായാണ് വിശ്വസിക്കപ്പെടുന്നത്. തീര്‍ത്ഥാടകര്‍ ഇവിടെത്തെ ക്ഷേത്രത്തില്‍ കര്‍പ്പൂരദീപം തെളിച്ച് പ്രാര്‍ത്ഥിക്കുകയും തേങ്ങയുടയ്ക്കുകയും ചെയ്യുന്നു.

കാളകെട്ടിക്ക് രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് പമ്പയുടെ പോഷകനദിയായ അഴുത. കീഴ്ക്കാം തൂക്കായ അഴുതമല കയറുന്നതിനു മുമ്പ് അഴുതയില്‍ നിന്ന് ഭക്തന്മാര്‍ കല്ലുകള്‍ ശേഖരിക്കുന്നു. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുന്നുകയറ്റം ദുര്‍ഘടമാണ്. അഴുതയുടെ ഉച്ചകോടിയിലാണ് കല്ലിടുംകുന്ന്. ഇവിടെ വച്ച് ഭക്തന്മാര്‍ മഹിഷിയുടെ ശരീരാവശിഷ്ടങ്ങളെ പറപ്പിക്കുന്നതായി സങ്കല്പിച്ച് കല്ലുകള്‍ താഴേക്ക് എറിയുന്നു.

മലകയറി വിജയകരമായി മുകളില്‍ എത്തിയാല്‍ ഇഞ്ചിപ്പാറക്കോട്ട തുടങ്ങി മലയിറക്കമാണ്. ഇഞ്ചിപ്പാറക്കോട്ടയിലെ കോട്ടയില്‍ശാസ്തവ് എന്ന പേരില്‍ അറിയപ്പെടുന്ന ശാസ്താവിന്റെ പ്രതിഷ്ഠയില്‍ ഭക്തര്‍ക്ക് പൂജ നടത്താം. വഴുക്കലുള്ള പാതയിലൂടെയുള്ള ഇറക്കം കരിമലത്തോടില്‍ അവസാനിക്കുന്നു. അതിന് അരുകില്‍ ഇരുവശത്തുമായി അഴുതക്കുന്നും കരിമലക്കുന്നും നിലകൊള്ളുന്നു.

Read Also : ഭ​ര്‍​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച വീട്ടമ്മയ്ക്ക് ടിപ്പര്‍ ഇടിച്ച്‌​ ദാരുണാന്ത്യം

ആനകളുടെ വിഹാരരംഗമാണ് കരിമല. കാട്ടുപോത്തുകള്‍ കരിമല തോട്ടില്‍ വെള്ളം കുടിക്കാന്‍ എത്തുന്നു. മരം കോച്ചുന്ന തണുപ്പില്‍ നിന്ന് രക്ഷനേടാനും മൃഗങ്ങളുടെ ആക്രമണം തടയാനുമായി ഇവിടെ എത്തുന്ന ഭക്തര്‍ തീക്കൂനകള്‍ ഒരുക്കുന്നു. ഏഴു തട്ടുകളുള്ളതാണ് കരിമല. അതിനാല്‍ ഘട്ടങ്ങളായാണ് യാത്ര നടത്തുന്നത്. അഞ്ചു കിലോമീറ്റര്‍ കയറ്റം വളരെ കഠിനമാണ്. സ്വാമിയേ ശരണമയ്യപ്പാ എന്ന് ശരണം വിളിച്ചുകൊണ്ട് ഭക്തര്‍ മല കയറുന്നു. കരിമലയ്ക്കു മുകളിലുള്ള സമതലം ഭക്തര്‍ക്ക് വിശ്രമിക്കാന്‍ പറ്റിയതാണ്. ഒരു കിണറിനുള്ളിലെ കിണറായ നാഴിക്കിണറിലെ കുളിര്‍ജലം മല കയറി തളര്‍ന്ന ഭക്തരുടെ ദാഹവും ക്ഷീണവും അകറ്റുന്നു. ഇവിടെയുള്ള കരിമലന്തന്‍, കൊച്ചുകടുത്ത സ്വാമി, ഭഗവതി എന്നിവരുടെ പ്രതിഷ്ഠകളില്‍ ഭക്തര്‍ക്ക് പൂജ നടത്താവുന്നതാണ്.

വലിയനവട്ടം, ചെറയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് അഞ്ച് കിലോമീറ്റര്‍ കുത്തിറക്കം കഴിഞ്ഞാല്‍ പമ്പാനദിയില്‍ എത്തിച്ചേരും. പന്തളം രാജാവായിരുന്ന രാജശേഖരന്‍ ശിശുവായ അയ്യപ്പനെ പമ്പയില്‍ കണ്ടെത്തി എന്ന വിശ്വാസമാണ് ശബരിമല തീര്‍ത്ഥാടനത്തില്‍ പമ്പയുടെ പ്രാധാന്യം.

ഗംഗയെപ്പോലെ പമ്പാജലവും പാപമുക്തി നല്‍കുന്നതാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. പമ്പാനദിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ശ്രീകോവില്‍ സ്ഥിതിചെയ്യുന്ന സന്നിധാനം. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ശരംകുത്തി എന്നിവയാണ് ഈ വഴിയിലെ പ്രധാന സ്ഥലങ്ങള്‍. ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ലക്ഷ്യത്തിലേക്ക് ധീരമായി മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിലെ മലകയറ്റവും ഇറക്കവും.

shortlink

Related Articles

Post Your Comments


Back to top button