KeralaLatest News

ജയിലിലടച്ചിരിക്കുന്ന കൊടുംക്രിമിനലുകൾക്ക് കൊല്ലത്തിൽ 300 ദിവസവും പരോൾ നല്കുന്ന ഒരേയൊരു സംസ്ഥാനം: അഞ്ജു പാർവ്വതി

കോട്ടയത്ത് നടന്നത് പോലെങ്ങാനും ഉത്തരേന്ത്യയിൽ നടന്നിരുന്നുവെങ്കിൽ ജോമോനൊക്കെ വെടിയുണ്ടയേറ്റ് അരിപ്പയായി മാറിയേനേ.

അഞ്ജു പാർവ്വതി

ക്രിമിനലുകളുടെയും ഗുണ്ടകളുടെയും നാടായി അധ:പതിച്ചുപ്പോയ ഒരു നാടിനു കല്പിച്ചരുളി നല്കിയിരിക്കുന്ന ടാഗ് ലൈനാണ് God’s own Country എന്നത് . ജയിലിലടച്ചിരിക്കുന്ന കൊടും ക്രിമിനലുകൾക്ക് കൊല്ലത്തിൽ മുന്നൂറ് ദിവസവും പരോൾ നല്കുന്ന ഒരേ ഒരു സംസ്ഥാനം. വെറുപ്പു തോന്നുന്നു ഇവിടുത്തെ നീതിനിയമവ്യവസ്ഥിതിയോട് .

ഒരു തെറ്റും ചെയ്യാത്ത , ഒരു ക്രൈം റിക്കോർഡ്‌സും ഇല്ലാത്ത ഒരു പത്തൊമ്പതുകാരൻ പയ്യനെ വീട്ടിൽ നിന്നും വിളിച്ചുറക്കി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ ഒരു കുപ്രസിദ്ധ ക്രിമിനൽ . അവന്റെ പേരിൽ ലഹരികേസും ക്വട്ടേഷനും ഉൾപ്പെടെ എത്രയോ കേസുകൾ . എന്നിട്ടും അവൻ ലവലേശം ഭയമില്ലാതെ നിർബാധം ക്രൈമുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു. അത് ആരുടെ പിടിപ്പുകേട് ? ഇതോ പ്രബുദ്ധ കേരളത്തിന്റെ നമ്പർ 1 നീതിനിർവ്വഹണം ? ഇതോ ഇരട്ടച്ചങ്കുള്ള സഖാവ് ആഭ്യന്തരം കയ്യാളുന്ന നാടിന്റെ അവസ്ഥ ?

കാപ്പ ചുമത്തി ജില്ലയിൽ നിന്നും കടത്തിയ ഒരു കൊടും ക്രിമിനൽ കോടതി നല്കിയ ഇളവിൽ തിരികെ ജില്ലയിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു പത്തൊമ്പതുകാരനെ അടിച്ചുകൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടുവന്നിടാൻ ധൈര്യം കാണിക്കുന്നുവെങ്കിൽ ഒന്നോർത്തുകൊള്ളുക – ഇവിടുത്തെ നീതി -നിയമസംവിധാനം പൊതുജനത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് ക്രിമിനലുകൾക്ക് വേണ്ടിയുള്ളതാണെന്ന യാഥാർത്ഥ്യം.

