KeralaLatest NewsIndia

രാജ്യത്തെ പ്രധാന ഡാമുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍, ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി

മുല്ലപ്പെരിയാറില്‍ ഒരു വൈദ്യുതി കണക്ഷന്‍ വേണമെങ്കില്‍ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.

രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തില്‍ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിട്ടിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.
ബി.ജെ.ഡി, അണ്ണാ ഡി.എം.കെ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും വോട്ടിനിട്ട് തള്ളി.

മുല്ലപ്പെരിയാറില്‍ ഒരു വൈദ്യുതി കണക്ഷന്‍ വേണമെങ്കില്‍ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി. നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിട്ടി നിര്‍വഹിക്കും. ദേശീയ അതോറിട്ടിക്ക് കീഴില്‍ സംസ്ഥാനതല സമിതികളും ഉണ്ടാകും.

പതിനഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയില്‍ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയില്‍ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്ബതിലധികം അണക്കെട്ടുകള്‍ ഉള്‍പ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകള്‍ ഇനി കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തല്‍ക്കാലം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button