KeralaLatest NewsNews

ക്വട്ടേഷന്‍ സംഘങ്ങളുടെ വേട്ടയ്ക്ക് മാധ്യമങ്ങള്‍ ഒത്താശ പാടി, ശിവശങ്കറിനോട് ചെയ്തത് മനുഷ്യാവകാശ ലംഘനം: ഹരീഷ് വാസുദേവന്‍

ശിവശങ്കറിനെ മാധ്യമങ്ങൾ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്പ്രൊപോർഷനേറ്റായി ആണ്. മറ്റൊരാളും ജീവിതത്തിൽ ഈയളവിൽ മാധ്യമവേട്ട സഹിച്ചു കാണില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസമായിരുന്നു ശിപാര്‍ശ ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയായിരുന്നു തിരിച്ചെടുക്കലിനുള്ള ശിപാര്‍ശ. ശിവശങ്കറിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടും മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയതിനെ കുറിച്ചും പ്രതികരിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“ശിവശങ്കർ IAS” എന്നു തിരഞ്ഞാൽ ഇപ്പോൾ കാണാനും കേൾക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവൻ സർക്കാർ സർവീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുൻപിൽ വരുന്ന മനുഷ്യർക്കും വരാൻ കഴിയാത്ത മനുഷ്യർക്കും കഴിയാവുന്ന സഹായം ചെയ്യാൻ ശ്രമിച്ച ഒരാളുടെ കഥയല്ല, മറിച്ച് സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്. കെട്ടുകഥകളേ തോൽപ്പിക്കുന്ന അതിശയകഥകൾ മെനഞ്ഞു “ഉണ്ടത്രേ” കൾ ചേർത്തു ബ്രെയ്ക്കിങ് ന്യൂസുകൾ ചമച്ച മാധ്യമങ്ങളുടെ ആകെ സംഭാവനയാണ് അത്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ കൊട്ടേഷൻ സംഘങ്ങളായി അധഃപതിച്ചതിൽ അത്ഭുതമില്ല. അവരുടെ വാക്ക് വേദവാക്യമായി വിഴുങ്ങി ബ്രെയ്ക്കിങ് ന്യൂസുകൾ ചമച്ചവരെപ്പറ്റി ആണ് ഓർക്കുന്നത്.

ശിവശങ്കറിനെ മാധ്യമങ്ങൾ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്പ്രൊപോർഷനേറ്റായി ആണ്.
മറ്റൊരാളും ജീവിതത്തിൽ ഈയളവിൽ മാധ്യമവേട്ട സഹിച്ചു കാണില്ല. തെരഞ്ഞെടുപ്പായിരുന്നു എല്ലാവരുടെയും കാരണം, അത് കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസിൽ ഇപ്പോൾ താല്പര്യമില്ലെന്ന് അറിയിച്ചു. കേസുകൾ മാറ്റി.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,542 വാക്‌സിൻ ഡോസുകൾ

സ്വപ്ന സുരേഷിനെ ചട്ടവിരുദ്ധമായി നിയമിച്ചു എന്ന ആക്ഷേപത്തിലാണ് അന്വേഷണവിധേയമായ ആദ്യ സസ്‌പെൻഷൻ. കുറ്റപത്രത്തിനു ശിവശങ്കർ അക്കമിട്ടു മറുപടി നൽകി. രണ്ടുവശവും പരിശോധിച്ചു അതിലെ സത്യാവസ്ഥ പുറത്തു വന്നോ? ഇല്ല, അന്വേഷണം പോലും പൂർത്തിയാക്കിയിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്നു എന്ന കാരണത്തിലാണ് രണ്ടാമത്തെ സസ്‌പെൻഷൻ. അതിനും ശിവശങ്കർ മറുപടി നൽകി. അത് പരിഗണിച്ചു അന്തിമതീരുമാനം വന്നിട്ടില്ല. ഒരു വർഷത്തിലധികം IAS കാരെ സസ്‌പെൻഷനിൽ നിർത്താൻ കേന്ദ്രസർക്കാരിന്റെ അനുവാദം വേണം, എഴുതിനോക്കി, കിട്ടിയില്ല. സസ്‌പെൻഷൻ കാലാവധി തീർന്നു, അതുകൊണ്ട് തിരിച്ചെടുക്കാതെ നിവർത്തിയില്ല, സംസ്ഥാന സർക്കാർ ഇന്ന് ശിവശങ്കർ IAS നെ തിരിച്ചെടുത്തു.

“ശിവശങ്കർ പുണ്യവാളൻ ആണോ, നിങ്ങളും എതിർത്തിട്ടില്ലേ” എന്നു ചോദിച്ചിരുന്നു ചിലർ. പുണ്യവാളനേയല്ല, എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാൾ. ചില സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരെ പോലെ ഫയലിൽ അടയിരിക്കാത്തത് കൊണ്ട്, തെറ്റുകൾ പറ്റിയിട്ടുണ്ട്. സ്പ്രിംഗ്‌ളർ കേസിൽ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ED യുടെയും കസ്റ്റംസിന്റെയും കേസുകൾ കേസിന്റെ വഴിക്ക് നടക്കട്ടെ, അതിന്മേൽ ഇപ്പോഴൊന്നും പറയുന്നില്ല.
സ്പ്രിംഗ്‌ളർ വിഷയത്തിൽ അടക്കം ചിലതിൽ അതിശക്തമായി ഞാൻ ഈ ഉദ്യോഗസ്ഥനെ എതിർത്തിട്ടുണ്ട്, അത് നിലപാടുകളുടെ പേരിൽ. ഇനിയും എതിർക്കും. പക്ഷെ, ചെയ്യാത്ത തെറ്റിനുള്ള വ്യക്തിഹത്യയിലൂടെ അല്ല.

കൊട്ടേഷൻ സംഘങ്ങളുടെ നാലാംകിട വേട്ടയ്ക്ക് മാധ്യമങ്ങൾ ഒത്താശ പാടി. പറ്റാവുന്നത്ര ശക്തമായി ഞാൻ പ്രതിഷേധിച്ചു. അത് ശിവശങ്കറിന് വേണ്ടിയല്ല, എനിക്കും ഇവിടെ ജീവിക്കുന്ന മറ്റു പൗരന്മാർക്കും വേണ്ടി. അതിന്റെ പേരിൽ എനിക്ക് പോകുന്ന ചില ചാനലുകളുടെ സ്‌പേസ് പോട്ടെ എന്നുവെച്ചു. നുണകൾ നിറച്ച വാർത്തകളാൽ ഇയാളെ വേട്ടയാടിയ മാധ്യമങ്ങൾ ഒരുനാൾ മാപ്പ് പറയേണ്ടി വരും, മാനനഷ്ടത്തിന് കേസ് നടത്താൻ ഇങ്ങേര് തീരുമാനിച്ചാൽ മാധ്യമങ്ങൾ നഷ്ടപരിഹാരം നൽകേണ്ടി വരും.

ഏത് മാർക്കറ്റിംഗിന്റെ പ്രഷറിന്റെ പേരിലായാലും ശരി, ശിവശങ്കർ IAS ന്റെ ജീവിതത്തോട് മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇന്നല്ലെങ്കിൽ നാളെ അതിനു വില കൊടുത്തില്ലെങ്കിൽ, പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളിൽ മാത്രം വായിക്കാനുള്ള വാക്കുകളാകും. തലയുയർത്തിപ്പിടിച്ചു പറയും, ഈ കല്ലെറിഞ്ഞവരുടെ കൂട്ടത്തിൽ ഞാനുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button