KeralaLatest News

ആലപ്പുഴ കൊലപാതകം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷ സാധ്യത! പൊലീസിന് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്

ജില്ലയിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന പൊലീസിനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. നാളെ ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടക്കുന്നു എന്ന റിപ്പോർട്ടിനിടെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ഉണ്ടാവും.

ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെയും ജാഥ കടന്ന് പോകാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലേയും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ജാഥ കടന്നു പോകുന്ന സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിക്കുകയും സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

പ്രതിഷേധം നടക്കാനിടയുള്ള സ്ഥലങ്ങളുടെ പട്ടികയും ഇന്റലിജന്‍സ് കൈമാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത് സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button