ഒൻപതരയ്ക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ മകൻ അർദ്ധരാത്രി കഴിഞ്ഞിട്ടും വരാതിരുന്നപ്പോൾ ജോമോൻ എന്ന ക്രിമിനലിന്റെ പേരു സഹിതം പോലീസിനു നല്കി മകനായി കാത്തിരുന്ന ഒരു അമ്മ നൊമ്പരക്കാഴ്ചയാണ്. ക്രിമിനലിനെ കുറിച്ച് പേരു സഹിതം പറഞ്ഞിട്ടും ആ കുഞ്ഞിനെ കണ്ടുപിടിക്കാൻ എന്തേ നമ്മുടെ നിയമപാലകന്മാർക്ക് കഴിയാതെ പോയി? ഒരു പക്ഷേ ആ അമ്മയ്ക്ക് മണി പവർ ഉണ്ടായിരുന്നുവെങ്കിൽ നഗരത്തിന്റെ നാനാ മൂലകളിലും തപ്പി ആ കുഞ്ഞിനെ കണ്ടുപിടിച്ചേനേ പോലീസ് . പക്ഷേ പരാതി കിട്ടിയിട്ടും അതേ കുറിച്ചന്വേഷിക്കാതെ നേരം വെളുക്കുന്നതുവരെ കാത്തിരിക്കാൻ തോന്നിയ പോലീസ് നിഷ്ക്രിയത്വമാണ് ആ കുഞ്ഞിനെ കൊല്ലിച്ചത്.

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെയെന്നു ഉളുപ്പില്ലാതെ പാടിയ അന്തംകമ്മികളും ആ പാട്ടിനനുസരിച്ച് ഉളുപ്പില്ലാതെ ആടിയ അന്തിണികളും ഒരു കാര്യം അറിയണം. ഒരുപക്ഷേ ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഒരു കൊടും ക്രിമിനൽ ഇവിടുത്തെ നീതിനിർവ്വഹണത്തെ വെല്ലുവിളിച്ച് പോലീസ് സ്റ്റേഷനു മുന്നിൽ നെഞ്ചുംവിരിച്ച് ഒരു മൃതശരീരവുമായി വന്ന് ഞാൻ ഇതാ ഒരുത്തനെ അടിച്ചുകൊന്നുവെന്ന് പറഞ്ഞിട്ടുണ്ടാകുക. പിടിപ്പുകേട് മാത്രം കൈമുതലായിട്ടുളള ഒരു വകുപ്പ് കൈകാര്യം ചെയ്യുന്ന കാരണഭൂതനെ കുറിച്ചാണ് അടിമത്തൊമ്മികൾ ഇവ്വിധം പാടിയത് എന്നതാണ് ഏറ്റവും കോമഡി .

ഉത്തരേന്ത്യയിലൊക്കെ ചങ്കുറപ്പുള്ള മുഖ്യന്മാരും ആഭ്യന്തരവുമുണ്ട്. അവിടെങ്ങാനും കൊടും ക്രിമിനലുകൾ പോലീസ് വെടിവെപ്പിൽ കാഞ്ഞുപോയിയെന്നു കേട്ടാൽ ഇവിടെ മനുഷ്യാവകാശം പ്രസംഗിക്കാൻ കുറേയെണ്ണം ഇറങ്ങും. കോട്ടയത്ത് നടന്നത് പോലെങ്ങാനും അവിടെ നടന്നിരുന്നുവെങ്കിൽ ജോമോനൊക്കെ വെടിയുണ്ടയേറ്റ് അരിപ്പയായി മാറിയേനേ.

കാരണം അവിടെയൊക്കെ ആഭ്യന്തരം കയ്യാളുന്നത് ആണുങ്ങളാണ്. അവർക്ക് ഡബിൾ ചങ്കില്ല. ഒറ്റ ചങ്കേയുള്ളൂ. പക്ഷേ ആ ഉള്ള ഒരു ചങ്കിനുള്ളിൽ ആർക്കുമുന്നിലും മുട്ടുവിറക്കാത്ത ധൈര്യവും തന്റേടവുമുണ്ട്. ഇവിടെയാകട്ടെ തള്ളിമറിക്കാനുള്ള ഇരട്ടചങ്കും പ്രത്യേക ഏക്ഷനും കൈമുതലായിട്ടുളള , മുങ്ങുന്ന കപ്പലിൽ കയറിയിരിക്കുന്ന കപ്പിത്താനുണ്ട്. അതുകൊണ്ട് ക്രിമിനലുകൾ ഇവിടെ അഴിഞ്ഞാടുന്നുണ്ട് നിരന്തരം നിർഭയം നിർബാധം ! Devil’s own Country

shortlink

Related Articles

Post Your Comments

Related Articles


Back to top button