Latest NewsKeralaEntertainment

‘മലയാളത്തിൽ ഏതെങ്കിലും നടിമാർക്ക് ഫാൻസ്‌ അസോസിയേഷൻ ഉണ്ടോ?’ ചോദ്യവുമായി ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ സ്ത്രീ നിർമ്മാതാക്കളുടെ എണ്ണം നോക്കിയാൽ അഞ്ചിൽ കുറവാണ്.

തിരുവനന്തപുരം: മലയാള സിനിമയിൽ പുരുഷാധിപത്യമെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നാൽ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

‘ഹേമ കമ്മീഷൻ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു പോകാൻ. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു. എന്നാൽ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്, അവർ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങൾക്ക് എന്തെങ്കിലും നിവർത്തി ഉണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷൻ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാൽ ഞാൻ പോയി.’

‘ഞാൻ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷൻ സ്ത്രീകൾക്ക് വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത്?തീർച്ചയായും സിനിമയിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ ഈ കമ്മീഷന് കഴിയും എന്നാണ് അവർ നൽകിയ മറുപടി. എന്ത് രീതിയിലുള്ള മാറ്റങ്ങളാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.കാരണം ഇവിടെ സ്ത്രീകൾക്ക് മാർക്കറ്റ് ഇല്ല. പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അതിനാൽ തന്നെ ഇവിടെ മാറ്റം കൊണ്ടുവരുക എന്നത് സാധ്യമല്ല. ‘

‘ഇവിടെ ഏതെങ്കിലും നടിമാർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോ? മഞ്ജു വാര്യർക്ക് ഉണ്ടായേക്കാം. എന്നാൽ മഞ്ജു വാര്യർ ഉണ്ടെങ്കിൽ ഈ സിനിമ ഞങ്ങൾ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റർ ഉടമകൾ ഉണ്ട്? വിരലിൽ എണ്ണാവുന്നവർ ആയിരിക്കും. ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ളതാണ്. അതിനാൽ തന്നെ അടൂർ കമ്മിറ്റി പോലെ അല്ല ഈ റിപ്പോർട്ട്. ഇത് പലരെയും ബാധിക്കും.’ മലയാള സിനിമയിലെ സ്ത്രീ നിർമ്മാതാക്കളുടെ എണ്ണം നോക്കിയാൽ അഞ്ചിൽ കുറവാണ്. എക്സിബിറ്റേഴ്സിൽ വനിതകൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല.’എന്നും അവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button